കോവിഡ് രോഗവ്യാപനത്തിൽ കുറവ്; സംസ്ഥാനത്ത് ഡെങ്കിപ്പനിയും ചിക്കൻഗുനിയയും പടരുന്നു

0

മഹാരാഷ്ട്രയിൽ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി തുടരുന്ന കോവിഡ് രോഗവ്യാപനത്തിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും കൊതുകുകൾ പരത്തുന്ന രോഗങ്ങളുടെ ആശങ്കയിലാണ് സംസ്ഥാനം. കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പടരുന്നതായാണ് റിപ്പോർട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയിൽ ഞായറാഴ്ച 1410 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1520 പേർ രോഗമുക്തിനേടി. 24 മണിക്കൂറിനിടെ 18 പേരാണ് മരിച്ചത്. മുംബൈയിൽ 408 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആറുപേരാണ് നഗരത്തിൽ മരണമടഞ്ഞത്.

ഡെങ്കിപ്പനി കാരണം സംസ്ഥാനത്ത് 22 പേർ മരിച്ചിട്ടുണ്ട്. നാഗ്‌പൂർ, ചന്ദ്രപുർ, കോലാപുർ തുടങ്ങിയ ജില്ലകളിലാണ്ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓഗസ്റ്റിൽ സംസ്ഥാനത്ത് മഴ കനത്തതോടെയാണ് ഡെങ്കിപ്പനിയും കൂടുതലായി പടരുവാൻ തുടങ്ങിയത്. ഓഗസ്റ്റിൽ സംസ്ഥാനത്ത് 3000 ഡെങ്കിപ്പനി കേസുകളും സെപ്റ്റംബറിൽ 3401ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 20 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 20,9541ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം സംസ്ഥാനത്ത് 782 ചിക്കുൻ ഗുനിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 1947 കേസുകളാണ്. കൂടുതൽ ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here