നഗരം ദീപാവലിപ്രഭയിൽ

മഹാമാരി കഴിഞ്ഞുള്ള മുംബൈയുടെ മാറിയ മുഖത്തിലേക്ക് ഒരു പ്രകാശബിന്ദുവായി ദീപാവലിയുടെ കിരണങ്ങൾ.ഒന്നര വർഷമായി ചിരിക്കാൻ മറന്ന അവർ പുഞ്ചിരിക്കാനും തമാശ പറയാനും ശീലിച്ചു കൊണ്ടിരിക്കുന്നു ..... രാജൻ കിണറ്റിങ്കര എഴുതുന്നു

0

ഒന്നര വർഷത്തിന് ശേഷം മഹാനഗരത്തിൽ ഉത്സവങ്ങളുടെ കൊടിയേറ്റ് . അടച്ചിരിപ്പിന്റെ ഏകാന്തതയിൽ അപരിചിതത്വത്തിന്റെ മുഖം മൂടിയണിഞ്ഞ് കടന്നുപോയ ആഘോഷങ്ങൾ. നിറം മങ്ങിയ മുംബൈയുടെ തെരുവുകളിൽ ദീപാവലിയുടെ പൊൻ തെളിച്ചം.

ലോക്കൽ ട്രെയിനുകൾ ജനനിബിഡമായി സെർവീസ് നടത്തുന്നു. മെട്രോ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഓടുന്നു. മാർക്കറ്റും ഹോട്ടലുകളും മാളുകളും സജീവം. മുഖത്തെ ഇനിയും അഴിക്കാത്ത ആവരണത്തിന് പിന്നിൽ നഷ്ടങളുടെ ദീർഘ നിശ്വാസങ്ങൾ.

വിശേഷ ദിവസങ്ങൾ മുംബൈ നഗരിക്ക് എന്നും ആഘോഷങ്ങളാണ്. എവിടെയാണോ അവിടെ എന്നതാണ് മുംബൈയുടെ ആഘോഷ മന്ത്രം. ട്രെയിനിലും തെരുവിലും ജോലി സ്ഥലത്തും അവർ ഉത്സവ ദിനങ്ങളെ ആഘോഷ ഭരിതമാക്കും. അന്നത്തെ അന്നത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിൽ സ്വകാര്യ ദുഃഖങ്ങളെ ഒരു വേള മറക്കുവാൻ മുംബൈവാസി സ്വയം കണ്ടെത്തിയ ഒറ്റമൂലി.

പക്ഷെ , വർഗ്ഗീയ ലഹളയിലും ബോംബ് സ്ഫോടനത്തിലും തീവ്രവാദി ആക്രമണങ്ങളിലും മഹാ പ്രളയത്തിലും തളരാത്ത മുംബൈയുടെ മനസ്സ് ഒരു അദൃശ്യ വൈറസ്സിന് മുന്നിൽ നിശ്ചലമായി. മുംബൈയുടെ ഹൃദയ സ്പന്ദനമാണ് ലോക്കൽ ട്രെയിനുകൾ. അവ നിശ്ചലമായാൽ മുംബൈ മരവിച്ചു. അത് തന്നെയായിരുന്നു കൊവിഡ് മുംബൈക്ക് നൽകിയ പ്രഹരം .

എന്നാൽ തോൽക്കാൻ മനസ്സില്ലാത്ത മഹാനഗരി ആ ഞെട്ടലിൽ നിന്നും വിമുക്തമായിരിക്കുന്നു. ഓഫീസുകൾ 100% ഹാജരോടെ പ്രവർത്തിക്കാൻ തുടങ്ങി. വർക്ക് ഫ്രം ഹോം കൾച്ചർ ജോലിഭാരം കൂട്ടി. മുംബൈ വാസിയുടെ കലണ്ടറിൽ ഇനി ചുവന്ന അക്ഷരങളില്ല. അവധി ദിനത്തിലും അവന് വീട്ടിലിരുന്ന് ജോലി ചെയ്യണം. ഓഫീസ് കമ്പ്യൂട്ടർ വീട്ടിലിരുന്ന് ആക്സിസ് ചെയ്യാം. എക്സ്ക്യൂസുകൾ വേണ്ട.

മഹാമാരി കഴിഞ്ഞുള്ള മുംബൈയുടെ മാറിയ മുഖത്തിലേക്ക് ഒരു പ്രകാശബിന്ദുവായി ദീപാവലിയുടെ കിരണങ്ങൾ. ആ പ്രകാശം ആളുകളുടെ മുഖങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഒന്നര വർഷമായി ചിരിക്കാൻ മറന്ന അവർ പുഞ്ചിരിക്കാനും തമാശ പറയാനും ശീലിച്ചു കൊണ്ടിരിക്കുന്നു.

റോഡ് വക്കിൽ പല വർണ്ണങ്ങളിൽ തൂങ്ങിയാടുന്ന ദീപാവലി നക്ഷത്രങൾ. ആഘോഷത്തിന്റെ ആരവം കുറിക്കുന്ന നഗരത്തിന്റെ അടയാളങ്ങൾ. ജോലി കഴിഞ്ഞ് പോകുന്ന ചിലരുടെയെങ്കിലും കൈകളിൽ കാണുന്ന ദീപാവലി സമ്മാനങ്ങൾ പഴയ കാലത്തിന്റെ ഓർമ്മ താളുകൾ മറിക്കുന്നു.

ഇരുൾവീണ മഹാ നഗരത്തിന്റെ വെളിച്ചം മങ്ങിയ കോണിൽ ഒരു യാചകൻ തന്റെ ഭാണ്ഡകെട്ടഴിച്ചു വയ്ക്കുന്നു. അയാൾക്കു മുകളിൽ പതിക്കുന്ന ആകാശ ഗോപുരങളുടെ നിഴലുകൾ. പരസ്പരം സന്ധിക്കാത്ത നഗരത്തിന്റെ രണ്ട് വ്യത്യസ്ഥ ഭാവങ്ങൾ.

ഒരു ദീപാവലി കൂടി.. വേദനകളെ , ഇല്ലായ്മകളെ , ദുരന്തങ്ങളെ മറക്കാൻ .. മുഖം മൂടിയില്ലാതെ വെളിച്ചത്തെ വരവേൽക്കാൻ. . .

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here