പാടാത്ത യേശുദാസ്

പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസന്റെ ഓർമ്മകൾ മാധ്യമ പ്രവർത്തകൻ പ്രേംലാൽ പങ്ക് വയ്ക്കുന്നു.

0

കാർട്ടൂണുകളെ ജനപ്രിയമാക്കിയ കാർട്ടൂണിസ്റ്റുകളിൽ ഒരാളാണ് യേശുദാസൻ. മലയാള മാധ്യമരംഗത്തെ ആദ്യ സ്റ്റാഫ് കാർട്ടൂണിസ്റ്റായി അറിയപ്പെടുന്ന യേശുദാസൻ തന്നെയാണ് മലയാളത്തിൽ പോക്കറ്റ് കാർട്ടൂണുകൾക്കും തുടക്കം കുറിക്കുന്നത്.

ആറു പതിറ്റാണ്ടായി കാർട്ടൂൺ രംഗത്ത് സജീവമായിരുന്ന യേശുദാസൻ്റെ വരകളിലൂടെ കണ്ണോടിക്കുന്നവർക്ക് കേരള രാഷ്ടീയ ചരിത്രം വായിച്ചെടുക്കാനാകും. ചിരിയും ചിന്തയും വിടർത്തുന്നതാണ് യേശുദാസന്റെ വരകൾ. പാടാത്ത യേശുദാസ് എന്നാണ് പല വേദികളിലും അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്.

കാർട്ടൂണിന്റെ ആദ്യ പാഠങ്ങൾ പറഞ്ഞു തന്ന ഗുരുവയാണ് യേശുദാസനെ കണ്ടിട്ടുള്ളത്. അന്ന് കോളേജ് അവധിക്കാലത്തെല്ലാം കൊച്ചിയിലെ കലൂരിലുള്ള ഓഫീസിൽ പോയി കാണുക ഒരു പതിവായിരുന്നു. പഠിപ്പിൽ ശ്രദ്ധ വേണമെന്നും വരകളിൽ ലാളിത്യം ഉണ്ടായിരിക്കണമെന്നും നിരീക്ഷണവും വായനയുമാണ് കാർട്ടൂണിസ്റ്റിന്റെ അടിസ്ഥാന യോഗ്യതയെന്നും പറഞ്ഞു തരുമായിരുന്നു.

യേശുദാസൻ സർ പ്രസിദ്ധീകരിച്ചിരുന്ന അസാധു, കട്ട് കട്ട് , ടക് ടക് തുടങ്ങിയ ആക്ഷേപ ഹാസ്യ മാസികകളിലൂടെയായിരുന്നു മാധ്യമ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മുംബൈയിലെത്തിയ ശേഷം കലാകൗമുദി, ബ്ലിറ്റ്സ് തുടങ്ങിയ പത്രങ്ങളിൽ കാർട്ടൂണുകൾ വരച്ചിരുന്നപ്പോഴും കത്തിലൂടെയും ഫോണുകളിലൂടെയും പ്രോത്സാഹിപ്പിച്ചിരുന്നു. മുംബൈയിൽ ഘാട്കോപ്പറിൽ ഗരോഡിയ നഗറിലെ ബന്ധുക്കളുടെ അടുത്ത് വരുമ്പോഴെല്ലാം ബന്ധപ്പെടുക പതിവായിരുന്നു.

നഗരത്തിന്റെ യാന്ത്രിക തിരക്കിനിടയിൽ ഉപേക്ഷിക്കേണ്ടി വന്ന വരകളുടെ ലോകം നൽകുന്ന നല്ല ഓർമ്മകളിൽ ഒന്നാണ് യേശുദാസന്റെ കീഴിൽ ചിലവിട്ട നാളുകൾ. വരകൾ വാചാലമാണെങ്കിലും വ്യക്തി ജീവിതത്തിൽ സൗമ്യനും മിതഭാഷിയുമാണ്. അദ്ദേഹത്തിന്റെ എഴുത്തുകളും വായിക്കാൻ നല്ല രസമാണ്. ചെറിയ വാചകങ്ങളിൽ വലിയ കാര്യങ്ങൾ പ്രതിപാദിച്ചു കൊണ്ടുള്ള ശൈലിയാണ്. കണ്ടാൽ കവിത പോലെ തോന്നിക്കുന്ന എഴുത്തുകളായിരുന്നു അന്നത്തെ ഇൻലൻഡിൽ അയച്ചിരുന്നത്. പല വട്ടം അതെടുത്ത് വായിക്കുക അന്നെല്ലാം ഒരു രസമായിരുന്നു.

കോവിഡ് വിതച്ച ദുരിതത്തിന്റെ മറ്റൊരു ദുഃഖമായി കാർട്ടൂണിസ്റ്റ് യേശുദാസന്റെ വിയോഗം

  • പ്രേംലാൽ

LEAVE A REPLY

Please enter your comment!
Please enter your name here