നാളെ മഹാരാഷ്ട്ര ബന്ദ്; കനത്ത പോലീസ് സുരക്ഷ

0

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നാല് കർഷകർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര ഭരണ സഖ്യം ഒക്ടോബർ 11 ന് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. എൻസിപി, കോൺഗ്രസ്, ശിവസേന എന്നിവയുടെ ഭരണ സഖ്യമായ മഹാരാഷ്ട്ര വികാസ് അഘാദി (എംവിഎ) ശനിയാഴ്ച പറഞ്ഞത്, രാജ്യത്തെ കർഷകർക്കൊപ്പമാണ് സംസ്ഥാനമെന്ന് കാണിക്കാനാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് .

നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദിനെ തുടർന്ന് നഗരത്തിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബന്ദിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പ്രധാന കേന്ദ്രങ്ങളിൽ സേനയെ വിന്യസിക്കുന്നതെന്ന് മുംബൈ പോലീസ് പറഞ്ഞു.

മഹാരാഷ്ട്ര ബന്ദിൽ തങ്ങളുടെ പാർട്ടി പൂർണ്ണ ശക്തിയോടെ പങ്കെടുക്കുമെന്ന് ശനിയാഴ്ച ശിവസേന രാജ്യസഭാ നിയമസഭാംഗം സഞ്ജയ് റൗത് പറഞ്ഞു. കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ജനങ്ങളെ ഉണർത്തേണ്ടത് അനിവാര്യമാണെന്നും കർഷകർ അവരുടെ പോരാട്ടത്തിൽ ഒറ്റയ്ക്കല്ലെന്നും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പ്രക്രിയ മഹാരാഷ്ട്രയിൽ നിന്ന് ആരംഭിക്കേണ്ടതുണ്ടെന്നും റൗത് പറഞ്ഞു. മൂന്ന് പാർട്ടികളും ബന്ദിൽ സജീവമായി പങ്കെടുക്കുമെന്നും സഞ്ജയ് റൗത് വ്യക്തമാക്കി.

ജനങ്ങൾ ഒറ്റകെട്ടായി ബന്ദിനെ പിന്തുണക്കണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടു. കടയുടമകൾ സ്വമേധയ കടകൾ അടച്ചിരിക്കണം. ഞായറാഴ്ച അർദ്ധരാത്രി മുതൽ ബന്ദ് പ്രാബല്യത്തിൽ വരുമെന്നും മന്ത്രി നവാബ് മാലിക് പറഞ്ഞു. ബന്ദിൽ ആശുപത്രികൾ, ആംബുലൻസ്, മെഡിക്കൽ ഷോപ്പുകൾ, പാൽ വിതരണം തുടങ്ങിയ അവശ്യ സേവനങ്ങൾക്കായി ഒരു പ്രശ്നവും ഉണ്ടാക്കരുതെന്ന് എല്ലാ തൊഴിലാളികളോടും അഭ്യർത്ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര ബന്ദിനെ പിന്തുണച്ച് തിങ്കളാഴ്ച പൂനെ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റി (എപിഎംസി) അടച്ചിടാൻ വ്യാപാരി സംഘടനകൾ തീരുമാനിച്ചു. എല്ലാ പഴം, പച്ചക്കറി, ഉള്ളി, ഉരുളക്കിഴങ്ങ് വിപണി തിങ്കളാഴ്ച അടച്ചിടുമെന്ന് ഛത്രപതി ശിവജി മാർക്കറ്റ് ട്രേഡേഴ്സ് അസോസിയേഷൻ അറിയിച്ചു. എല്ലാ അംഗങ്ങളോടും തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിക്കാൻ വ്യാപാരി സംഘടനയും അഭ്യർത്ഥിച്ചു. കാർഷിക ഉൽപന്നങ്ങൾ തിങ്കളാഴ്ച വിപണിയിൽ കൊണ്ടുവരരുതെന്ന് വ്യാപാരികൾ കർഷകരോട് ആവശ്യപ്പെട്ടു.

അതെ സമയം മഹാരാഷ്ട്ര ബന്ദ് തീരുമാനത്തെ ഭാരതീയ ജനതാ പാർട്ടി അപലപിച്ചു, ഭരണകക്ഷികൾ ലഖിംപൂർ ഖേരി സംഭവത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here