നിറം മങ്ങുന്ന ഓണക്കാഴ്ചകൾ

ലേഖകൻ പൂനെ ആസ്ഥാനമായുള്ള ചിഞ്ചുവാഡിലെ വിദ്യാ തിലക് കോളേജ് സ്ഥാപകൻ ഡോ. പ്രകാശ് ദിവാകരൻ, സ്വപ്നങ്ങളെ പിന്തുടർന്ന് തന്റെ ലക്‌ഷ്യം കൈവരിക്കുന്നതിൽ വിജയം കൈ വരിച്ച മാനേജമെന്റ് ഗുരുവാണ്

0

സമ്പന്നതയുടെ പത്തായങ്ങളും ഇല്ലായ്മയുടെ വല്ലങ്ങളും നിറഞ്ഞ് മനുഷ്യരെല്ലാരും ഒരുപോലെയാകുന്ന നിറവിന്റെ പ്രതീകമാണ് ഓണം. ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും മധുരമായ മുഹൂർത്തങ്ങളിലൂടെയാണ് ഓണമെന്ന നന്മയുടെ സഞ്ചാരം.

ആയിരത്താണ്ടുകൾക്കപ്പുറത്തു നിന്ന് ഓർമ്മയുടെ വെളിച്ചം ഓണമായി നമ്മളിലൂടെ കടന്നുപോകുന്നു. ഐതീഹ്യങ്ങളും ചരിത്രരേഖകളും പൗരാണിക സാഹിത്യ കൃതികളും ഓണത്തിന് പിൻബലം നൽകുന്നെങ്കിലും ഓണം സമത്വത്തിന്റെയും നന്മകളുടെയും ഉത്സവമാണ്.

മഹാബലിയുടെ ഐശ്വര്യ പൂർണ്ണമായ ഭരണത്തിൽ അസൂയ തോന്നിയ ദേവൻ മാർക്കു വേണ്ടി വാമനൻ മഹാബലിയെ പാതാളത്തിലേക്കു ചവുട്ടി താഴ്ത്തി. എങ്കിലും ആണ്ടിലൊരിക്കൽ വന്ന് പ്രജകളെ കാണാൻ അനുവാദം കിട്ടി. ഇതാണ് ഓണത്തിന്റെ ഐതീഹ്യമായി തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകരുന്നത്.

ഉള്ളവനും ഇല്ലാത്തവനും വ്യത്യാസങ്ങൾ മറന്ന് സമഭാവനാ സമ്പന്നരാകുന്നതാണ് ഓണത്തിന്റെ പ്രത്യേകത.

ചിങ്ങമാസത്തിലെ അത്തം മുതൽ ഉത്രാടം, തിരുവോണം, അവിട്ടം, ചതയം വരെയുള്ള ദിവസങ്ങളിൽ ആഘോഷപ്പെരുമയാണ് ഓണം പ്രദാനം ചെയ്യുന്നത്. പൂക്കളും തുമ്പികളും നിറങ്ങളും വിന്യസിച്ചു കൊണ്ട് പ്രകൃതിയും ഓണത്തെ വരവേൽക്കാൻ തയ്യാറാകുന്നു. തെളിഞ്ഞ ആകാശവും ഓണനിലാവുമൊക്കെ പ്രകൃതി ഒരുക്കുന്ന ആഘോഷ പശ്ചാത്തലമാണ്. കുട്ടികളും മുതിർന്നവരും ഒരുപോലെ ഏർപ്പെടുന്ന ഒട്ടേറെ നാടൻ ഓണക്കളികളും ഓണക്കോടി വസ്ത്രങ്ങളും ഓണസദ്യയും ഒക്കെയായി പൊടിപൊടിക്കുന്ന അന്തരീക്ഷമാണ് ഓണത്തിന്.



ഓണം അതിന്റേതായ അർത്ഥത്തിൽ ആഘോഷിച്ചിരുന്ന ഒരു ഭൂതകാലത്തിന്റെ ഗൃഹാതുരതയിലായിരിക്കും ഇന്നുള്ള പഴയ തലമുറയിൽ പെട്ടവർ. പുതിയ കാലം ആധുനികതയിലേക്കു പടി കയറിയപ്പോൾ ഓണാഘോഷവും ആധുനികവത്കരിക്കപ്പെട്ടു. വിഭവങ്ങളും സമൃദ്ധിയും വിലയ്ക്കു വാങ്ങുന്ന ഉപഭോക്തൃ ആഘോഷമായി ഓണം മാറ്റപ്പെട്ടു. മാവേലി എന്ന സങ്കല്പത്തിന് കോമാളിയുടെ പരിവേഷം നൽകി.

അണുകുടുംബങ്ങളിലേക്കുള്ള പരിവർത്തനം ഓണത്തെയും ബാധിച്ചു. ഓണസദ്യ ഭക്ഷണശാലകളിൽ നിന്നു വാങ്ങുന്ന ഓണപ്പൊതികളായാലും മതിയെന്നായി. വസന്തകാലത്തിന്റെ നിറച്ചാർത്തുകളായ ഓണപ്പൂക്കൾ അദൃശ്യമായി. ഓണത്തുമ്പികളുടെ പ്രജനന ഭൂമികയായ തൊടികളും തണ്ണീർത്തടങ്ങളും മാലിന്യം കൊണ്ടു നിറഞ്ഞു. ഓണക്കളികൾ കളിച്ചു നടന്ന കുട്ടികളും മുതിർന്നവരും സ്വീകരണമുറിയിലെ ദൃശ്യവിരുന്നുകളിലും മൊബൈലുകളിലും കാഴ്ചക്കാരായി. ഒക്കെ നമ്മൾ തന്നെ വരുത്തിയ മാറ്റമാണ്.ഒരു പക്ഷേ അത് കാലം ആവശ്യപ്പെടുന്ന മാറ്റവുമായിരിക്കാം. അങ്ങനെ നിറം നഷ്ടപ്പെട്ട മങ്ങിയ ഓണക്കാഴ്ചകളാണ് മലയാളികൾക്കു മുന്നിലുള്ളത്.

മാവേലി നാടു വാണ സമൃദ്ധിയുടെ നല്ലകാലം ഐതീഹ്യത്തിലെ പോലെ ഓർമ്മയാകുമ്പോൾ ഇക്കാലത്തിന്റെ നാൾവഴികളിൽ ഓണത്തിന്റെ തനിമയും ഓർമ്മയാകുന്നു.

മാനവികത ഇന്നോളം അറിഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തായ ഭരണ സങ്കല്പത്തിന്റെ സന്ദേശമാണ് മഹാബലി. പ്രകൃതിയും പ്രകൃതി വിഭവങ്ങളും മനുഷ്യനും ചേർന്നാൽ മണ്ണിൽ സ്വർഗ്ഗം സൃഷ്ടിക്കാമെന്ന പരമമായ സത്യത്തിന്റെ നേർക്കാഴ്ചയാണ് ഓണം. നന്മയുടെ ഉറവ വറ്റാത്ത കാലഘട്ടത്തിന്റെ പ്രതീക്ഷയാണ് ഓണം നമുക്ക് പകർന്നു തരുന്നത്.

ഓണത്തിന്റെ പൗരാണികമായ ആചാരങ്ങളിലും ആഘോഷങ്ങളിലും മലയാളികൾ അറിഞ്ഞോ അറിയാതെയോ മങ്ങലേൽപ്പിച്ചെങ്കിലും ഓണത്തിന്റെ പ്രസക്തി എക്കാലവും ഉള്ളിലുണ്ടാകും, ഉണ്ടാകണം. ലോകമെമ്പാടും പടർന്നു പിടിച്ച കൊവിഡ് മഹാമാരിക്കാലത്ത് ഓണമെത്തുമ്പോൾ അത് ഭീതിക്കിടയിലെ ഓണമാകും. വീടുകളിൽ മാത്രം ഒതുങ്ങണമെന്നതായിരിക്കും ഓണസന്ദേശം. വീട്ടിലെ പരിമിതിക്കുള്ളിൽ നിന്നു കൊണ്ടുള്ള ആഘോഷങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ, വൈറസ് ഭീതിയിൽ നിന്നു മുക്തരായി പഴയ ആവേശത്തോടെ, പ്രസരിപ്പോടെ, നിറവോടെ ആഘോഷിക്കാൻ ഓണം മടങ്ങി വരട്ടെ എന്ന്‌ പ്രത്യാശിക്കാം.

ഡോ . പ്രകാശ് ദിവാകരൻ

Dr.Prakash Divakaran, MBA,M.Phil,Ph.D

LEAVE A REPLY

Please enter your comment!
Please enter your name here