അരുന്ധതി റോയിയുടെ സമഷ്ടിസ്നേഹഗാഥകൾ ചർച്ച ചെയ്ത് അക്ഷരസന്ധ്യ

0

ഇന്ത്യന്‍ സാംസ്‌കാരിക – സാമൂഹിക രംഗത്ത് ശക്തമായി മുഴങ്ങി കേൾക്കുന്ന പോരാട്ടശബ്ദമായ അരുന്ധതി റോയിയുടെ സ്വാതന്ത്ര്യത്തിന്റെ ഇടിമുഴക്കങ്ങളെ പുണരാൻ പ്രേരിപ്പിക്കുന്ന സ്‌ഫോടനാത്മകമായ എഴുത്തും, രാഷ്ട്രീയവും, പ്രതിഷേധ സ്വരങ്ങളും ചർച്ച ചെയ്ത് നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ പ്രതിമാസ സാഹിത്യ സദസ്സായ അക്ഷരസന്ധ്യ വേറിട്ട അനുഭവമായി.

മാന്‍ ബുക്കര്‍ പുരസ്കാരത്തിനര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയായ അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാൾ തിംങ്ങ്സ് തുടങ്ങി മിനിസ്ട്രി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനെസ്സ് തൊട്ട് ഏറ്റവും പുതിയ പുസ്തകമായ ആസാദിയുടെ രാഷ്ട്രീയം വരെ ചർച്ച ചെയ്ത അക്ഷരസന്ധ്യ എഴുത്തികാരിയുടെ ഗാന്ധിയൻ വായനകളുടെ ശരികളും ശരികേടുകളും പഠനവിധേയമാക്കി.

സാമൂഹികപ്രവര്‍ത്തക കൂടിയായ അരുന്ധതി റോയിയുടെ ഇന്ത്യയിലെ ജനകീയ ഇടപെടലുകളോടെ നടന്ന നിരവധി സമരങ്ങളിലെ ക്രിയാത്മക സാന്നിദ്ധ്യങ്ങളും അക്ഷരസന്ധ്യ അടയാളപ്പെടുത്തി.

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ ഒരാളും, കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാൻ എന്ന പേരിൽ ഗോഡ് ഓഫ് സ്മാൾ തിംങ്ങ്സിനെ ഒരു വിവർത്തന പുസ്തകത്തിനപ്പുറം ഒരു മികച്ച മലയാളം നോവലാക്കി ഉയർത്തുകയും ചെയ്ത പ്രിയ എ.എസ് അക്ഷരസന്ധ്യയുടെ സംവാദ സായാഹ്നത്തിലെ മുഖ്യാതിഥിയായിരുന്നു.

പ്രിയക്ക് ഗോഡ് ഓഫ് സ്മാൾ തിംങ്ങ്സ് സങ്കടങ്ങളുടെ പുസ്തകമായിരുന്നുവെന്നും ആ സങ്കടങ്ങൾ പ്രിയയെ കടപുഴക്കി കൊണ്ടു പോകുന്ന ഘട്ടത്തിലാണ് അവിചാരിതമായി വിവർത്തനമെന്ന കലയിലേക്ക് എത്തിപ്പെട്ടതെന്നും അവർ പറഞ്ഞു.

വിവർത്തനം ചെയ്യുമ്പോഴുണ്ടായ വെല്ലുവിളികളും അനുഭവങ്ങളും അരുന്ധതി റോയ് യുമായുണ്ടായ സംഭാഷണങ്ങളും പ്രിയ പങ്കു വെച്ചു.

കേരളത്തിലെ കോട്ടയത്തിനടുത്തുള്ള അയ്മനം എന്ന മനോഹരമായ ഗ്രാമവും അവിടുത്തെ കഥാപരിസരവും കഥാപാത്രങ്ങളും വിഷയമാവുന്ന ഗോഡ് ഓഫ് സ്മാൾ തിംങ്ങ്സ് മലയാളത്തിന് വഴങ്ങുകയില്ല എന്ന പൊതു ബോധ്യം മലയാള ഭാഷയുടെ ന്യൂനതയായി വിലയിരുത്തപ്പെടും എന്ന തോന്നൽ ശക്തമായപ്പോഴാണ് പ്രിയ വിവർത്തനാരുങ്ങിയതെന്നും അഭിപ്രായപ്പെട്ടു.

അയ്മനം പ്രദേശത്തെ സുറിയാനി ക്രിസ്ത്യനികളുടെ മലയാളമാണ് നോവലിലെ സംഭാഷണ ഭാഷയായി പ്രിയ എ എസ് ഉപയോഗിച്ചിരിക്കുന്നത്.

ഭാഷയിലെ അസാധാരണമായ മേധാവിത്വം കൊണ്ടും ആഖ്യാനകലയിലെ അതിശയകരമായ സാമർത്ഥ്യം കൊണ്ടും നമ്മെ എക്കാലത്തും അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയാണ് അരുന്ധതിയെന്നും ആയിരം നോവലുകൾ എഴുതിയ നോവലിസ്റ്റിൻ്റെ കൃതഹസ്തതയോടെയാണ് അവർ തൻറെ കഥാപാത്രങ്ങളെ നിർമ്മിക്കുന്നതെന്ന് എഴുത്തുകാരനും നിരൂപകനുമായ സജി എബ്രഹാം പറഞ്ഞു.

മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ് എന്ന കൃതി നിരന്തരം നിന്ദിതരായി ദുരന്തങ്ങളിൽപ്പെട്ട് ജീവിക്കുമ്പോഴും ആഴത്തിൽ സ്നേഹിക്കുവാനും, ആനന്ദിക്കുവാനും, സ്വപ്നം കാണാനുമുള്ള മനുഷ്യരിലെ ശേഷിയെ കഠിനമായ ഞെട്ടലോടെ ഓർമ്മപ്പെടുത്തുന്നുവെന്ന് സജി എബ്രഹാം പറഞ്ഞു.

ഈ കൃതി നിരാകരിക്കപ്പെട്ടവരുടെ, അരികുകളിൽ വസിക്കുന്നവരുടെ, ആണിൽ നിന്ന് പെണ്ണിലേക്ക് കൂടുമാറിയവരുടെ, ദുഃഖിതരും പീഡിതരും ആയവരുടെ, അപമാനിക്കപ്പെടുന്നവരുടെ, ഉറുമ്പുകളുടെ, കൃമികളുടെ, ഒട്ടകങ്ങളുടെ, ആഹ്ലാദം തിരതല്ലുന്ന ജീവിതങ്ങളുടെ രസതന്ത്രമാണെന്നും സജി എബ്രഹാം അഭിപ്രായപ്പെട്ടു.

അംബേദ്ക്കർ മുതൽ ഗാന്ധി വരെയുള്ള അരുന്ധതി റോയിയുടെ വായനയിലെ ഇഴപിരിവുകളും, ബുദ്ധിജീവികളെ ജയിലിലടയ്ക്കുമ്പോൾ തളരാതെയുയരുന്ന പ്രതിഷേധസ്വരങ്ങളും, കഥാകഥനത്തിൽ കാവ്യത്തിൻ്റെ അതിപ്രസരവുമെല്ലാം അക്ഷരസന്ധ്യ സ്പർശിച്ചു.

എഴുത്തുകാരി മാനസി, പി എസ് സുമേഷ്, കെ രാജൻ, മിനി മോഹൻ, അജിത് ശങ്കരൻ, ഗിരിജ ഉദയൻ, ഗൗരി അജിത്, രേഖ ഷാജി, മാത്യു തോമസ്സ്, ജ്യോതിർമയി ശങ്കരൻ, ഉഴവൂർ ശശി, ജി വിശ്വനാഥൻ, ഡോ.എ വേണുഗോപാലൻ, എൻ ശ്രീജിത്ത്, രഘു ബാലകൃഷ്ണൻ, രാജശ്രീ മോഹൻ, സി കെ കെ പൊതുവാൾ, ബാലാജി, സുരേഷ് വർമ്മ എന്നിവർ സംസാരിച്ചു.

സമാജം വൈസ് പ്രസിഡണ്ട് രുഗ്മിണി സാഗർ സ്വാഗതം പറഞ്ഞ ചർച്ചയിൽ ലൈബ്രറി കൺവീനർ പ്രദീപ് കുമാർ ആമുഖവും അക്ഷരസന്ധ്യ കൺവീനർ രഞ്ജിത് ടി വി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here