വംശനാശം നേരിട്ട തൊഴിൽ

ലോക്കൽ ട്രെയിനിന്റെ കട കട ശബ്ദം പോലെ അന്ന് ടൈപ്പ് റൈറ്റിങ് മഷിനിന്റെ ശബ്ദം മുംബൈ നഗരത്തിന്റെ ഹൃദയ താളമായിരുന്നു. മഹാനഗരത്തിലെ മാറിയ തൊഴിൽ സംസ്കാരത്തെ കുറിച്ച് രാജൻ കിണറ്റിങ്കര എഴുതുന്നു.

0

എഴുപതുകളിലും എൺപതുകളിലും മുംബൈയിലേക്ക് കുടിയേറിയ മലയാളികൾക്ക് നഗരം തൊഴിൽ നൽകിയത് കൈയിലെ ഡിഗ്രി സർട്ടിഫിക്കറ്റോ കിട്ടിയ മാർക്കോ ഒന്നും നോക്കിയായിരുന്നില്ല. അവരോട് ചോദിച്ചത് ടൈപ്പ് റൈറ്റിംഗും ഷോർട്ട് ഹാന്റും അറിയുമോ എന്നായിരുന്നു. അങ്ങനെ ഭാഷയറിയാത്ത മലയാളികൾ മസ്ജിദിലും കൽബാ ദേവിയിലും ഫോർട്ടിലുമൊക്കെയുള്ള അഡ്വേക്കേറ്റുമാരുടേയും സി.എ മാരുടേയും ഓഫീസുകളിൽ കയറിക്കൂടി. ഓഫീസിലെ ഫയലുകൾക്കിടയിൽ ഞെങ്ങിഞെരുങ്ങി ഇരിക്കുന്ന റെമിങ്ടൺ മെഷിനു മുന്നിൽ മനസ്സുകൊണ്ട് ദക്ഷിണ വച്ച് അവർ നഗരത്തിലെ പ്രവാസ ജീവിതത്തിന് പച്ചക്കൊടി വീശി.

ലോക്കൽ ട്രെയിനിന്റെ കട കട ശബ്ദം പോലെ അന്ന് ടൈപ്പ് റൈറ്റിങ് മഷിനിന്റെ ശബ്ദം മുംബൈ നഗരത്തിന്റെ ഹൃദയ താളമായിരുന്നു. മസ്ജിദിലേയും കൽബാ ദേവിയിലെയും കുടുസ്സു മുറികളിൽ നിന്ന് അതിജീവനത്തിന്റെ ബാലപാഠം പഠിച്ച പലർക്കും പിന്നീട് പല പ്രൈവറ്റ് ലിമിറ്റഡ് പബ്ലിക് ലിമിറ്റഡ് കമ്പനികളിലും അവസരം കിട്ടി. ചിലർ ഗൾഫ് നാടുകളിൽ ഭാഗ്യം പരീക്ഷിച്ചു.

മഹാനഗരത്തിലെ ബാച്ചിലർ വസന്തമായിരുന്നു ആ കാലം. എന്തിനും ഏതിനും ക്ഷണിക്കപ്പെടാതെ ഓടിയെത്തുന്ന ബാച്ചിലേഴ്സ് . അതൊരു ധൈര്യമായിരുന്നു, വിശ്വാസമായിരുന്നു. കളങ്കമില്ലാത്ത കരുതലായിരുന്നു.

മഹാനഗരത്തിൽ കാറും ഫ്ലാറ്റുമൊക്കെയായി ജീവിതം നയിക്കുന്ന ഭൂരിപക്ഷം മലയാളികളും ഒരിക്കൽ പഴയ റെമിംഗ്ടൺ മെഷിന് മുന്നിൽ കാലം ചെലവഴിച്ചവർ ആയിരിക്കും.

കാലത്തിന്റെ പ്രയാണത്തിൽ റെമിങ്ടൺ മെഷീൻ ഇലക്ടോണിക് ടൈപ്പ് റൈറ്ററിലേക്ക് ചുവടു മാറ്റി . മായ്ക്കാനുള്ള റബ്ബറുകളും തല പോയ അക്ഷരങ്ങളും വിട പറഞ്ഞു. വടിവൊത്ത അക്ഷരങ്ങൾ കത്തുകളെ മനോഹരമാക്കി. അന്ന് കൊറിയർ സേവനവും ഇത്ര പ്രചാരത്തിലില്ല. എഴുത്തുകൾ പോസ്റ്റലായിട്ടായിരുന്നു അയച്ചിരുന്നത്.

പിന്നീടാണ് കമ്പ്യൂട്ടർ വരുന്നത്. അതോടെ ജോലിഭാരം കുറഞ്ഞു. പഴയ പല ടൈപ്പിസ്റ്റുകളും കമ്പ്യൂട്ടറിന്റെ മനസ്സറിയാൻ കഴിയാതെ കുഴങ്ങി. ചിലർ കമ്പ്യൂട്ടർ പഠിച്ചെടുത്തു. ടൈപ് റൈറ്റിംഗും ഷോർട്ട് ഹാന്റുമായി ജീവിതം തള്ളിനീക്കിയ പലരും സെക്രട്ടറി എന്ന പുതിയ പദവി അലങ്കരിച്ചു. ഓഫീസിലെ എക്സിക്യൂട്ടീവ്സിന്റെ സെക്രട്ടറിയായി പഴയ മസ്ജിദുകാർ നരിമാൻ പോയന്റിലെയും കഫ് പരേഡിലേയും ബഹുനില കെട്ടിടങ്ങളിലെ ലിഫ്റ്റുകളിൽ കയറിയിറങ്ങി. കീറിയ പോക്കറ്റുമായി നടന്നിരുന്ന ചിലരെങ്കിലും ടൈയും ഷൂസുമിട്ട് ശീതീകരിച്ച ഓഫീസിലെ കുഷ്യനുള്ള ചാരു കസേരയിൽ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി.

മഹാനഗരത്തിൽ ഇന്ന് പച്ചപിടിച്ച് സ്വന്തം കാറും ഫ്ലാറ്റുമൊക്കെയായി ജീവിതം സുഖകരമായി മുന്നോട്ട് കൊണ്ട് പോകുന്ന ഭൂരിപക്ഷം മലയാളികളും ഒരിക്കൽ പഴയ റെമിംഗ്ടൺ മെഷിന് മുന്നിൽ കാലം ചെലവഴിച്ചവർ ആയിരിക്കും.

കമ്പ്യുട്ടറുകൊണ്ടും നിന്നില്ല. പിന്നീട് എത്തിയത് ഇമെയിൽ സംവിധാനം. കത്തുകൾ എഴുതി പോസ്റ്റ് ചെയ്യേണ്ട . കാത്തിരിപ്പില്ല. കമ്മ്യൂണിക്കേഷൻ എന്നത് മിനിട്ടുകൾക്കുള്ളിലായി മാറി.

അതോടെ സെക്രട്ടറി എന്ന പദവിയും അപ്രസക്തമായി. സ്വന്തം മെയിലിൽ വരുന്ന മെസേജുകൾക്ക് മറുപടി അയക്കാൻ ബോസിന് ഒരു സഹായിയുടെ ആവശ്യമില്ലായിരുന്നു. അങ്ങനെ ബോസ് തന്നെ സെക്രട്ടറിയായി മാറുന്ന അവസ്ഥയിലേക്ക് നഗരത്തിലെ കോർപ്പറേറ്റ് സംവിധാനം മാറി . ആ മാറ്റം സാരമായി ബാധിച്ചത് മലയാളികളെയായിരുന്നു. കാരണം നെഴ്സിങ് ഫീൽഡു പോലെ ഓഫീസുകളിലെ സെക്രട്ടറി പോസ്റ്റിനും ക്ഷമയും ആത്മാർത്ഥതയുമുള്ള മലയാളി തന്നെ വേണമായിരുന്നു മാർവാഡി ഗുജറാത്തി മുതലാളിമാർക്ക്.

ഇന്ന് സെക്രട്ടറി അല്ലെങ്കിൽ പി.എ എന്നൊരു പോസ്റ്റ് ഓഫീസുകളിൽ ഇല്ലാതായിരിക്കുന്നു. കാലത്തിനൊപ്പം പുതിയ തൊഴിലവസരങൾ തേടി മലയാളികൾ പുതിയ സാങ്കേതിക വിദ്യകൾ പഠിച്ചു തുടങിയിരിക്കുന്നു . നഗരത്തിന്റെ ഹൃദയതാളം നഷ്ടപ്പെടുന്നതിനൊപ്പം വംശനാശം വന്ന് ബാച്ചിലേഴ്സും ടൈപ്പിസ്റ്റ് – സ്റ്റെനോ- സെക്രട്ടറി തൊഴിലുകളും .

രാജൻ കിണറ്റിങ്കര – Phone 8691034228


LEAVE A REPLY

Please enter your comment!
Please enter your name here