വിരാർ ബാങ്ക് കൊള്ള; ഓഹരി വിപണിയിലെ നഷ്ടം നികത്താനായിരുന്നെന്ന് മുൻ ബാങ്ക് ജീവനക്കാരൻ

0

വിരാറിൽ ബാങ്ക് മാനേജരെ കൊലപ്പെടുത്തി ബാങ്ക് കൊള്ളയടിച്ച മുൻ ജീവനക്കാരനായ അനിൽ ദുബെ പോലീസിൽ കുറ്റസമ്മതം നടത്തിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. ഓഹരികളിലും ബിസിനസ്സ് സംരംഭങ്ങളിലും സംഭവിച്ച വലിയ നഷ്ടങ്ങൾ നികത്താൻ കണ്ടെത്തിയ വഴിയാണ് താൻ ജോലിചെയ്തിരുന്ന ബാങ്ക് കൊള്ളയടിക്കാനുള്ള പദ്ധതിയെന്നാണ് ദുബെയുടെ മൊഴി. ഒരു മാസമായി കവർച്ച നടത്താനുള്ള ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ദുബെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഓഹരി വിപണിയിലും വിവിധ ബിസിനസ്സ് സംരംഭങ്ങളിലും ദുബെയുടെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ടു.

അങ്ങിനെയാണ് നഷ്ടപ്പെട്ട പണം ചുളുവിൽ കണ്ടെത്താൻ ബാങ്ക് കൊള്ളയടിക്കാൻ ആലോചിക്കുന്നത്. ഒരു ഘട്ടത്തിൽ, താൻ ജോലി ചെയ്യുന്ന ആക്സിസ് ബാങ്ക് കൊള്ളയടിക്കാനായിരുന്നു പദ്ധതിയെന്നും എന്നാൽ എളുപ്പത്തിൽ പിടിക്കപ്പെടുമെന്ന ചിന്തയാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണമെന്നും ദുബെ പോലീസിൽ മൊഴി നൽകി. അങ്ങിനെയാണ് ആദ്യം ജോലി ചെയ്തിരുന്ന ഐ സി ഐ സി ഐ ബാങ്ക് തിരഞ്ഞെടുക്കുന്നത്.

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ക്രൈം വെബ് സീരീസുകളായിരുന്നു മുൻ ബാങ്ക് ജീവനക്കാരന് പ്രചോദനമായത്. ഇത്തരം സീരിയലുകൾ സ്ഥിരമായി കാണാറുള്ള ദുബെ കൊള്ളയടിക്കാനുള്ള ആശയം കടമെടുക്കുന്നതും സീരിയലിൽ നിന്നാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കൊള്ളയടിച്ച ദിവസം ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടിക്കപ്പെട്ട ഇയാളെ പൊതുജനം തല്ലുന്നതിനിടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. ദുബെയുടെ മൊബൈൽ ഫോൺ കണ്ടെത്തിയാൽ ഇയാൾ ഏതൊക്കെ ക്രൈം സീരിയലുകളാണ് കണ്ടിരുന്നതെന്ന് അറിയാൻ കഴിയുമെന്നും പോലീസ് പറയുന്നു.

മാനേജർ യോഗിത ചൗധരി ജോലി കഴിഞ്ഞു ബാങ്ക് അടക്കാൻ തുടങ്ങുമ്പോഴായിരുന്നു ദുബെ ആക്രമിച്ചതും ദാരുണമായി കൊലപ്പെടുത്തിയതും. കൂടെയുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയെയും മാരകമായി പരിക്കേൽപ്പിച്ചിരുന്നു. ബാങ്കിൽ ഈ സമയം രണ്ട് വനിതാ ജീവനക്കാർ മാത്രമാണുള്ളതെന്നും സെക്യൂരിറ്റി ജീവനക്കാരനില്ലെന്നും മുൻകൂട്ടി അറിയാമായിരുന്ന ദുബെ രണ്ട് സ്ത്രീകളെയും കൊല്ലാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ബാങ്കിൽ പ്രവേശിച്ചത്.

ALSO READ : വിരാറിൽ ICICI ബാങ്ക് മാനേജരെ കൊലപ്പെടുത്തി കൊള്ളയടിക്കാൻ ശ്രമം. മുൻ ജീവനക്കാരൻ അറസ്റ്റിൽ

സിസിടിവി ദൃശ്യങ്ങളിൽ അറിയാതിരിക്കാൻ ഇയാൾ അയഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വലിയ മുഖാവരണവും ചെറിയ കഷണ്ടി മറയ്ക്കാൻ കറുത്ത തലപ്പാവും രക്തക്കറ കാണാതിരിക്കാൻ കറുത്ത ടി-ഷർട്ടുമാണ് ധരിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ദുബെയുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നുണ്ടെങ്കിലും, വായ്പ തിരിച്ചടയ്ക്കാൻ പണം ലഭിക്കാത്തതിന്റെ നിരാശയിൽ നിന്നാണ് ഇത്തരമൊരു കുറ്റകൃത്യം ചെയ്തതെന്നാണ് പോലീസ് അനുമാനിക്കുന്നത് .

ഐസിഐസിഐ ബാങ്കിൽ ചേരുന്നതിനുമുമ്പ്, ദുബെ വിരറിലുള്ള ഒരു സ്വകാര്യ ബാങ്കിൽ ജോലി ചെയ്തിരുന്നു. ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ബിസിഎ) പഠിച്ച ദുബെ പത്തു വർഷം മുൻപാണ് ജോലി തേടി മുംബൈയിലെത്തുന്നത്. ഉത്തർപ്രദേശിലെ ജാൻപുർ ജില്ലക്കാരനായ ഇയാളോടൊപ്പം ഭാര്യയും രണ്ട് കുട്ടികളും, അമ്മയുമാണ് നല്ലൊസപ്പാറയിൽ താമസിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here