നിന്‍റെ ഉയരം നിന്‍റെ ഉയര്‍ച്ചയല്ല, നിന്‍റെ പ്രയത്നമാണ് നിന്‍റെ നിലവാരമെന്ന് ഉയരം കൂടിയവരുടെ ഓട്ടോഗ്രാഫുകളില്‍ എഴുതി പിടിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. മെലിഞ്ഞു കഴുക്കോല്‍ പോലുള്ള രൂപം ഇന്ത്യന്‍ നായക സങ്കല്‍പത്തിന്റെ പരിധിക്ക് പുറത്തായിരുന്ന കാലം. ചോക്കലേറ്റ് ഹീറോകള്‍ അരങ്ങു വാണിരുന്ന കാലത്ത് അർപ്പണ ബോധവും ഇച്ഛാശക്തിയും ഉയരത്തോടൊപ്പം ചേർത്ത് വച്ച് അമിതാബ് ബച്ചന്‍ എന്ന നടന്‍ പടവുകള്‍ ഒന്നൊന്നായി കയറാൻ തുടങ്ങിയപ്പോൾ ബോളിവുഡിലെ പല പുരികങ്ങളും ചുളിഞ്ഞിരുന്നു.
ആകാശ വാണി തിരസ്കരിച്ച ശബ്ദം ഇന്ത്യന്‍ സിനിമയുടെ പൌരുഷത്തിന്റെ മുഴക്കമായി മാറിയപ്പോഴേക്കും രാജ്യം കണ്ട എക്കാലത്തേയും വലിയ സൂപ്പര്‍ താരമായി ബിഗ് ബി വളരുകയായിരുന്നു
ആദ്യ കാലങ്ങളിലെ അപമാനങ്ങളിൽ അടി പതറാതെ തന്‍റെ ഊഴവും കാത്തിരുന്ന നടനാണ് അമിതാഭ് ബച്ചൻ. കുതിരയുടെ കഥ പറയുന്ന സിനിമ പിടിക്കുമ്പോള്‍ ഹീറോ ആയി വിളിക്കാമെന്ന് ആക്ഷേപിച്ച നിര്‍മ്മാതാവ് പിന്നീട് കാൾ ഷീറ്റിനായി കാത്തു കിടന്നതും, നായികയായി നടിക്കാന്‍ വിമുഖത കാട്ടിയ നടിമാര്‍ നഷ്ടങ്ങളെയോര്‍ത്തു വിലപിച്ചതും അമിതാഭിന്റെ അഭിനയ ജീവിതത്തിലെ നിറം പിടിപ്പിക്കാത്ത കഥകളാണ്. ആകാശ വാണി തിരസ്കരിച്ച ശബ്ദം ഇന്ത്യന്‍ സിനിമയുടെ പൌരുഷത്തിന്റെ മുഴക്കമായി മാറിയപ്പോഴേക്കും രാജ്യം കണ്ട എക്കാലത്തേയും വലിയ സൂപ്പര്‍ താരമായി ബിഗ് ബി വളരുകയായിരുന്നു.
രേഖയും, പര്‍വീണ്‍ ബാബിയും, ബോഫോര്‍സൂം വിവാദങ്ങളുടെ ഇഷ്ട തോഴന്റെ ആദ്യ കാല അകമ്പടികള്‍ ആയിരുന്നെങ്കില്‍ പിന്നീട് മകന്‍റെ കല്യാണത്തിന് ക്ഷണിക്കപ്പെടാത്തവരുടെ പട്ടിക വരെ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഒരുപക്ഷെ മാധ്യമങ്ങൾ ഇത്രയേറെ പിന്തുടർന്ന മറ്റൊരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ ഉണ്ടാകാനിടയില്ല. എണ്‍പതുകളില്‍ സിനിമാ മാധ്യമ രംഗത്തെ അക്ഷരാർത്ഥത്തിൽ നിയന്ത്രിച്ചിരുന്ന ദേവയാനി ചൌബാല്‍, നിഷി പ്രേം, തുടങ്ങിയവര്‍ ബച്ചൻ എന്ന വാക്ക് പോലും ഒഴിവാക്കി പൂര്‍ണമായി ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടും അതിനെയെല്ലാം അതിജീവിച്ച താരമായിരുന്നു അമിതാഭ് ബച്ചന്‍.
പ്രവര്‍ത്തന മേഖലകളില്‍ ഒന്നാമനാകുക എന്നത് അമിതാഭിന്‍റെ പ്രത്യേകതയാണ്. സിനിമയിലും, മിനി സ്ക്രീനിലും, പരസ്യ മേഖലകളിലും എന്തിനേറെ സമൂഹ മാധ്യമങ്ങളിൽ വരെ ഒരു പോലെ തിളങ്ങുന്ന പ്രതിഭ. അഞ്ചു പതിറ്റാണ്ടോളമായി ഇന്ത്യന്‍ വിനോദ രംഗത്തെ സജീവ സാന്നിധ്യമായി അരങ്ങു വാഴുന്നതിന്റെ രഹസ്യവും മറ്റൊന്നുമല്ലെന്നു ശത്രുഘ്നൻ സിൻഹ വരെ സമ്മതിക്കും.
- പ്രേംലാൽ
ഔട്ട് ആകാത്ത ബച്ചൻ കപൂർ മാജിക് – Movie Review
ഇളയരാജയായി ഗിന്നസ് പക്രു. വാനോളം പ്രതീക്ഷയുമായി മുംബൈ മലയാളി ചിത്രം
‘അല്ല പിന്നെ’ അഭിനേതാക്കൾക്ക് അംഗീകാരം
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
നവി മുംബൈയിൽ നിന്ന് ആദ്യ വിമാനം അടുത്ത വർഷം പറന്നുയരും