ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് എന്നൊരു ലേബൽ സത്യത്തിൽ വായനക്കാരെ അകറ്റി കളഞ്ഞിട്ടുണ്ടെങ്കിലും അതിനേക്കാൾ എത്രയോ ആവശ്യവും വലുതുമാണ് തൻ്റെ രാഷ്ട്രീയവും ദർശനവുമെന്ന് എഴുത്തുകാരി സാറാ ജോസഫ്. നെരൂളിലെ ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ പ്രതിമാസ സാഹിത്യ ചർച്ചാ വേദിയായ അക്ഷരസന്ധ്യയിൽ പ്രത്യേക ശബ്ദ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.
ടാഗുകൾക്കപ്പുറം തൻ്റെ നീതിബോധം, മൂല്യബോധം ഇതൊക്കെ വായനക്കാരിലേക്ക് പകരുക എന്നതാണ് പ്രധാനമെന്നും സമരസപ്പെടലുകളില്ലാതെ എഴുതിക്കൊണ്ടേയിരിക്കുക എന്നതാണ് തൻ്റെ ധർമ്മമെന്നും എഴുത്തുകാരി പറഞ്ഞു.
പെണ്ണെഴുത്ത് എന്നു പറയുമ്പോൾ പെണ്ണ് എഴുതുന്നത് എന്ന് അർത്ഥം ആക്കിയാൽ അതിൻെറ പൊളിറ്റിക്സിൽ നിന്ന് അകന്നു പോകുമെന്നും മറിച്ച് അത് സ്ത്രീയുടെ ഒരു രാഷ്ട്രീയമാണ് എന്ന രീതിയിൽ കണക്കാക്കേണ്ടതുണ്ടെന്നും സാറാ ജോസഫ് പറഞ്ഞു. സ്ത്രീയെ ഈ സമൂഹം എങ്ങിനെയാണ് രാഷ്ട്രീയമായും ജനാധിപത്യപരമായും അടയാളപ്പെടുത്തുതെന്നുമാണ് പെണ്ണെഴുത്ത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അവർ കൂട്ടി ചേർത്തു.
ബഹുസ്വരവും, സ്വതന്ത്രവും, ജനാധിപത്യവും, സൗന്ദര്യാത്മകവുമായ ഭാഷയിലൂടെ ഭൂമികയിലൂടെ വ്യത്യസ്തമായ സാംസ്ക്കാരിക മണ്ഡലങ്ങൾ തീർക്കുകയും പൊതുബോധ്യങ്ങളെ കൃത്യമായ രാഷ്ട്രീയം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്യുന്ന തീപ്പിടിച്ച് നിൽക്കുന്ന കഥാപാത്രങ്ങളെ, കാലങ്ങളെ, ചോദ്യങ്ങളെ, ആത്മാന്വേഷണങ്ങളെ, തീർത്ത സാറാ ജോസഫ് എന്ന എഴുത്തുകാരിയെ കേരളം ഇനിയും സമഗ്രമായി പഠിക്കേണ്ടിയിരിക്കുന്നുവെന്ന് ചർച്ച നിയന്ത്രിച്ച രുഗ്മിണി സാഗർ പ്രസ്താവിച്ചു.
കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ മിക്ക രചനകളും അവയിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതിക്കാരോടും സ്ത്രീകളോടും ഉള്ള സമീപനങ്ങളും കൃതികളിലെ അധീശശക്തികളോടുള്ള ശക്തമായ ചെറുത്തുനില്‍പ്പുകളും മറ്റും ചർച്ചയിൽ വന്നു.
നീതി നിഷേധിക്കപ്പെടുമ്പോൾ സ്നേഹം നിഷേധിക്കപ്പെടുന്നു എന്ന എഴുത്തുകാരിയുടെ അന്തർലീനമായ ബോധ്യങ്ങളും ചർച്ചയിൽ വന്നു.
വിദ്യാർത്ഥിനികളായ ഗായത്രി ബാബു, കൃഷ്ണപ്രിയ സജിത് തുടങ്ങിയവർ കൂടെ പങ്കെടുത്ത ചർച്ചയിൽ എഴുത്തുകാരി മാനസി, വിശ്രുത നിരൂപകൻ കെ വി സജയ്, കവി കെ വി ജെ ആശാരി, പി എസ് സുമേഷ്, നിഷ ഗിൽബർട്ട്, ഉഴവൂർ ശശി, രേഖ ഷാജി, അജിത് ശങ്കരൻ, ആർ കെ മാരൂർ, പി ഡി ബാബു ,ഉദയൻഎന്നിവർ സംസാരിച്ച അക്ഷരസന്ധ്യയുടെ പത്തൊമ്പതാമത്തെ ഓൺലൈൻ ചർച്ചയ്ക്ക് അക്ഷരസന്ധ്യ കൺവീനർ ടി വി രഞ്ജിത് നന്ദി പറഞ്ഞു.

- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 15
- വരികൾക്കിടയിലൂടെ – (Rajan Kinattinkara) – 12
- സൈതാലിക്ക (Rajan Kinattinkara)
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 9
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 8
- വരികൾക്കിടയിലൂടെ (Rajan Kintattinkara) – 4
- നന്മയുടെ മുംബൈ – (Rajan Kinattinkara)