രണ്ടായിരത്തിൽ നടന്ന സംഭവമാണ്. അന്ന് ഞാൻ ഐരോളിയിലെ ബ്രിഡ്ജ് വ്യൂ സൊസൈറ്റിയുടെ ഭാരവാഹി ആയിരുന്ന കാലം. എൻറെ സുഹൃത്ത് ചവാൻ ആയിരുന്നു സൊസൈറ്റി സെക്രട്ടറി. മലയാളികൾ കുറവായിരുന്ന സൊസൈറ്റിയിൽ അന്ന് ചവാൻ കൂടാതെ വേറെ രണ്ടു മൂന്ന് സ്നേഹിതർ കൂടെ ഉണ്ടായിരുന്നു ഞങ്ങളുടെ ഗ്രൂപ്പിൽ. മിക്കവാറും ദിവസങ്ങളിൽ തമ്മിൽ കാണുകയും സൊസൈറ്റി കാര്യങ്ങൾ കൂടാതെ സ്വന്തം പ്രശ്നങ്ങളും ചർച്ച ചെയ്യുകയും പരിഹാരം കണ്ടെത്തുകയും ചെയ്തിരുന്നു. പരസ്പര ബന്ധങ്ങൾ വാട്ട്സപ്പിൽ ഒതുങ്ങുന്നതിന് മുൻപുള്ള നല്ല കാലം എന്നും പറയാം.
ചവാന് മൾട്ടിനാഷണൽ കമ്പനിയിൽ നല്ല ഉദ്യോഗം ഉണ്ടായിരുന്നുവെങ്കിലും അയാൾക്കു വിദേശത്തു പോയി പണം സമ്പാദിക്കാൻ വലിയ മോഹമായിരുന്നു. പലപ്പോഴും സംവാദങ്ങളിൽ തന്റെ ഡോളർ സ്വപ്നങ്ങൾ കടന്നു വരിക പതിവായിരുന്നു.
അങ്ങനെയിരിക്കുമ്പോൾ ചവാനിൽ ചില മാറ്റങ്ങൾ വന്നത് ഞങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. അസാധാരണമായി ചിരിക്കുകയും അപസ്വരത്തിൽ പാട്ടുപാടുകയും കണ്ടതോടെ ഞങ്ങൾക്ക് സംശയം വർദ്ധിച്ചു . എന്നാൽ ഞങ്ങൾ ഇതൊന്നും അറിഞ്ഞതായി ഭാവിച്ചതുമില്ല.
ഒരു ദിവസം ഉച്ചയ്ക്ക് ഏകദേശം രണ്ടു മണിയോടുകൂടി ചവാൻ എന്നെ വിളിച്ച് പെട്ടെന്ന് താഴേക്ക് വരാമോ എന്ന് ചോദിച്ചു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ “നീ എത്രയും പെട്ടെന്ന് താഴോട്ടു വരു” എന്നാണ് ഹിന്ദിയിൽ അയാൾ അലറി വിളിച്ചത്. ഞാൻ ഉടനെ തന്നെ താഴേക്ക് ചെന്നപ്പോൾ ഒരു വിഡ്ഢി ചിരിയുമായി നിൽക്കുന്ന ചവാനെയാണ് കണ്ടത്. എന്തായാലും കുഴപ്പമൊന്നുമില്ലല്ലോ എന്നോർത്ത് എന്റെ ശ്വാസം നേരെ വീണു. കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് ചവാൻ വിവരം പറയുന്നത്.
“ഞാൻ ഈ കാര്യം ആരോടും ഇതുവരെ പറഞ്ഞിട്ടില്ല നിന്നോട് മാത്രമാണ് പറയാൻ പോകുന്നത്” അപസർപ്പക കഥയിലെ നായകനെ പോലെ സസ്പെൻസ് ബിൽഡ് അപ്പ് ചെയ്തു കൊണ്ട് ചവാൻ പറഞ്ഞു തുടങ്ങി. കാര്യമെന്തെന്ന് അറിയാനുള്ള തിടുക്കത്തിൽ കാതോർത്ത് നിന്ന എന്നോട് അയാൾ സംഭവത്തിന്റെ ചുരുളുകൾ ഒന്നൊന്നായി അഴിച്ചിട്ടു.
“എനിക്ക് ലോട്ടറി അടിച്ചു. മൈക്രോസോഫ്റ്റ് കമ്പനിയാണ് എൻറെ മൊബൈൽ നമ്പർ സെലക്ട് ചെയ്തിരിക്കുന്നത്. എനിക്ക് അവർ ഒരു സർട്ടിഫിക്കറ്റും അയച്ചു തന്നിട്ടുണ്ട്” ഒറ്റ ശ്വാസത്തിൽ ചവാൻ പറഞ്ഞൊപ്പിച്ചു. പ്രതികരണത്തിനായി എന്റെ മുഖത്തേക്ക് തുറിച്ചു നോക്കികൊണ്ട് അയാൾ അടുത്ത ഭാഗവും പറഞ്ഞു തീർത്തു
“ഒരു ലക്ഷം പൗണ്ട് ആണ് എനിക്ക് കിട്ടാൻ പോകുന്നത്. ക്യാഷ് പേയ്മെന്റ് ആയിരിക്കും. പക്ഷേ കസ്റ്റംസ് ക്ലിയറൻസിന് വേണ്ടി 45,000 രൂപ ഉടനെ അയച്ചു കൊടുക്കണം. മൈക്രോസോഫ്റ്റുകാർ എന്നെ കുറേ തവണയായി വിളിക്കുന്നു എനിക്ക് പൈസ എങ്ങനെ അയച്ചു കൊടുക്കണം എന്ന് അറിയില്ല… നീ എന്നെ സഹായിക്കണം. അയാളിപ്പോൾ എയർപോർട്ടിൽ ഉണ്ട്. അയാളുടെ അക്കൗണ്ടിൽ ഉടൻ പൈസ ഇടാനാണ് പറയുന്നത്. മാത്രമല്ല അയാൾ സംസാരിക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല .. ഏതോ വിദേശിയാണ്. നീ ഒന്നു സംസാരിക്കുമോ.”

ചവാൻ അവസാന വാചകം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഞാൻ അയാളോട് പറഞ്ഞു ഇത് തട്ടിപ്പാണെന്ന്. ഇതുപോലെ ലോട്ടറി അടിച്ച സന്ദേശങ്ങൾ പലർക്കും വന്നിട്ടുണ്ടെന്നും ഫ്രോഡ് ആണെന്ന് പറഞ്ഞെങ്കിലും മുഖവിലക്കെടുക്കാൻ അയാൾ തയ്യാറായില്ല.
ഒരു ശത്രുവിനെ നോക്കുന്നത് പോലെ ചവാൻ എന്നെ അടിമുടി നോക്കി. ഞാൻ പറയുന്നതൊന്നും അയാളുടെ തലയിൽ കയറുന്നില്ല. രണ്ടു മൂന്നു ദിവസമായിട്ട് അയാളുടെ വീട്ടിൽ ഈ പണം എങ്ങനെ ചെലവാക്കണം എന്നതിനെ കുറിച്ചുള്ള പദ്ധതികൾ ഒന്നൊന്നായി നെയ്തു കൊണ്ടിരിക്കുകയായിരുന്നു. അയാളുടെ അത്തരമൊരു മാനസികാവസ്ഥയിൽ എന്റെ വാക്കുകൾ വിഫലമായി.
ഞാൻ പറയുന്നതൊന്നും അയാൾക്ക് വിശ്വാസം വരുന്നില്ല. അങ്ങിനെയാണ് ഞാൻ വേറെ രണ്ടു മൂന്നു പേരെ കൂടി വിളിച്ചു വരുത്തി അവരോട് കാര്യങ്ങൾ അവതരിപ്പിച്ചത്. അവരും ചവാനെ ഉപദേശിച്ചു. എന്നുമാത്രമല്ല ഇതുപോലെയുള്ള കുറെ ഫ്രോഡ് മെസ്സേജുകൾ കാണിച്ചു കൊടുക്കയും ചെയ്തു.
പിന്നീടാണ് അയാൾക്ക് ഇക്കാര്യത്തിൽ ബോധം ഉണർന്നത്. അടിച്ച ലോട്ടറി കയ്യിൽ നിന്നും വഴുതി പോയ വിഷാദഭാവത്തോടെയായിരുന്നു പാവം ചവാൻ നടന്നകന്നത്. പിന്നീട് കുറെ നാൾ ചവാൻ വലിയ നിരാശയിലായിരുന്നു. വിദ്യാസമ്പന്നർ പോലും ഇത്തരം ചതിക്കുഴികളിൽ വശംവദരാകുമ്പോൾ സാധാരണക്കാരുടെ സ്ഥിതിയെ കുറിച്ച് എന്ത് പറയാൻ. കിലുക്കത്തിൽ ലോട്ടറി അടിച്ചെന്ന് കേട്ട് മതിമറക്കുന്ന കിട്ടുണ്ണിമാരാണ് ഇത്തരം ഓൺലൈൻ തട്ടിപ്പുകാരുടെ ഇരകൾ.

ശ്രീകുമാർ മേനോൻ
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 15
- വരികൾക്കിടയിലൂടെ – (Rajan Kinattinkara) – 12
- സൈതാലിക്ക (Rajan Kinattinkara)
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 9
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 8