ജ്വല്ലറി ഉടമക്ക് ജാമ്യം ലഭിച്ചില്ല; ആശങ്കയൊഴിയാതെ നിക്ഷേപകർ

0

താനെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്ത വിജിഎൻ ജ്വല്ലറി ഉടമയെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയിരുന്നു. ഒക്ടോബർ 5 ന് അറസ്റ്റിലായ 76കാരനായ വി ജി നായരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനാണ് കോടതി ഉത്തരവിട്ടത്. ഒക്ടോബർ 9 വരെ പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം, കോടതി 14 ദിവസം കൂടി കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയായിരുന്നു.

കോവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൌൺ കാരണമാണ് സാമ്പത്തിക പ്രതിസന്ധി നേരിട്ടതെന്നാണ് വി ജി നായർ കോടതിയെ ധരിപ്പിച്ചത്. കോവിഡിന് മുൻപ് നിരവധി നിക്ഷേപകർക്ക് സ്വർണമായും പണമായും തിരിച്ചു നൽകാൻ കഴിഞ്ഞിരുന്നുവെന്നും വി ജി നായർ കോടതിയിൽ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ജ്വല്ലറി ഉടമ പല ഘട്ടങ്ങളിലും കോടതിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ വൈകാരിമായി.

ഇതിനകം 137 നിക്ഷേപകരാണ് പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ഡിസംബർ വരെ ജ്വല്ലറി ഉടമ സാവകാശം ചോദിച്ചിരുന്നതാണ്.

ആകർഷകമായ പദ്ധതിയിലെ അനാകർഷക ഘടകങ്ങൾ

വിജിഎൻ ജ്വല്ലറിയുടെ കല്യാൺ, ഡോംബിവ്‌ലി, ഉല്ലാസ് നഗർ, മുളുണ്ട് തുടങ്ങിയ ഷോറൂമുകൾ കേന്ദ്രീകരിച്ച് നടത്തിയിരുന്ന നിക്ഷേപ പദ്ധതികളാണ് പ്രതിസന്ധിയിലായത്. ആകർഷകമായ വരുമാനം വാഗ്ദാനം ചെയ്തു കാലങ്ങളായി നടത്തി വന്നിരുന്ന പദ്ധതിയിലൂടെ നിരവധി നിക്ഷേപകരാണ് മുൻ കാലങ്ങളിൽ നേട്ടമുണ്ടാക്കിയിട്ടുള്ളതെന്ന് ജ്വല്ലറി ഉടമ അവകാശപ്പെടുന്നു. 2006 മുതൽ 2021 വരെയുള്ള കാലയളവിൽ ലക്ഷക്കണക്കിന് നിക്ഷേപകരാണ് പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. കഴിഞ്ഞ 40 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഇതാദ്യമായാണ് ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്.

പ്രതിമാസം 500 രൂപ വീതം 24 മാസത്തേക്ക് അടച്ചാൽ 14,000 രൂപയോ സ്വർണ്ണാഭരണങ്ങളോ തിരികെ നൽകുന്നതാണ് ഒരു പദ്ധതി. അതുപോലെ, മറ്റൊരു സ്കീമിൽ, ഒന്ന് മുതൽ അഞ്ച് വർഷത്തേക്ക് സ്ഥിര നിക്ഷേപം നൽകിയാൽ 15 മുതൽ 20 ശതമാനം വരെ പലിശയാണ് വാഗ്ദാനം നൽകിയിരുന്നത് .

പകർച്ചവ്യാധിയെ തുടർന്ന് പുതിയ നിക്ഷേപങ്ങൾ പെട്ടെന്ന് നിലച്ചതാണ്‌ പദ്ധതിയുടെ തകർച്ചക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പുതിയ നിക്ഷേപകരിൽ നിന്നും നിരന്തരമായി വന്നു കൊണ്ടിരുന്ന പണം കൊണ്ടായിരുന്നു പഴയ നിക്ഷേപകർക്ക് പലിശയായി നൽകി വന്നിരുന്നതെന്ന് വേണം അനുമാനിക്കാൻ.

ഒരു കച്ചവട സ്ഥാപനത്തിനും 15 മുതൽ 20 ശതമാനം വരെ പലിശ നൽകി പിടിച്ചു നിൽക്കാനാകില്ലെന്നാണ് വ്യവസായ രംഗത്തെ പ്രമുഖർ പറയുന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പ് ചിലവും ജീവനക്കാരുടെ ശമ്പളവും കൂടി ചേർത്താൽ ഇത്തരം ഉയർന്ന പലിശ നൽകി നിക്ഷേപങ്ങൾ വാങ്ങുന്ന കമ്പനികൾക്ക് ലാഭത്തേക്കാൾ കൂടുതൽ ബാധ്യതയാണ് ഉണ്ടാക്കുകയെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നു.

ജ്വല്ലറി ഉടമയെ ജയിലിൽ അടച്ചത് കൊണ്ട് തങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലെന്നാണ് പല നിക്ഷേപകരും ആശങ്കപ്പെടുന്നത് .

മക്കളുടെ വിവാഹത്തിനും, വീട് വാങ്ങാനുമായി നിക്ഷേപം നടത്തിയവരും, ജോലിയിൽ നിന്നും വിരമിച്ച പണം മുഴുവൻ നിക്ഷേപിച്ചു മാസ വരുമാനം കണക്ക് കൂട്ടിയിരുന്നവരുമാണ് ജീവിതം വഴിമുട്ടി അനശ്ചിതാവസ്ഥയിലായിരിക്കുന്നത്.

ALSO READ  |  വി ജി എൻ ജ്വല്ലറി ഉടമയെ അറസ്റ്റ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here