പൊതുവഴിയിൽ തുപ്പരുത്; വലിയ വില കൊടുക്കേണ്ടി വരും !!

0

ഇവിടെ തുപ്പരുത് എന്നൊരു മുന്നറിയിപ്പ് എഴുതിവച്ചിരിക്കുന്നതു കണ്ടാല്‍ അങ്ങനെയൊരു ഉദ്ദേശ്യം ഇല്ലായിരുന്നെങ്കില്‍ക്കൂടി ഉള്‍പ്രേരണ ജനിക്കുന്നവർ നിരവധിയാണ് മുംബൈയിലും. എന്നാലൊന്നു തുപ്പിയേക്കാം എന്നു മനസിലുറപ്പിക്കും. പിഴയില്ല, ശിക്ഷയില്ല, താക്കീതുകളില്ല. ഇന്ത്യയിൽ പൊതുവെ ഇങ്ങിനെയോക്കെതന്നെയായിരുന്നു സ്ഥിതി. എന്നാൽ കൊറോണക്കാലത്ത് ശുചീകരണത്തിന്റെ കാര്യത്തിൽ തീരെ ശ്രദ്ധയില്ലാതിരുന്ന മുംബൈ നഗരത്തിൽ ചില മാറ്റങ്ങള്‍ വന്നത് ശ്രദ്ധേയമാണ്.

പരിസരം നോക്കാതെ വഴിയില്‍ വിശാലമായി തുപ്പിയാൽ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിയമിച്ച ന്യൂയിസന്‍സ് ഡിറ്റക്റ്റര്‍മാർ ഇരുനൂറു രൂപയാണ് പിഴ ഈടാക്കുക. ഇവിടെ തർക്കിച്ചിട്ട് കാര്യമില്ല. ഒന്നുകില്‍ പിഴ അടയ്ക്കണം, അല്ലെങ്കില്‍ തുപ്പിയതു കഴുകിക്കളയാം. ഇതാണ് ബി എം സി യുടെ നിലപാട്.

സ്പിറ്റ് ഇന്‍സ്പെക്റ്റര്‍ എന്നറിയപ്പെടുന്ന ഇവർ പൊതുനിരത്തില്‍ തുപ്പുന്നതും മൂത്രമൊഴിക്കുന്നതുമൊക്കെ തടയാന്‍ മുംബൈയുടെ നിരത്തുകളില്‍ സജീവമായി. നിരത്തിനെ വൃത്തികേടാക്കുന്ന ഒരു കാര്യവും ആവര്‍ത്തിക്കാന്‍ ഇവർ സമ്മതിക്കില്ല .

ഇത്തരം ദുശീലങ്ങള്‍ക്കു പിഴ നല്‍കാന്‍ ആര്‍ക്കും ഇഷ്ടമല്ല. അതാണു പ്രശ്നം. എല്ലാദിവസവും ആരെങ്കിലുമൊക്കെയായി വഴക്കിടേണ്ടി വരുമായിരുന്നുവെങ്കിലും ഏകദേശം 190000 പേരെയെങ്കിലും ഇവർ പിഴയടപ്പിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 9 മാസത്തിനിടയിൽ, പൊതുസ്ഥലങ്ങളിൽ തുപ്പിയതിന് 39,13,100 രൂപ പിഴ ഇനത്തിൽ ഈടാക്കിയെന്ന് ബിഎംസി പറയുന്നു.

പരിസരം വൃത്തികേടാക്കിയാല്‍ പണി പാളുമെന്നു മനസിലായതോടെ പൊതു നിരത്തുകളിൽ മുറുക്കി തുപ്പുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി മുനിസിപ്പൽ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.

ഇപ്പോൾ പരിസരം വൃത്തിയായി കിടക്കണമെന്ന് പിടിവാശിയുള്ള മുംബൈ വാസികൾ പലപ്പോഴും ദൈവങ്ങളെയാണ് കൂട്ടുപിടിച്ചിരുന്നത്. തുപ്പുവാൻ പ്രേരണ നൽകുന്ന സ്ഥലങ്ങളിൽ ദൈവങ്ങളുടെ ഫോട്ടോകൾ ഉള്ള ടൈലുകൾ സ്ഥാപിച്ചാണ് ഇത്തരം ദുശീലങ്ങളെ പരോക്ഷമായെങ്കിലും ഇവർ ചെറുത്തു കൊണ്ടിരിക്കുന്നത്. ഇവർക്കെല്ലാം ആശ്വാസം പകരുന്നതാണ് ബിഎംസിയുടെ കടുപ്പിച്ച നിലപാട്

LEAVE A REPLY

Please enter your comment!
Please enter your name here