ബോളിവുഡിൽ നിന്ന് കടമെടുത്ത ഭ്രമം നിരാശപ്പെടുത്തി (Movie Review)

0

ബോളിവുഡിൽ മികച്ച പ്രതികരണം നേടിയ അന്ധാധൂൻ എന്ന ത്രില്ലറിന്റെ പുനർ നിർമ്മാണമാണ് ഭ്രമം എന്ന പേരിൽ കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത മലയാള ചിത്രം. യുവ നടൻ പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം പക്ഷെ ഹിന്ദി സിനിമയുടെ മികവ് പുലർത്തിയില്ലെന്ന് വേണം പറയാൻ. ബോക്സ് ഓഫീസിൽ വിജയിച്ച ഒരു ചിത്രം മറ്റു ഭാഷകളിൽ റീമേക്ക് ചെയ്യുമ്പോൾ ഇതിനു മുൻപും നിരാശയുണ്ടാക്കിയിട്ടുണ്ട്. ദൃശ്യം, കിരീടം, കിലുക്കം, ചിത്രം മണിച്ചിത്രത്താഴ്, തേവർ മകൻ, ഡോൺ, സഞ്ജീർ, തുടങ്ങി ഉദാഹരണങ്ങൾ നിരവധിയാണ്.

പ്രേക്ഷകരെ തുടക്കം മുതൽ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ബോളിവുഡ് ചിത്രത്തിന്റെ തനി പകർപ്പയാണ് മലയാള ചിത്രവും ഒരുക്കിയതെങ്കിലും പല ഘട്ടങ്ങളിലും ചിത്രത്തിന് ഇഴച്ചിലും ബോറടിയും അനുഭവപ്പെടും. ഒറിജിലിനെ വെല്ലാൻ കഴിഞ്ഞില്ലെങ്കിലും ചിത്രം മലയാളി പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവമാകും പകരുക.

കോമഡിയുടെ പാതയിലൂടെ സഞ്ചരിക്കുന്ന ഒരു സസ്‌പെൻസ് ത്രില്ലറാണ് ചിത്രം . അന്ധാധൂനിന്റെ റിമേക്ക് എന്ന നിലയിൽ മലയാള സിനിമാപ്രേക്ഷകരും ആകാംക്ഷയോടെയായിരുന്നു ‘ഭ്രമ’ത്തിനായി കാത്തിരുന്നത്.

കണ്ണിന് കാഴ്ചയില്ലാത്ത സുന്ദരനായ പിയാനിസ്റ്റാണ് റെയ് മാത്യു. ഇയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില ട്വിസ്റ്റുകളാണ് ‘ഭ്രമം’ പകർന്നാടുന്നത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയിൽ അന്ധനെന്ന രീതിയിൽ ലഭിക്കുന്ന സമൂഹത്തിന്റെ പരിഗണനയെ ചൂഷണം ചെയ്താണ് റെയ് മാത്യു ജീവിക്കുന്നത്.

അന്ധനായ പിയാനിസ്റ്റ് എന്നതാണ് റെയ് മാത്യുവിന്റെ ഐഡന്റിറ്റിയും. എന്നാൽ അന്ധത എന്നത് അയാൾ സ്വയം എടുത്തണിഞ്ഞ മുഖംമൂടി മാത്രമായിരുന്നു. എങ്ങിനെയും പണം തരപ്പെടുത്തി വിദേശത്തേക്ക് പോകാനാണ് ഇയാളുടെ മോഹം. അവിടെ പുതിയൊരു ജീവിതം കെട്ടിപ്പടുത്ത് ലാവിഷായി ജീവിക്കണം എന്നൊക്കെയാണ് റെയ് മാത്യുവിന്റെ നടക്കാത്ത സ്വപ്നം.

അങ്ങനെയിരിക്കെയാണ് ഒരു നൈറ്റ് ക്ലബ്ബിൽ വച്ച് ഒരു പഴയ കാല സിനിമാ താരത്തെ പരിചയപ്പെടുന്നത്. റെയ് മാത്യുവെന്ന പിയാനിസ്റ്റിനോട് ഇഷ്ടം തോന്നിയ സിനിമാതാരം തന്റെ ഭാര്യയ്ക്ക് സർപ്രൈസ് നൽകാനായാണ് ഫ്ളാറ്റിലേക്ക് ക്ഷണിക്കുന്നത്.

സിനിമാ താരത്തിന്റെ വീട്ടിൽ വച്ചാണ് റെയ് മാത്യുവിന്റെ ജീവിതം തകിടം മറിയുന്നത്. യാദൃശ്ചികമായി ദൃക്‌സാക്ഷിയാകേണ്ടി വന്ന കൊലപാതകവും തുടർന്നുള്ള പ്രശ്നങ്ങളുമാണ് ചിത്രത്തെ നയിക്കുന്നത്. ജീവിക്കാനായി ചില ആനുകൂല്യങ്ങൾ കിട്ടാൻ വേണ്ടി അന്ധൻ ചമഞ്ഞു നടന്നിരുന്ന പിയാനിസ്റ്റിന് ജീവിതം തന്നെ വലിയ വെല്ലുവിളിയായി മാറി.

പൃഥ്വിരാജാണ് റെയ് മാത്യു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ സ്റ്റൈലിഷ് ആയി പിയാനിസ്റ്റിനെ യുവ നടൻ അവതരിപ്പിച്ചു. അന്ധന്റെ മാനറിസങ്ങൾ ചില ഘട്ടങ്ങളിൽ കൈവിട്ടു പോകുന്നത് കാണികൾക്ക് അനുഭവപ്പെടും. അന്ധനായ ഒരാളുടെ ശരീരഭാഷയെ കൈയടക്കത്തോടെ പകർന്നാടിയ ആയുഷ്മാൻ ഖുറാനയുടെ മികവ് ചിലയിടങ്ങളിൽ പൃഥ്വിയ്ക്ക് കൈമോശം വരുന്നുണ്ട്. എന്നാൽ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞത് മംമ്ത മോഹൻദാസാണ്. ഉണ്ണി മുകുന്ദനും ഗസ്റ്റ് റോളിൽ എത്തുന്ന ജഗദീഷും കഥാപാത്രങ്ങളോട് നീതി പുലർത്തി. റാഷി ഖന്ന, അനന്യ, സുധീര്‍ കരമന, ശങ്കർ, ജഗദീഷ്, സ്മിനു സിജോ, എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണവും ചിത്ര സംയോജനവും മികച്ചതായി.

LEAVE A REPLY

Please enter your comment!
Please enter your name here