വിങ്ങുന്ന വിദ്യാർത്ഥിമനസ്സ്

ഒരു മഹാമാരി സമ്മാനിച്ച വീട്ടുതടങ്കലിൽ കഴിയുമ്പോൾ വിദ്യാലയത്തിലേക്കുള്ള വഴിയോരങ്ങളും വിദ്യാലയത്തിലെ കലപിലയും പോയ കാലത്തെ സഹപാഠികളും സാറന്മാരും ഒക്കെ അവരുടെ മനസ്സിൽ വിങ്ങലായി മാറുന്നുണ്ടാവും.. പ്രമുഖ മാനേജ്‌മന്റ് ഗുരു ഡോ: പ്രകാശ് ദിവാകരൻ എഴുതുന്നു.

0

ലോകം അതിസങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. കൊവിഡ് എന്ന മഹാമാരിയുടെ വ്യാപനം തടയാൻ വേണ്ടി പരമപ്രധാനമായി ഏർപ്പെടുത്തിയതാണ് ലോക്ക് ഡൗൺ. അടച്ചുപൂട്ടലുകളുടെയും അതിജീവനത്തിന്റെയും ഇടയിൽ പെട്ടുപോയ മനുഷ്യജീവിതം. ഈ കാലഘട്ടത്തിന്റെ പ്രതിസന്ധിയും പ്രത്യാഘാതങ്ങളും ഗുരുതരമാണ്. സമ്പദ്ഘടന തകർന്നു. കേരളത്തിലും സങ്കീർണ്ണമായ പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. സാമൂഹികാന്തരീക്ഷവും ഗാർഹികാന്തരീക്ഷവും വ്യത്യസ്തമായി.

ഈ മഹാമാരി കേരളീയ പൊതുജീവിതത്തിന്റെ സമസ്ത മേഖലകളും താറുമാറാക്കിയപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായ മേഖലയാണു വിദ്യാഭ്യാസം. വിദ്യാഭ്യാസം കുട്ടികളുടെ ഭാവി നിർണ്ണയ മാനദണ്ഡമാണല്ലോ.
സാധാരണ അവധി ദിവസങ്ങളൊഴികെ എല്ലാ ദിവസങ്ങളിലും വിദ്യാലയങ്ങളിൽ പോയിക്കൊണ്ടിരുന്ന വിദ്യാർത്ഥികൾക്കു മുന്നിൽ കൊവിഡ് തുറന്നിട്ടത് അനിശ്ചിതമായി തുടരുന്ന അവധിയാണ്. ഒരു അവധി കിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചു പോയ കുട്ടികൾക്കു മുന്നിൽ അസഹ്യമാകും വിധമുള്ള അവധി മാത്രമാണുള്ളത്.

സഹപാഠികളോടൊത്ത് പഠിച്ചും കളിച്ചും രസിച്ചും നടന്ന കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാതെ വന്നപ്പോൾ ആ ബാല്യ- കൗമാര മനസ്സുകൾ വിങ്ങുന്നുണ്ട്. ഒരു മഹാമാരി സമ്മാനിച്ച വീട്ടുതടങ്കലിൽ കഴിയുമ്പോൾ വിദ്യാലയത്തിലേക്കുള്ള വഴിയോരങ്ങളും വിദ്യാലയത്തിലെ കലപിലയും പോയ കാലത്തെ സഹപാഠികളും സാറന്മാരും ഒക്കെ അവരുടെ മനസ്സിൽ വിങ്ങലായി മാറുന്നുണ്ടാവും. വിദ്യാലയത്തിൽ നിന്നു നേടിയ സൗഹൃദങ്ങൾ, ഇനിയും നേടാനിരിക്കുന്ന സൗഹൃദങ്ങൾ, പഠന മികവും സർഗ്ഗാത്മക കഴിവുകളും തെളിയിക്കുന്ന ഇടം അങ്ങനെ എല്ലാം നഷ്ടപ്പെട്ട വിദ്യാർത്ഥി സമൂഹം.

വിദ്യാലയങ്ങളിൽ നിന്നു കിട്ടുന്ന മാനസികോല്ലാസം നഷ്ടപ്പെട്ട് ഓൺലൈൻ പഠനമായപ്പോൾ വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പ്രകടമായി

വിദ്യാലയങ്ങൾ തുറക്കുന്ന സമയം കഴിഞ്ഞിട്ടും നീണ്ടുപോകുന്ന അടച്ചിടലുകൾ. വലിയ ക്ലാസ്സുമുറികളിൽ തിങ്ങി നിറഞ്ഞ്, മാറി മാറി വരുന്ന പീരീഡുകളിൽ അദ്ധ്യാപകർക്കു മുന്നിലിരുന്നു പഠിച്ചവരുടെ ക്ലാസ്സ് റൂം മൊബൈൽ ഫോൺ എന്ന ചെറു ചതുരത്തിലേക്കു ചുരുങ്ങി. രാവിലെ തുടങ്ങുന്ന ഓൺലൈൻ പഠനം പാതിരാത്രിയായാലും തീരാതെ വന്നു. അദ്ധ്യാപകർ മൊബൈലിൽ അയച്ചുകൊടുക്കുന്ന പാഠഭാഗങ്ങളും നോട്ടുകളും ഇമവെട്ടാതെ നോക്കിയിരുന്ന് നോട്ടുബുക്കുകളിലെഴുതിയും പഠിച്ചും ക്ഷീണിതരാകുന്ന വിദ്യാർത്ഥികൾ.
പഠിച്ചു മുഷിയുമ്പോൾ പുറത്തിറങ്ങി കൂട്ടുകാരെ ഒന്നു കാണാമെന്നു വച്ചാൽ അതും പറ്റാത്ത അവസ്ഥ. എല്ലാം കൂടി കുട്ടികളിൽ കടുത്ത മാനസിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

വിദ്യാലയങ്ങളിൽ നിന്നു കിട്ടുന്ന മാനസികോല്ലാസം നഷ്ടപ്പെട്ട് ഓൺലൈൻ പഠനമായപ്പോൾ വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ പ്രകടമായി.അവർക്ക് സങ്കടം, നിരാശ, ദേഷ്യം, പേടി തുടങ്ങിയ അവസ്ഥ കൂടി വന്നു. പുറത്തു പോകാൻ കഴിയാതെ വീടിനുള്ളിൽ ഒതുങ്ങിക്കൂടുന്ന നിസ്സഹായതയും മഹാമാരിയെക്കുറിച്ച് ആശങ്കാജനകമായ വാർത്തകളും അവരുടെ മാനസിക പിരിമുറുക്കത്തിന് ആക്കം കൂട്ടി. പഠിച്ച് ഉന്നത നിലയിലെത്തണമെന്ന് ആഗ്രഹിക്കുന്ന കുട്ടികളെ ഇനിയെന്ത്, എങ്ങനെ എന്ന ചിന്ത അലട്ടുന്നു. ചിന്തകളുടെ വേലിയേറ്റത്തിൽ കുട്ടികൾ മൂകരായി കാണപ്പെടുന്നു. സഹപാഠികളുമായി വിവരങ്ങൾ പങ്കുവച്ച് സ്വാഭാവികമായി മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിച്ചിരുന്ന കുട്ടികൾക്ക്, എല്ലാവരുമുണ്ടെങ്കിലും ഏകാന്തതയുടെ ലോകത്ത് ജീവിക്കേണ്ടി വരുന്നു.

പുറത്തു പോകാനാകാത്ത, കൂട്ടുകാരെ കാണാതാവാത്ത, കളിക്കളങ്ങളില്ലാത്ത ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെ കുട്ടികൾ അതിജീവനത്തിനായി വെമ്പൽ കൊള്ളുകയാണ്. കുട്ടികൾക്കായി രക്ഷിതാക്കൾ സന്തോഷകരമായ ഗാർഹികാന്തരീക്ഷമൊരുക്കി അവരുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുക എന്നതാണ് ഇപ്പോൾ ചെയ്യാൻ പറ്റുന്ന പ്രധാന കാര്യം. വീട്ടിലിരുന്ന് കലാപരമായ പ്രവർത്തനങ്ങളിലും പുസ്തകവായനയിലും ഏർപ്പെടുന്നതും നല്ലതാണ്.

കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ ചെറുതല്ല. കൊവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ട് മാതാപിതാക്കള അലട്ടുന്നു. ആരും ചെയ്ത കുറ്റമല്ലെങ്കിലും കുട്ടികൾ വിദ്യാലയങ്ങളിൽ പോകാതെ നീണ്ട കാലമായി വീട്ടിൽ നിൽക്കുമ്പോൾ അവരുടെ ആശങ്കകൾ വർദ്ധിക്കുന്നു. മക്കളുടെ ഓൺലൈൻ പഠനം പുരോഗമിക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് മാതാപിതാക്കൾ.
എല്ലാ രക്ഷിതാക്കളും മക്കളെ പഠിപ്പിച്ച് ഒരു നിലയിലെത്തിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ മാതാപിതാക്കളെ കടുത്ത മാനസിക പ്രശ്നത്തിലേക്കു നയിക്കുന്നു.

ഇത് മാറിയ കാലമാണ്. മാറിയ കെട്ട കാലം. ഇനിയും കാലം മാറും. ആ മാറ്റം ആശങ്കകളില്ലാത്ത സ്വൈര്യ ജീവിതത്തിന്റെതാവാം. ഹ്രസ്വഭാവിയിൽ ഈ മഹാമാരി ഇവിടെ നിന്ന് അപ്രത്യക്ഷമാകുമ്പോൾ എല്ലാം സാധാരണ നിലയിലാകും. വിദ്യാലയങ്ങൾ തുറക്കും. കലപില ശബ്ദം ഇനിയുമുയരും. കാടും പടലും മാറിയ വിദ്യാലയ മുറ്റത്തു കൂടി വെടിപ്പുള്ള ക്ലാസ്സ് മുറികളിൽ സഹപാഠികളെത്തും. ഗുരുക്കന്മാരുടെ ശകാരം ഇനിയുമുണ്ടാകും. ഈ പ്രതിസന്ധി ആപേക്ഷികമാണ്. അത് മാറേണ്ടത് പ്രകൃതി നിയമമാണ്. വരാനിരിക്കുന്ന പുതിയ പുലരി പരമാനന്ദത്തിന്റേതാകട്ടെ.

ഡോ: പ്രകാശ് ദിവാകരൻ, പുണെ

LEAVE A REPLY

Please enter your comment!
Please enter your name here