യു .ഡി.എഫിന്റെ ഐശ്വര്യം

കേരളം രാഷ്ട്രീയത്തിലെ സമകാലിക വിഷയങ്ങളെ നർമ്മത്തിന്റെ മേമ്പൊടി ചലിച്ചു മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനും കാർട്ടൂണിസ്റ്റുമായ രാജൻ കിണറ്റിങ്കര എഴുതുന്നു.

0
ആരൊക്കെ  എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ തലമൂത്ത കോൺഗ്രസ് നേതാക്കളെ നമ്മൾ സമ്മതിച്ചേ  പറ്റൂ .  സ്വന്തം ഉള്ളം കയ്യിലിരുന്ന രാജ്യസഭാ സീറ്റല്ലേ മുന്നണിയിൽ അംഗംപോലുമല്ലാത്ത മാണിസാർക്ക്‌ വച്ച് നീട്ടിയത് . അതുമാത്രമല്ല , യുഡിഫ് വിട്ട ശേഷം ആ മുന്നണിയെ ചീത്ത പറയാൻ കിട്ടുന്ന ഒരവസരവും മാണിസാർ പാഴാക്കിയിട്ടില്ല .  എന്നിട്ടും മാണിസാർക്ക്‌ രാജ്യസഭാ സീറ്റ് താലത്തിൽ വച്ചുനീട്ടിയ ഉദാര മനസ്കരായ കേരളത്തിലെ  കോൺഗ്രസ്സുകാരെയാണ് ആളുകൾ തെരുവിൽ തെറി പറയുന്നത് എന്നാലോചിക്കുമ്പോഴാണ് വിഷമം.  ശത്രുവിന് പോലും ബഹുമാനം തോന്നിപ്പോകുന്ന  നിമിഷങ്ങൾ .
പക്ഷെ  കേരളത്തിലെ തലനരച്ച നേതാക്കളുടെ ശ്രീമാൻ   മാണിക്ക് മുന്നിലുള്ള ഈ സാഷ്ടാംഗ പ്രണാമം  കോൺഗ്രസിലെ യുവനേതാക്കൾക്ക് അത്ര പിടിച്ചിട്ടില്ല , എന്ന് മാത്രമല്ല അവർ പരസ്യമായി രംഗത്ത് വരുകയും ചെയ്തിരിക്കുന്നു .  ഇപ്പോൾ അഭിപ്രായ യുദ്ധങ്ങളും അസ്വാരസ്യങ്ങളും ഒന്നും പാർട്ടി മീറ്റിങ്ങുകളിൽ ഉണ്ടാവാറില്ല , അവിടെ എല്ലാവരും ചായയും വടയും കഴിച്ച് ചിരിച്ച് ഫോട്ടോക്ക് പോസ് ചെയ്താണ് പിരിയുക .  അഭിപ്രായ പ്രകടനങ്ങൾ നടത്താനല്ലേ നമ്മുടെ സുക്കർ ബർഗ് എഴുതിയാലും വായിച്ചാലും ഒടുങ്ങാത്ത ഒരു മുഖപുസ്തകം തുറന്നിട്ടിരിക്കുന്നത് .  മുഖപുസ്തകം ഉള്ളപ്പോൾ മുഖപത്രത്തിന് എന്ത് പ്രസക്തി .
കേരളത്തിലെ യുവ നേതാക്കളെ കണ്ടുപിടിക്കാൻ ഹൈക്കമാൻഡ് നടപ്പാക്കിയ ഹൈടെക് വിദ്യയാണോ ഇതെന്നും സംശയമുണ്ട് .  സംസ്ഥാന നേതൃത്വത്തിന്റെ നടപടികളെ വിമർശിക്കുന്നവർ യുവാക്കളും നേതൃത്വത്തെ പിന്തുണക്കുന്നവരെ വൃദ്ധന്മാരും ആയി കണക്കാക്കാം എന്ന പുതിയ സിദ്ധാന്തം ചിലപ്പോൾ ഹൈക്കമാൻഡ് ചർച്ചകളിൽ ഉരുത്തിരിഞ്ഞിട്ടുണ്ടാകാം . അതിനാൽ വൃദ്ധരെന്നു നമ്മൾ എഴുതിയ തള്ളിയ പല കോൺഗ്രസ് നേതാക്കളും യുവാക്കൾക്ക് പിന്തുണയുമായി വന്ന് യൂത്തനാണെന്ന് സ്വയം സ്ഥാപിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് .  പണ്ടൊരു ബസ് യാത്രയിൽ രണ്ടു സ്ത്രീകൾ ഒരു സീറ്റിനു വേണ്ടി വഴക്കു കൂടിയപ്പോൾ കണ്ടക്ടർ ഒരു ഉപായവുമായി എത്തി , നിങ്ങൾ രണ്ടു പേരിൽ പ്രായം കൂടിയ സ്ത്രീ സീറ്റിൽ ഇരിക്കട്ടെ , മറ്റെയാൾ നിൽക്കട്ടെ .  ഇത് കേട്ടപ്പോൾ രണ്ടു സ്ത്രീകളും സീറ്റ് ഉപേക്ഷിച്ച്  ചാടി എണീറ്റ് നിന്നുവത്രെ .  ഇതൊരു പക്ഷെ ഒരു തമാശക്കഥ   ആകാമെങ്കിലും വയസ്സിന്റെ കാര്യത്തിൽ സ്ത്രീകൾ മാത്രമല്ല , പുരുഷനും ചിലപ്പോഴൊക്കെ ഇങ്ങിനെയൊക്കെ തന്നെയാണ് .
ചെങ്ങന്നൂരിൽ കോൺഗ്രസ്സിന്റെ വിജയ സാധ്യതകൾക്ക് നിറം വച്ച   സമയത്താണ് കോൺഗ്രസിലെ കാരണവന്മാരും മുസ്‌ലിം ലീഗിലെ കുഞ്ഞാലി കുട്ടി സാറും കൂടി മാണി വീട്ടിൽ വിരുന്നിനു പോകുന്നത് .  ചെന്നപ്പോൾ അതിഥികളെ  പ്രതീക്ഷിച്ചപോലെ ചിരിച്ചു കൊണ്ട് സോഫയിൽ മാണി സാർ .  ഇവരെ കണ്ടതും സോഫയിൽ നിന്നും ചാടി എണീറ്റ് മാണിസാർ തന്റെ പതിവ് നർമത്തിൽ മൊഴിഞ്ഞു  “ഇന്ന് മുറ്റത്തെ റബ്ബർ മരത്തിൽ ഇരുന്നു കാക്ക കുറുകിയപ്പോഴേ ഞാൻ കരുതിയതാ ആരെങ്കിലും വിരുന്നുകാരുണ്ടാകും എന്ന്.  ഊണിനു നാലിടങ്ങഴി അരി കൂടുതൽ ഇട്ടോളാൻ ഞാൻ ശ്രീമതിയോടു പറയുകയും ചെയ്തു”  .ഇത് കേട്ട് എല്ലാവരും കുലുങ്ങി കുലുങ്ങി ചിരിച്ചു, പക്ഷെ    മാണിസാറിന്റെ ധൃതരാഷ്ട്ര ആലിംഗനത്തിൽ പലരുടെയും ചിരി ഒരു തേങ്ങലായാണ് പുറത്തേക്കു വന്നത് എന്ന് മാത്രം .   പുറത്തെ റബ്ബർ തോട്ടങ്ങളും തുരുമ്പ് പിടിച്ച കൗണ്ടിങ് മെഷീനും ഒക്കെ നടന്നു കാണുന്നതിനിടയിൽ middleman കുഞ്ഞാലിക്കുട്ടിസാർ കാര്യം അവതരിപ്പിച്ചു .  “മാണിസാറിന്റെ പിന്തുണ ചെങ്ങന്നൂരിൽ യു .ഡി എഫിന്  തന്നു അനുഗ്രഹിക്കണം” . പി .സി . ജോർജിന്റെ ഭാഷയിൽ പറഞ്ഞാൽ മാണി ഗ്രൂപ്പിന്റെ 200  വോട്ട്  തങ്ങൾക്ക് തരേണമേ എന്ന് അപേക്ഷിച്ചു.
അതിഥി ദേവോ ഭവ: എന്ന ആപ്ത   വാക്യത്തിൽ വിശ്വസിക്കുന്ന മാണിസാർ എന്തായാലും പഴയ സഹചാരികളെ നിരാശരാക്കിയില്ല , തന്റെ വിശാലമായ പോർട്ടിക്കോയിൽ നിന്ന് മാണിസാർ ഭീഷ്മ ശപഥം പോലെ ഒരു പ്രഖ്യാപനം നടത്തി , ചെങ്ങന്നൂരിൽ  കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ  പിന്തുണ യു .ഡി .എഫിന് മാണിസാറുടെ ഈ അവിചാരിത പ്രഖ്യാപനത്തിൽ ദിക്കുകൾ കിടുങ്ങി . സൂര്യൻ കാർമേഘങ്ങൾക്കിടയിൽ ഒളിച്ചു ,  ആ പ്രകമ്പനത്തിൽ  എ .കെ .ജി . സെന്ററിനു മുകളിലിരുന്ന ഒരു മാടപ്രാവ് പേടിച്ചു വിറച്ച് എങ്ങോട്ടോ പറന്നു പോയി .   തിരിച്ചു പോരുമ്പോൾ   ഇനി ചെങ്ങന്നൂരിൽ പ്രചാരണം നടത്തിയില്ലെങ്കിലും തങ്ങൾക്കു തന്നെ  വമ്പൻ വിജയമെന്ന് പറഞ്ഞും രസിച്ചും നേതാക്കൾ കാറിലിരുന്ന് പൊട്ടിച്ചിരിച്ചു .   “ഈ ബുദ്ധി നമുക്കെന്തേ നേരത്തെ തോന്നാത്തത് കുഞ്ഞാലിക്കുട്ടീ എന്ന് , ഉമ്മൻ ചാണ്ടി …. ഉമ്മച്ചാ എല്ലാറ്റിനും അതിന്റേതായ  ഒരു സമയം ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി . ”  “ഓ നമുക്കങ്ങു സുഖിക്കണം “ അവർ പരസ്പരം ചെവിയിൽ  പറഞ്ഞു .
എന്തായാലും മാണിസാറിന്റെ യു .ഡി .എഫ് . അനുഗ്രഹത്താൽ ഇടതുപക്ഷ സ്ഥാനാർതഥി ചെങ്ങന്നൂരിൽ ചരിത്ര ഭൂരിപക്ഷത്തോടെ വിജയിച്ചു . പ്രതിപക്ഷ  നേതാവിന്റെ മണ്ഡലത്തിൽ പോലും സി.പി.എമ്മിന് നേട്ടം. പണ്ടൊരു തുടർ ഭരണം മോഹിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങിയപ്പോഴാണ് മാണിസാർ ബാർകോഴയുടെ രൂപത്തിൽ  യുഡിഫ് ന്റെ തേരിനു മുന്നിൽ വന്നു നിന്നത് .
ഈ ഉപകാരങ്ങളൊക്കെ പെട്ടെന്നങ്ങു മറക്കാൻ പറ്റുമോ, അതിനാലാണ് വീട്ടിൽ ഇരിക്കുന്ന മാണിസാറിനു രാജ്യസഭാ സീറ്റു വിളിച്ചു കൊടുക്കാൻ തീരുമാനിച്ചത് .  യുഡിഫ് ആസ്ഥാനത്തു വയ്ക്കാൻ “മാണിസാർ ഈ മുന്നണിയുടെ ഐശ്വര്യം ” എന്നൊരു ബോർഡ് കൂടി തയ്യാറായി വരുന്നെണ്ടെന്ന് ചില സ്ഥിരീകരിക്കാത്ത  റിപ്പോർട്ടുകൾ ഉണ്ട് .
  • രാജൻ കിണറ്റിങ്കര

മുംബൈയിൽ ഇഫ്‌താർ വിരുന്നൊരുക്കി പടന്ന സ്വദേശികൾ
കേരളത്തെ കാത്തിരിക്കുന്നത് അഭിവൃദ്ധിയുടെ നാളുകളെന്ന് യുവ സംരംഭകൻ റിതേഷ്
മമ്മൂട്ടിയും മോഹൻലാലും കൊമ്പു കോർക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here