ഡി വൈ എഫ് ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി പ്രീതി ശേഖർ അറസ്റിലായ നടപടിയിൽ മുംബൈയിൽ വ്യാപക പ്രതിഷേധം

0

ചൊവ്വാഴ്ച വൈകുന്നേരം വസായിലെ വീട്ടിൽനിന്ന് ആസാദ് മൈതാൻ പോലീസാണ് ഡി വൈ എഫ് ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയെ അറസ്റ്റുചെയ്തത്. വസായ് മണിക്പുർ പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയശേഷം രാത്രിയോടെ മുംബൈയിലെ ആസാദ് മൈതാൻ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് കോടതിയിൽ ഹാജരാക്കും.

പ്രീതിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്നുണ്ടായ പോലീസ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാത്തതിനാൽ പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.

കോവിഡ് മൂലമുള്ള പ്രതിസന്ധിയും വാക്‌സിൻ രണ്ടാം ഡോസ് എടുക്കാത്തതിന്റെ ബുദ്ധിമുട്ടും കൊണ്ടാണ് ഓഗസ്റ്റ് 12 ന് കോടതിയിൽ ഹാജരാകാതിരുന്നതെന്നാണ് പ്രീതി പറഞ്ഞത്.

ഡി വൈ എഫ് ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി കൂടിയായ പ്രീതി ശേഖർ കോട്ടയം സ്വദേശിയാണ്. ഭർത്താവ് കെ.കെ. പ്രകാശ് സി.പി.എം. മുംബൈ ജില്ലാ കമ്മിറ്റി അംഗമാണ്..

2013 നവംബർ 29 ന് വിദ്യാഭ്യാസ, തൊഴിൽരഹിതരായ യുവാക്കളുടെ അവകാശങ്ങൾക്ക് വേണ്ടിയും സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടച്ചു പൂട്ടലിനെയും വിദ്യാഭ്യാസരംഗത്തെ സ്വകാര്യവല്‍ക്കരണത്തെയും എതിർത്ത് കൊണ്ടായിരുന്നു മന്ത്രാലയത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചത്..

സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI), ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (DYFI) എന്നിവയുടെ മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റുകൾ സംയുക്തമായി നടത്തിയ പ്രക്ഷോഭ സമരത്തിൽ ആയിരക്കണക്കിന് യുവാക്കളും വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു.

സഖാവ്.പ്രീതിയുടെ അറസ്റ്റിൽ സി പി ഐ (എം) സൗത്ത് താനെ താലൂക്ക് കമ്മറ്റിയുടെ പ്രതിഷേധം സെക്രട്ടറി പി.കെ.ലാലി അറിയിച്ചു. മുംബൈയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here