മുംബൈയിൽ രാഷ്ട്രീയക്കാർക്ക് രഹസ്യമായി മൂന്നാം ഡോസ് വാക്‌സിൻ

0

മുംബൈയിൽ രാഷ്ട്രീയക്കാരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖരും അവർക്ക് വേണ്ടപ്പെട്ടവരുമാണ് കോവിഡ് മൂന്നാം ഡോസ് വാക്‌സിൻ രഹസ്യമായെടുക്കുന്നത്. ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കോവിൻ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്യാതെയും വ്യത്യസ്ത ഫോൺ നമ്പറിൽ റജിസ്റ്റർ ചെയ്തുമാണ് അനധികൃത വാക്‌സിനേഷൻ ഇവരെല്ലാം സാധ്യമാക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഇക്കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ രണ്ടാംഡോസ് എടുത്തവരാണ്. പരിശോധനയിൽ ഇവരുടെ കോവിഡ് പ്രതിരോധശേഷി നന്നേ കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് രഹസ്യമായി ഇവർ മൂന്നാം ഡോസ് സ്വീകരിച്ചിരിക്കുന്നത്.

മൂന്നാം ഡോസ് എടുക്കുന്ന കാര്യത്തിൽ രാജ്യം ഇനിയും തീരുമാനമെടുത്തിട്ടില്ല. എന്നാൽ പല വിദേശ രാജ്യങ്ങളിലും മൂന്നാം ഡോസ് എടുത്തുതുടങ്ങിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്ത്യയിൽ ഇത് ആവശ്യമാണോ എന്ന കാര്യത്തിൽ ചർച്ചകൾ നടന്നു വരികയാണ്.

മതിയായ പരിശോധനകൾ നടത്താതെയാണ് പലരും മൂന്നാം ഡോസ് എടുക്കുന്നത് അപകടകരമാണെന്നു പോലും വിദഗ്ധാഭിപ്രായമുണ്ട്. മുംബൈയിലെ ചില സ്വകാര്യ ആശുപത്രികളിലാണ് മൂന്നാം ഡോസ് വാക്സിൻ പലർക്കും നൽകിയത്. കുപ്പിയിൽ പത്ത് ഡോസ് കഴിഞ്ഞ് ബാക്കി വരുന്ന ഒരു ഡോസ് ആണ് ഇത്തരത്തിൽ നൽകിയതെന്ന് ചില ആശുപത്രികൾ പറയുമ്പോൾ അവസാനത്തെ ഡോസ് സ്വീകരിക്കാൻ ആളില്ലാത്ത അവസ്ഥയിലാണ് മൂന്നാം ഡോസ് നൽകിയതെന്നാണ് മറ്റു ചിലരുടെ വിശദീകരണം.

മഹാരാഷ്ട്രയിൽ വാക്സിൻ ലഭിക്കാൻ നിരവധി പേർ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഇത്തരത്തിൽ ചിലർ സ്വാധീനം ദുരുപയോഗം ചെയ്തു മൂന്നാം ഡോസ് സ്വീകരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here