ലോക്കൽ ട്രെയിനിലെ സഹയാത്രികർ

യാതൊരു സാമൂഹിക അകലവും പാലിക്കാതെ മുട്ടിയുരുമ്മിയുള്ള യാത്ര. പലരുടേയും മാസ്ക് സൈഡ് ബാഗിലാണ്. അടുത്ത് നിൽക്കുന്നവൻ വാക്സിൻ എടുത്തതാണ് എന്ന ധൈര്യത്തിലാണ് പലരും യാത്ര ചെയ്യുന്നത്. മുംബൈയിലെ ലോക്കൽ ട്രെയിൻ യാത്രകളിലെ ജാഗ്രതക്കുറവിനെ കുറിച്ച് രാജൻ കിണറ്റിങ്കര എഴുതുന്നു.

0

യൂണിവേഴ്സൽ പാസോ സെക്കന്റ് ഡോസോ ഒന്നും മുംബൈ ജനതയെ ബാധിക്കുന്ന കാര്യങ്ങളല്ല. വണ്ടി ഓടിയിട്ടുണ്ടെങ്കിൽ അത് പ്ലാറ്റ്ഫോമുകളിൽ നിർത്തിയിട്ടുണ്ടെങ്കിൽ അവർ ട്രെയിനിൽ കയറിയിരിക്കും. അങ്ങിനെയാണ് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടുന്നത്. പീക്ക് ഹവേഴ്സിൽ ഏതാണ്ട് പഴയ പോലെ തന്നെയാണ് ട്രെയിനുള്ളിലെ തിരക്ക് . ഫാസ്റ്റ് ട്രെയിനുകളിലെ കാര്യം പറയുകയും വേണ്ട. സ്ലോ ട്രെയിനിൽ പൊതുവേ തിരക്ക് അല്പം കുറവാണ്.

രണ്ട് ഡോസ് എടുത്തവർക്ക് മാത്രമേ പാസ്സ് ഇഷ്യൂ ചെയ്യുന്നുള്ളു എന്നതിനാൽ പലരും ടിക്കറ്റില്ലാതെയാണ് യാത്ര. ടി സി പിടിച്ചാൽ പിഴയടക്കാം എന്ന ധൈര്യം. എല്ലാ സ്റ്റോപ്പിലും നിർത്തുന്ന വണ്ടി ആയതിനാൽ സ്ലോ ട്രെയിനിൽ ടി സി എവിടെ നിന്ന് വേണമെങ്കിലും കയറാം. അതാണ് ടിക്കറ്റില്ലാത്തവർ യാത്രക്ക് ഫാസ്റ്റ് ട്രെയിൻ തെരഞ്ഞെടുക്കാൻ കാരണം.

യാതൊരു സാമൂഹിക അകലവും പാലിക്കാതെ മുട്ടിയുരുമ്മിയുള്ള യാത്ര. പലരുടേയും മാസ്ക് സൈഡ് ബാഗിലാണ്. അടുത്ത് നിൽക്കുന്നവൻ വാക്സിൻ എടുത്തതാണ് എന്ന ധൈര്യത്തിലാണ് പലരും യാത്ര ചെയ്യുന്നത്. അങ്ങനെ ആ ധൈര്യവുമായി ഇന്നലെ ഓഫീസിൽ നിന്ന് തിരിച്ചു വരുമ്പോഴാണ് താനെയിൽ എത്തിയപ്പോൾ ഒരു സീറ്റ് കിട്ടിയത്. ഇരുപ്പുറപ്പിക്കും മുന്നേ അടുത്തിരിക്കുന്ന ആൾക്ക് ഒരു ഫോൺ വന്നു. സംസാരത്തിനിടയിൽ അയാൾ പറയുന്നത് കേട്ടു ” മേരാ വാക്സിൻ അഭി ഹുവാ നഹി , അഗലാ മഹി നെ ദേഖ് നെ കാ” . ഞാൻ മെല്ലെ സീറ്റിൽ നിന്ന് എണീറ്റ് വാതിൽക്കൽ ചെന്ന് പുറത്തേക്കും നോക്കി നിന്നു. കൂടെയുള്ള ഇവിടത്തുകാരനായ എന്റെ സഹപ്രവർത്തകൻ എന്താ എണീറ്റത്? ഡോംബിവലി ആയില്ലല്ലോ എന്ന് പറയുന്നുണ്ട്. വാക്സിൻ എടുക്കാത്ത ഒരു കൊറോണ അഗ്നിപർവ്വതമാണ് എന്റെ അടുത്തിരിക്കുന്നത് എന്ന് അയാളോട് പറയാൻ പറ്റില്ലല്ലോ.

വാതിൽക്കൽ നിന്ന് ഞാൻ കേൾക്കുന്നുണ്ടായിരുന്നു എന്റെ അടുത്തിരുന്ന ആൾ ഫോണിൽ പറയുന്നത്. ആളുകളുടെ ഉത്തരവാദിത്തമില്ലായ്മയും അശ്രദ്ധയും വാക്സിൻ എടുക്കാനുള്ള മടിയും ഒക്കെയാണത്രെ രോഗികൾ കൂടാൻ കാരണം. രണ്ട് വാക്സിനെടുത്ത ആൾക്ക് ഒന്നു പോലും എടുക്കാത്തവന്റെ ഉപദേശം. അല്ലെങ്കിലും ഉപദേശത്തിന് നഗരത്തിലെവിടെയാ പഞ്ഞം ?

രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here