ആദ്യ ഓണാഘോഷം മനോഹരമാക്കി കല്യാണ്‍ വൈഷ്ണവി പാര്‍ക്ക് ‘മലയാളിക്കൂട്ടം’.

0

നഗരത്തിലെ ഓണം, കലകളുടേയും സാംസ്‌കാരിക മൂല്യങ്ങളുടേയും വിനിമയമാണ്. അണു കുടുംബത്തിന്റെ സങ്കുചിതത്വത്തില്‍ ഒതുങ്ങിനിന്നിരുന്ന ഓണാഘോഷത്തെ കൂട്ടായ പരിശ്രമത്തിലൂടെ സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ഓണാഘോഷമാക്കി മാറ്റുകയായിരുന്നു കല്യാണ്‍ വൈഷ്ണവി പാര്‍ക്ക് പാര്‍പ്പിട സമുച്ഛയത്തിലെ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ ‘മലയാളിക്കൂട്ടം’ പ്രവര്‍ത്തകര്‍. കൂട്ടായ്മ രൂപീകരിച്ചതിനു ശേഷം നടന്ന പ്രഥമ ഓണാഘോഷ പരിപാടിതന്നെ ഗംഭീരമാക്കിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സംഘാടകര്‍.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചു നടന്ന കുടുംബ സംഗമത്തില്‍ ഒരുക്കിയ ‘ഓണം മെഗാപൂക്കളം’ ഇതര ഭാഷക്കാരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.

അഭിരാമി, രഞ്ജിനി രാമചന്ദ്രന്‍, ദിവ്യ സന്തോഷ്, ദിവ്യ രതീഷ്, സതി നമ്പ്യാര്‍, രെജി അനില്‍, ജയ പിള്ള, ലൂസി എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച തിരുവാതിരക്കളി കാണികളുടെ പ്രശംസയേറ്റുവാങ്ങി. ആറു വയസ്സുകാരി അനുശ്രീ രാമചന്ദ്രന്റെ നൃത്ത നൃത്യങ്ങളും വേദ് വ്യാസ്, സൗരീഷ്, ദക്ഷേഷ്, ശ്രീഹാന്‍ എന്നിവരുടെ കവിതകളും പാട്ടുകളുംകൊണ്ട് സമ്പന്നമായിരുന്നു മലയാളിക്കൂട്ടത്തിന്റെ പ്രഥമ ഓണാഘോഷ പരിപാടി. തൃഷ അവതരിപ്പിച്ച വെസ്റ്റേണ്‍ നൃത്തം കാണികളെ പുളകം കൊള്ളിച്ചു. ബിന്ദു രതീഷ്, അഭിരാമി, ലൂസി, സതി നമ്പ്യാര്‍, ജയ പിള്ള എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

വരും നാളുകളില്‍ കുട്ടികളുടെ മാനസിക വികാസം ലക്ഷ്യമിട്ടുകൊണ്ട് ഒരു ഗൂഗിള്‍ മീറ്റ് ഗ്രൂപ്പ് ആരംഭിക്കുമെന്ന് സംഘടന സാരഥികളായ രഞ്ജിനി രാമചന്ദ്രനും ശ്യാമ സുധീറും അറിയിച്ചു. കേരളത്തില്‍ നിന്നുമുള്ള പ്രമുഖ എഴുത്തുകാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സര്‍ഗ്ഗാത്മക കളരികള്‍ ഗൂഗിള്‍മീറ്റിലൂടെ കുട്ടികള്‍ക്കു ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അവര്‍ അറിയിച്ചു. സന്തോഷ് പല്ലശ്ശനയായിരുന്നു പരിപാടിയുടെ അവതാരകന്‍. രാമചന്ദ്രന്‍ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here