മുംബൈയിലൊരോണം ; അനുഭവം പങ്ക് വച്ച് അണിയറ പ്രവർത്തകർ

0

മുംബൈ മഹാനനഗരിയുടെ പശ്ചാത്തലത്തിൽ ദൃശ്യാവിഷ്‌കാരം പകർന്ന ഓണപ്പാട്ട് ചിത്രീകരണം തികച്ചും നൂതനനുഭവങ്ങൾ സമ്മാനിച്ചെന്ന് അണിയറ പ്രവർത്തകർ.

പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് മുംബൈയിൽ ചിത്രീകരിച്ച ഓണപ്പാട്ട് പ്രദാനം ചെയ്തത്. ഇതാദ്യമായാണ് ഒരു ഓണപ്പാട്ടിനായി മഹാനഗരത്തിലെ കാഴ്ചകൾ രംഗവേദിയാകുന്നത് . മുംബൈയിലെ മലയാളി കലാകാരന്മാരോടൊപ്പം ഇതര ഭാഷക്കാരും ചേർന്നാണ് മുംബൈയിലൊരോണം എന്ന മ്യൂസിക് ആൽബത്തിനായി ചുവട് വച്ചിരിക്കുന്നത് . മ്യൂസിക് ആൽബത്തിന്റെ മുംബൈ റിലീസ് ഇന്ന് വൈകീട്ട് സംഘടിപ്പിക്കുന്ന ഓൺലൈൻ ചടങ്ങിൽ നിർവഹിക്കും.

മുംബൈ മഹാനഗരിയെ പശ്ചാത്തലമാക്കി ഓണസ്മരണകൾ പങ്കിടുന്ന മ്യൂസിക് ആൽബവുമായി ഓണക്കാലത്തെ വർണാഭമാക്കുകയാണ് ഒരു സംഘം മുംബൈ മലയാളികൾ.

സുരേഷ് വർമ്മയുടെയാണ് ഗാനരചന. അനിൽ സൗപർണികം ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ചന്ദ്രശേഖർ, പ്രമോദ്, മധു, സാന്ദ്ര, അക്ഷര എന്നിവർ ചേർന്നാണ്.

പശ്ചാത്തല സംഗീതമൊരുക്കിയത് ദിലീപ്, അനിൽ ഗോവിന്ദ് ,സജു എന്നിവരാണ് . മഹാനഗരിയുടെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുത്തത് ക്വാമറാമാൻ സുരേഷ് പള്ളൂരാണ് .കേരളത്തിൽ നിരവധി പ്രമുഖ സീരിയലുകൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള സുരേഷിനും മുംബൈ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ചിത്രീകരണം വ്യത്യസ്ത അനുഭവമായി.

ഓരോ മുംബൈ മലയാളിയുടെയും ഹൃദയം നാട്ടിലുള്ള ഒരു ചക്കരമാവിൻ തുഞ്ചത്തെ കിളിക്കൂട്ടിലാണ് എന്ന് പറയാറുണ്ട്. ഓണക്കാലത്ത് ഓരോ പ്രവാസി മലയാളിയും മാവേലി നാടിനെ സ്വന്തം വീടുകളിലേക്ക് ഗൃഹാതുരത്വത്തോടെ ആനയിക്കുന്നു. കേരളം കഴിഞ്ഞാൽ ഏറ്റവും ജനകീയമായി ഓണം കൊണ്ടാടപ്പെടുന്നത് മുംബൈ മഹാനഗരിയിലാണ്. നാട്ടിലെ പോലെ തന്നെ ഈ നഗരത്തിലെയും നൂറു കണക്കിന് കലാകാരന്മാരും കലാകാരികളും നിരാശയോടെ ഒരുപാട് മാസങ്ങളിലായി ഓൺലൈൻ കൂടാരങ്ങളിൽ തുടരുകയാണ്. അവരിൽ ചിലർക്കങ്കിലും ഈ ആൽബം മോചനം നൽകുന്നു

ഇത്തരമൊരു പശ്ചാത്തലത്തിലാണ് മഹാമാരി കാലത്ത് ഏറെ പ്രതിസന്ധികളെ അതിജീവിച്ച് ആൽബം മുംബൈയിൽ തന്നെ ചിത്രീകരിക്കുക എന്ന ആശയം പിറവിയെടുക്കുന്നതെന്ന് സുരേഷ് വർമ്മ പറയുന്നു. മുംബൈയിൽ അടക്കം നിരവധി കലാകാരന്മാർക്കാണ് കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടത്. മാത്രമല്ല ആയിരക്കണക്കിന് കുട്ടികളാണ് മുംബൈയിലെ സമാജങ്ങളുടെയും മലയാളം മിഷന്റെയും മറ്റ് സംഘടനകളുടെയും പരിപാടികളിൽ തിമിർത്ത് ആടിയിരുന്നത്. ഒരു പാട് പ്രതിഭകളുടെ അവസരമാണ് നഷ്ടപ്പെട്ടത്. കൂടുതൽ ഇളവുകൾ വന്നതോടെ നഗരത്തിലെ കലാ സാംസ്‌കാരിക രംഗം വീണ്ടും സജീവമാകുകയാണെന്നും എഴുത്തുകാരനായ സുരേഷ് വർമ്മ പറയുന്നു.

നഗരത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ ഇതൊരു തുടക്കമാകുമെന്ന പ്രത്യാശയിലാണ് അണിയറ പ്രവർത്തകരും.

പുലിക്കളിലെ പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായാണ് ആൽബത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സദിഷ് നായരോടൊപ്പം ചുവടുകൾ വച്ചിരിക്കുന്നത് മുംബൈയിലെ ഇതര ഭാഷക്കാരായ കലാകാരന്മാരാണ്. ഡോംബിവിലിയിലെ ആഡംബര താമസ സമുച്ചമായ ബാലാജി ഗാർഡനിൽ വച്ചായിരുന്നു ഈ രംഗങ്ങളുടെ ചിത്രീകരണം.

ഗാനത്തിന്റെ ദൃശ്യവിഷ്കാരം തന്നെയാണ് ഈ ഓണപ്പാട്ടിനെ വ്യത്യസ്തമാക്കുന്നത്.. മുംബൈയിലെ ഐക്കോണിക് കേന്ദ്രങ്ങളായ ഗേറ്റ് വേ ഓഫ് ഇന്ത്യ, അമേരിക്കൻ ലൈബ്രറി, സി എസ് ടി, മറൈൻ ലൈൻസ് കൂടാതെ വലിയ കെട്ടിട സമുച്ചയങ്ങളുടെയും പശ്ചാത്തലമാണ് ഗാന ചിത്രീകരണത്തെ കൂടുതൽ ആകർഷകമാകുന്നത്.

നൃത്ത സംവിധാനം നിർവ്വഹിച്ചത് പ്രശസ്ത നർത്തകി നിഷ ഗിൽബർട്ട്, ഗോകുല ഗോപി എന്നിവർ ചേർന്നാണ്.

മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ നൃത്ത രംഗങ്ങൾ ഒരുക്കാൻ കഴിഞ്ഞ ആഹ്ലാദത്തിലാണ് നിഷ ഗിൽബർട്ട്. ഇത്തരമൊരു ആൽബം മുംബയിലെ പരിചിതമായ പ്രധാന കേന്ദ്രങ്ങളിൽ വച്ച് ചിത്രീകരിക്കാൻ കഴിഞ്ഞത് നൂതനാനുഭവമായെന്ന് നിഷ ഗിൽബർട്ട് പറയുന്നു. ഓണക്കാലത്ത് അവതരിപ്പിക്കപ്പെടാറുള്ള കേരളത്തിന്റെ തനതായ കലകളെ നഗര പശ്ചാത്തലത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് ആവേശമുണര്‍ത്തുന്ന അനുഭവമായിരുന്നുവെന്നും നിഷ കൂട്ടിച്ചേർത്തു..

നിഷയും ഗോകുലയും കൂടാതെ അനാമിക, കാവേരി, ശ്രുതി മേനോൻ, ശ്വേതാ, അമല പിള്ള, അഞ്ജലി ധൻരാജ് എന്നിവരാണ് മറ്റു നർത്തകി മാർ .

ശില്പി എഞ്ചിനീയറിംഗ് , ജയകൃഷ്ണൻ ആർ വി, രശ്‌മി ജയകൃഷ്ണൻ. എന്നിവർ നിർമ്മിച്ചൊരുക്കിയ മ്യൂസിക് ആൽബത്തിന് ദൃശ്യാവിഷ്‌കാരം നൽകിയത് പ്രേംലാലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here