ചുംബന നിരോധന മേഖലയായി പ്രഖ്യാപിച്ച് ബോറിവ്‌ലി ഹൌസിങ്ങ് സൊസൈറ്റി !!

0

മുംബൈയിലെ ബോറിവിലിയിലെ സത്യം ശിവം സുന്ദരം സൊസൈറ്റിയിലെ താമസക്കാരാണ് താമസ സമുച്ചയത്തിന് പുറത്ത് കമിതാക്കളുടെ അതിര് കടന്ന പ്രണയരംഗങ്ങളിൽ പൊറുതി മുട്ടി ചുംബന നിരോധന മേഖലയെന്ന ബോർഡ് സ്ഥാപിച്ച് നിരുത്സാഹപ്പെടുത്തിയത്.

കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ ആരംഭിച്ചതോടെയാണ് ദിവസേന വൈകുന്നേരങ്ങളിൽ കമിതാക്കൾ ബൈക്കുകളിലും കാറുകളിലുമെത്തി പരസ്യമായി പ്രണയം പങ്കിടാൻ തുടങ്ങിയതെന്ന് താമസക്കാർ പറയുന്നു. മറ്റ് പരിഹാരങ്ങളൊന്നും കാണാത്തതിനാലാണ് സൊസൈറ്റിയിലെ താമസക്കാർ ചേർന്ന് ‘ലക്ഷ്മണരേഖ’ വരച്ചത്

” ഞങ്ങൾ ചുംബനങ്ങൾക്ക് എതിരല്ല. എന്നാൽ ഇതൊരു ചുംബന മേഖലയായി കാണാൻ താല്പര്യമില്ല” സത്യം ശിവം സുന്ദരം സൊസൈറ്റിയിലെ താമസക്കാരൻ പറയുന്നു.

താമസ സമുച്ചയത്തിന് മുൻപിൽ നടന്നിരുന്ന പ്രണയ രംഗങ്ങളുടെ വീഡിയോകൾ പകർത്തി പ്രദേശത്തെ കോർപ്പറേറ്ററെ കാണിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ലെന്നാണ് സൊസൈറ്റി ഭരണസമിതിയും പറയുന്നത്.

താമസക്കാർ അവരുടെ ജനാലകൾക്ക് പുറത്ത് ദിവസേന നടക്കുന്ന പ്രണയ ചേഷ്ടകളിൽ മടുത്താണ് ഇത്തരമൊരു നടപടിക്ക് സൊസൈറ്റി തുനിഞ്ഞത്. എന്നാൽ ലോക്ക്ഡൌൺ വന്നതോടെ സ്വൈര്യമായി പ്രണയിക്കാൻ ഇടമില്ലാതെ വന്നതാണ് ഇത്തരം സുരക്ഷിത ഇടങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചതെന്നാണ് കമിതാക്കളുടെ വിശദീകരണം. ഉദ്യാനങ്ങളിലും പൂന്തോട്ടങ്ങളിലും ഇരിക്കുന്നത് അനുവദനീയമല്ല. ഹോട്ടലുകളിൽ നിയന്ത്രണങ്ങൾ. റോഡുകൾ പോലുള്ള തുറസ്സായ സ്ഥലങ്ങൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. റോഡുകൾ പൊതു സ്വത്താണ്, കാര്യങ്ങൾ ഇങ്ങനെ തുടരുകയാണെങ്കിൽ നഗരത്തിൽ പ്രണയിക്കുന്നവരുടെ അവസ്ഥ കഷ്ടമാകുമെന്നാണ് കമിതാക്കളും പരാതിപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here