മഹാരാഷ്ട്ര സർക്കാർ ആവശ്യപ്പെട്ടാൽ ലോക്കൽ ട്രെയിൻ സേവനം ലഭ്യമാക്കാമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി

0

സംസ്ഥാന സർക്കാർ ഒരു നിർദ്ദേശം സമർപ്പിക്കുകയാണെങ്കിൽ മുംബൈയിലെ എല്ലാ യാത്രക്കാർക്കുമായി ലോക്കൽ ട്രെയിൻ സേവനം പുനരാരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി റൗസാഹേബ് ഡാൻവെ വ്യാഴാഴ്ച പറഞ്ഞു.

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ തുടക്കത്തിലാണ് കഴിഞ്ഞ ഏപ്രിലിൽ വീണ്ടും ലോക്കൽ ട്രെയിൻ സേവനം മുംബൈയിൽ നിർത്തിവച്ചത്. നിലവിൽ സർക്കാർ ജീവനക്കാർക്കും അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവർക്കും മാത്രമേ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവാദമുള്ളൂ.

മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നതിനുള്ള നിർദ്ദേശം റെയിൽവേ മന്ത്രാലയം അംഗീകരിക്കും. എന്നിരുന്നാലും, സംസ്ഥാന സർക്കാരിൽ നിന്ന് ഞങ്ങൾക്ക് ഇതുവരെ അത്തരം ആശയവിനിമയം ലഭിച്ചിട്ടില്ല. പൊതുജനങ്ങൾക്കായി ലോക്കൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിന് റെയിൽവേ ഭരണകൂടം എതിരല്ലെന്നും ഡാൻവെ പറഞ്ഞു.

മുംബൈയിൽ ലോക്കൽ ട്രെയിനുകൾ പുനരാരംഭിക്കണമെന്നാണ് പാസഞ്ചർ അസോസിയേഷനുകളും ആവശ്യപ്പെടുന്നത്. വാക്‌സിൻ സ്വീകരിച്ച യാത്രക്കാരെയെങ്കിലും ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ബിജെപിയും എംഎൻഎസും സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.

വാക്‌സിൻ സ്വീകരിച്ചവരെ മുംബൈ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ ഇതിനായി സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കാൻ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബസുകളിൽ യാത്ര ചെയ്യാൻ എല്ലാവരെയും അനുവദിക്കുമ്പോൾ എന്തുകൊണ്ടാണ് ട്രെയിനിൽ യാത്ര ചെയ്യാൻ അനുവദിക്കാത്തതെന്നാണ് കോടതിയും ചോദിച്ചത്.

മഹാരാഷ്ട്ര സർക്കാർ തിങ്കളാഴ്ച വൈകുന്നേരം മുംബൈ അടക്കം 25 ജില്ലകളിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു, കോവിഡ് പോസിറ്റീവ് നിരക്ക് കുറയുന്ന സാഹചര്യത്തിലായിരുന്നു ഇളവുകൾ നൽകിയത്.

എന്നിരുന്നാലും, ലോക്കൽ ട്രെയിനുകളിൽ മാത്രം ഇത് വരെ ഇളവുകൾ നൽകാതിരുന്നതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നത് ഘട്ടം ഘട്ടമായാണെന്നും മുംബൈ ലോക്കൽ ട്രെയിനുകളിൽ ഇളവുകൾ നൽകുമ്പോൾ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

കോവിഡ് -19 പാൻഡെമിക്കിന് മുമ്പ്, സെൻട്രൽ റെയിൽവേയും വെസ്റ്റേൺ റെയിൽവേയും മൂവായിരത്തിലധികം സബർബൻ ട്രെയിൻ സർവീസുകളിലായി ഒരു ദിവസം 75 ലക്ഷത്തിലധികം പേരാണ് യാത്ര ചെയ്തിരുന്നത്. ലോക്കൽ ട്രയിൻ സേവനം നിർത്തലാക്കിയതോടെ ഇവരിൽ ഭൂരിഭാഗം പേരുടെയും വരുമാനം നിലച്ചു. വലിയൊരു വിഭാഗം മുംബൈയിൽ നിന്നും മടങ്ങി പോകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here