ആയിരം പൂർണ്ണ ചന്ദ്രൻമാരെ കണ്ട സുക്യതവുമായി വെള്ളാപ്പള്ളി നടേശൻ

ശ്രീനാരായണ ധർമ്മ പരിപാലന യോഗം - മുംബയ് - താനെ യുണിയൻ പ്രസിഡന്റ് എം.ബിജു കുമാർ, എഴുതുന്നു.

0

മഹാരഥന്മാരായ നിരവധി ചരിത്രപുരുഷന്മാർക്ക് ജന്മംനല്കിയ പ്രസ്ഥാനമാണ് ശ്രീനാരായണ ധർമ പരിപാലന യോഗം. 1903 മുതൽ ഇന്നോളമുള്ള യോഗത്തിന്റെ വളർച്ചയിൽ അതത് കാലത്തെ നേതാക്കന്മാർ വഹിച്ച പങ്ക് വളരെ വലുതും അവിസ്മരണീയവുമാണ്.

എന്നാൽ വർത്തമാനകാല എസ്.എൻ.ഡി.പി യോഗത്തിന് ‘വെള്ളാപ്പള്ളി നടേശൻ’ എന്നത് കേവലമൊരു ജനറൽ സെക്രട്ടറി മാത്രമല്ല, പ്രസ്ഥാനത്തിന്റെ അർത്ഥവത്തായ പര്യായം കൂടിയാണ്. അദ്ദേഹമില്ലാത്ത എസ്.എൻ.ഡി.പി യോഗമെന്നത് ചിന്തിക്കാനാവില്ല. വെള്ളാപ്പള്ളി നടേശൻ അമരക്കാരനായി എത്തിയില്ലായിരുന്നുവെങ്കിൽ ശ്രീനാരായണ ധർമ പരിപാലന യോഗം ഒരു പക്ഷേ ഇന്നത്തെ നിലയിൽ ശോഭിക്കില്ലായിരുന്നു.

ജനറൽ സെക്രട്ടറി സ്ഥാനത്ത് കാൽനൂറ്റാണ്ട് പിന്നിട്ട്, രജതജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ നിന്നുകൊണ്ട് ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ആർക്കും വെള്ളാപ്പള്ളി നടേശൻ പിന്നിട്ട പാതയിലെ ദുർഘടസന്ധികളും അതൊക്കെ പുല്ലുപോലെ അതിജീവിച്ച് മുന്നേറിയ ചങ്കുറപ്പുള്ള പടത്തലവന്റെ വീരഗാഥയും മനസിലാക്കാം.

നേതാവുള്ള സമുദായം

1996 ൽ അദ്ദേഹം ചുമതലയേൽക്കുമ്പോൾ അധികാരി വർഗത്തിന്റെ അവഗണനയും തുടർച്ചയായ നീതിനിഷേധവും ഏറ്റുവാങ്ങി പരാധീനതകളുടെ പടുകുഴിയിലാണ്ടുപോയ നിർവികാര സമുദായവും ഗുരുദേവജയന്തി ആഘോഷവും മഹാസമാധി ആചരണവും വിവാഹപത്രിക മുറിക്കലുമായി പരിമിതപ്പെട്ട ശ്രീനാരായണ ധർമപരിപാലന യോഗവുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. ‘നേതാവില്ലാത്ത സമുദായം’ എന്നൊരു മുഖ്യമന്ത്രി പരിഹസിച്ചതും അക്കാലത്തായിരുന്നു.

നാമമാത്രമായി പ്രവർത്തിച്ചിരുന്ന 62 യൂണിയനുകളും 3600 ശാഖകളുമായിരുന്നു അന്നത്തെ സംഘടനാരൂപം. അതിൽ പലതിനും അടച്ചുറപ്പുള്ള കെട്ടിടം പോലുമുണ്ടായിരുന്നില്ല. വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ ലോകജനതയെ ഉദ്ബോധിപ്പിച്ച മഹാഗുരുവിന്റെ സമുദായത്തിനുണ്ടായിരുന്ന വിരലിലെണ്ണാവുന്നത്ര വിദ്യാലയങ്ങളുടെ സ്ഥിതി പരമദയനീയമായിരുന്നു. ആലുവയിൽ ഗുരുദേവന്റെ തൃക്കരങ്ങളാൽ സ്ഥാപിതമായ സംസ്കൃതസ്കൂൾ പിന്നീട് ഹൈസ്കൂൾ ആയെങ്കിലും അതിന്റെ അവസ്ഥയും ഏറെ പരിതാപകരമായിരുന്നു. അങ്ങനെ ഏതർത്ഥത്തിൽ നോക്കിയാലും അഭിമാനിക്കാൻ യാതൊന്നുമില്ലാത്ത പ്രസ്ഥാനത്തെ 25 വർഷംകൊണ്ട് അഭിവൃദ്ധിയുടെ കൊടുമുടിയിൽ എത്തിച്ചത് ശ്രീ വെള്ളാപ്പള്ളി നടേശൻ എന്ന കർമധീരനായ നേതാവാണെന്ന കാര്യം ആർക്കും നിഷേധിക്കാനാവില്ല. കേരളത്തിനകത്തും പുറത്തും രാജ്യാന്തരതലത്തിലുമായി 8000 ത്തോളം ശാഖകളും 138 യൂണിയനുകളുമായി എസ്.എൻ.ഡി.പി യോഗം ഇന്നൊരു മഹാപ്രസ്ഥാനമാണ്. 40,000 ൽപ്പരം കുടുംബയോഗങ്ങളും 80,0000 ത്തോളം സ്വയം സഹായ സംഘങ്ങളുമുണ്ട്. ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം, വൈദീകയോഗം, സൈബർസേന, കുമാരിസംഘം, ബാലജനയോഗം തുടങ്ങിയ പോഷകസംഘടനകൾ വേറെ. കാൽ നൂറ്റാണ്ടുമുമ്പ് യോഗത്തിനൊപ്പം വെന്റിലേറ്ററിൽ കൃത്രിമശ്വാസമെടുത്ത് തളർന്നുകിടന്ന വനിതാസംഘവും യൂത്തുമൂവ്മെന്റും ഇന്ന് സംസ്ഥാനത്തെതന്നെ മുൻനിര വനിത യുവജന പ്രസ്ഥാനങ്ങളാണ്. ഇന്ന്, എസ്.എൻ.ഡി.പി യോഗമെന്നത് സദാസമയവും പ്രവർത്തന സജ്ജമായ എണ്ണയിട്ടയന്ത്രമാണ്. നൂറുകണക്കിന് നേതാക്കളും ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരും അനവധി ജീവനക്കാരുമായി ഇത്രയും സജീവമായ മറ്റൊരു സമുദായ സംഘടന കേരളത്തിൽ എന്നല്ല ലോകത്തുതന്നെ ഉണ്ടായിരിക്കില്ല. കേരളത്തിലെ നിരത്തുകളിൽ യൂണിയന്റെയും ശാഖകകളുടെയും ബോർഡുവച്ച വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടാത്തൊരു ദിവസം പോലുമില്ല.

അകത്തും പുറത്തുമുള്ള നിരവധി ശത്രുക്കളോട് വ്യവസ്ഥാപിതമായ മാർഗത്തിൽ നിയമപോരാട്ടം നടത്തി വിജയിച്ചും ജനാധിപത്യത്തിന്റെ പാതയിൽ അധികാര വികേന്ദ്രീകരണം അന്വർത്ഥമാക്കിയുമാണ് ഈ മഹാപ്രസ്ഥാനത്തെ അദ്ദേഹം ധീരോധീരം നയിച്ചുകൊണ്ടിരിക്കുന്നത്. ഒരിക്കൽ നേതാവില്ലാത്ത സമുദായം എന്ന് പരിഹസിച്ചവർ ഇന്ന് നേതാവിനെ മുഖം കാണിക്കാൻ ഊഴം കാത്തിരിക്കുകയാണ്.

എണ്ണിപ്പറയാൻ ഇനിയുമുണ്ടേറെ. അതൊന്നും ആർക്കും അറിയാത്തതുമല്ല. അറിയില്ലെന്ന് നടിക്കുന്നവർ സ്വയം കണ്ണടച്ച് ഇരുട്ടാക്കുകായണ്. ഉറങ്ങുന്നവരെ വിളിച്ചുണർത്താം, പക്ഷേ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ശ്രമിക്കുന്നത് പാഴ് വേലയാകും.

ഓരോ സമുദായാംഗത്തിന്റെയും അന്തരാത്മവിൽ മഹാഗുരുവിന് ശേഷം വെള്ളാപ്പള്ളി നടേശന് മാത്രമാണ് ഇരിപ്പിടമുള്ളത്. അത് മറ്റൊ ഈഴവ സമുദായത്തെ സംബന്ധിച്ച് 1996 ന് മുമ്പും അതിനുശേഷവുമെന്ന രണ്ടുകാലഘട്ടങ്ങളെ നന്നായി വിശകലനം ചെയ്തതുകൊണ്ടുണ്ടായ തിരിച്ചറിവാണ്. 84 ാം വയസിലും അദ്ദേഹത്തിന്റെ ഓരോശ്വാസവും സമുദായത്തിന്റെ നന്മയ്ക്കുവേണ്ടിയാണെന്ന തികഞ്ഞ ബോധ്യമാണ്. ശരിയെന്ന് തോന്നുന്നത് ആരോടും മുഖത്തുനോക്കി വെട്ടിത്തുറന്നു പറയുമ്പോൾ പലർക്കും അരോചകമായി തോന്നാം. എന്നാൽ ആ പറയുന്നതൊക്കെ ഒരു പിതാവിന്റെ വാത്സല്യമാണെന്ന് തിരിച്ചറിയുന്ന ആരുടേയും നെറ്റി ചുളിയാറില്ല. മുഖം കറുക്കാറില്ല. അതാണ് അദ്ദേഹത്തെ അടുത്ത് അറിയുന്നവരുടെ അനുഭവം. ശകാരിക്കാനും ശാസിക്കാനും അധികാരവും അവകാശവുമുള്ള നേതാവാണ് വെള്ളാപ്പള്ളി . സംഘടന പ്രവർത്തനത്തിൽ വലിപ്പച്ചെറുപ്പം നോക്കാറില്ല. ഒരു കുടുംബയോഗത്തിലേക്ക് ക്ഷണിച്ചാലും സ്വന്തം ചെലവിൽ വന്നുപോകുമെന്ന് മാത്രമല്ല, മക്കളെയും കൊച്ചുമക്കളെയും കാണാൻവരുന്ന കാരണവരുടെ മനസോടെയാകും ആ വരവ്. മുൻകാല നേതാക്കളിൽ നിന്നുള്ള പ്രകടമായ വ്യത്യാസവും അതുതന്നെയാണ്. ഒരു പരിപാടിക്ക് വരുമ്പോൾ വരുന്നിടത്തെ അവസ്ഥയറിഞ്ഞ് പരമാവധി സഹായം ചെയ്യുന്ന വെള്ളാപ്പള്ളി നടേശനെ സമുദായം വിലയിരുത്തുന്നത് പകരകാരൻ ഇല്ലാത്ത അമരക്കാരൻ എന്നാണ് .

എം.ബിജു കുമാർ, പ്രസിഡന്റ്
SNDP യോഗം – മുംബയ് – താനെ യുണിയൻ.

LEAVE A REPLY

Please enter your comment!
Please enter your name here