മുംബൈ ലോക്കൽ ട്രെയിൻ സേവനം; തീരുമാനം രണ്ടു ദിവസത്തിനകം

0

മുംബൈയിൽ രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നഗരവാസികൾക്ക് ലോക്കൽ ട്രെയിൻ യാത്ര അനുവദിക്കണമെന്ന ആവശ്യം ശക്തി പ്രാപിച്ചിരിക്കയാണ്. വിഷയത്തിൽ കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതിയുടെ ഇടപെടലും സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ഇതോടെ ഉടനെയൊരു തീരുമാനമെടുക്കാനുള്ള സൂചനയാണ് കഴിഞ്ഞ ദിവസം മന്ത്രി ആദിത്യ താക്കറെ നൽകിയത്.

ലോക്കൽ ട്രെയിൻ യാത്രയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്ന തീരുമാനം രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിലുണ്ടാകുമെന്നാണ് ആദിത്യ താക്കറെ പറഞ്ഞത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്ര അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടനെ ഉണ്ടാവാനാണ് സാധ്യത.

ബോംബെ ഹൈക്കോടതിയിൽ ഇതേ ആവശ്യവുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം നടക്കാനിരിക്കെ അതിന് മുമ്പ് ഇളവുകൾ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാർ.

രണ്ടു വാക്സിൻ പൂർത്തിയാക്കിയവരെ എന്തു കൊണ്ടാണ് ലോക്കൽ ട്രെയിനിൽ യാത്രചെയ്യാൻ അനുവദിക്കാത്തതെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ പൊതുജനങ്ങൾക്ക് ലോക്കൽ ട്രെയിൻ യാത്ര അനുവദിക്കാമെന്ന് റെയിൽവേ സഹമന്ത്രി റാവുസാഹേബ് ദൻവെയുടെ പ്രഖ്യാപനവും സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here