സത്യാനന്തര കാലത്തെ സാഹിത്യത്തെ ചർച്ച ചെയ്ത് അക്ഷരസന്ധ്യാ വാർഷികം

0

വ്യാജ പ്രതിച്ഛായ നിർമിതികളിലും മാധ്യമങ്ങളുടെ കൃത്രിമ മോതിരവിരൽ തഴുകലുകളിലും അഭിരമിച്ചു കഴിയുന്ന എഴുത്തുകാരല്ല മറിച്ച് സാഹിത്യത്തെ ജീവിതത്തിൻ്റെ അനുഭവതലത്തിലേക്ക് എത്തിക്കുമ്പോഴണ് യഥാർത്ഥ എഴുത്തുകൾ ഉണ്ടാവുന്നെന്ന് കേരള സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ കെ പി മോഹനൻ.

ന്യൂ ബോംബെ കേരളീയ സമാജം നെരൂളിന്റെ പ്രതിമാസ സാഹിത്യ സദസ്സായ അക്ഷരസന്ധ്യയുടെ ഏഴാമത് വാർഷികം സൂം മീറ്റ് വഴി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എഴുത്തുകാരനും വിമർശകനുമായ മോഹനൻ.

അക്ഷരങ്ങൾക്ക് കരുത്ത് ചോരുകയും ദൃശ്യങ്ങൾക്ക് കരുത്താർജ്ജിക്കുകയും ചെയ്യപ്പെടുന്ന മധ്യസ്ഥത നടത്തപ്പെട്ട അസ്വാഭിവകമായ സമ്മതങ്ങൾ നിർമ്മിക്കപ്പെട്ട ഒരു ഭൂമികയിലാണ് എഴുത്തുകൾ നടക്കുന്നതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി ഓർമിപ്പിച്ചു.

സ്വയം പരസ്യപ്പെടുത്തലുകളോ കൃത്രിമ രചനകളുടെ പൊയ്ക്കാലുകളോ അല്ല മറിച്ചു കാലത്തിന്റെ കണ്ണാടികളാവുന്ന നിരന്തരം നവീകരിക്കുന്ന ജീവിതത്തിന്റെ അടയാളവേരുകളുള്ള എഴുത്താണ് കാലത്തിന്റെ ആവശ്യം എന്ന് കേരളത്തിന്റെ പ്രിയ എഴുത്തുകാരൻ അഭിപ്രായപ്പെട്ടു.

എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ രാജേഷ് നാരായണൻ നയിച്ച ഓൺലൈൻ വാർഷികാഘോഷത്തിൽ സത്യവും സാഹിത്യവും എന്ന വിഷയത്തിൽ കേരളത്തിലെ പ്രഗത്ഭനായ വാഗ്മിയും എഴുത്തുകാരനും അധ്യാപകനുമായ എം എൻ കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി.

ജീവിതത്തെ രേഖപ്പെടുത്തുകയും രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് സാഹിത്യത്തിന്റെ പണിയെന്നും സദാചാരമില്ലാത്ത കലയ്ക്കു സ്വീകാര്യത ഉണ്ടാവില്ല എന്നും കാരശ്ശേരി പറഞ്ഞു.

അസുന്ദരമായതു അസത്യമാണെന്നും ഒരു സാഹിത്യകാരൻ സത്യാന്വേഷകൻ ആവണമെന്നും കാരശ്ശേരി ഓർമിപ്പിച്ചു.

വാസ്തവിക, ഭാവ, ചരിത്ര സത്യങ്ങളെ സ്പർശിച്ചു അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അസത്യത്തിന്റെ കണക്കുകൾ വിശദീകരിച്ചു കാരശ്ശേരി സത്യമെന്നത് പഴയ വാക്കു മാത്രമായി അവശേഷിക്കേണ്ട ഒന്നെല്ലെന്നും സത്യാനന്തര കാലത്തു എത്തിക്സ് കൂടെ ചേർന്ന എസ്തെറ്റിക്‌സിനു ഒരു പാട് സ്ഥാനമുണ്ടെന്നും ഓർമ്മിപ്പിച്ചു.

തുടർന്ന് സാഹിതീയ ചികിത്‌സാ രീതിശാസ്ത്രത്തെ അവലംബിച്ചു കേരളത്തിലെ ശ്രദ്ധേയനായ നിരൂപകൻ എം എ സിദ്ധിഖ് നടത്തിയ അനുബന്ധ പ്രഭാഷണത്തിൽ ലിറ്ററേച്ചർ തെറാപ്പിയും ആ പദത്തിന്റെ വൃക്ഷസങ്കപ്പങ്ങളും പരാമർശിച്ചു.

സാഹിത്യം വായിച്ച ഭിഷഗ്വരന്മാരിൽ കാണപ്പെടുന്ന ക്ലിനിക്കൽ എംപതിയെ കുറിച്ച് മലയാളത്തിലും പാശ്ചാത്യ സാഹിത്യത്തിലുമുള്ള കൃതികളെ ഉദ്ധരിച്ച് സിദ്ധിഖ് പുതിയ വൈജ്ഞാനിക സാഹിത്യ ശാഖയെ പരിചയപ്പെടുത്തി.

സാഹിതീയ ചികിത്സാ രീതിശാസ്ത്രം രോഗിയെ അവന്റെ ചരിത്രത്തിലേക്ക് മാനവികതയിലേക്കു നോക്കുവാൻ ഒരു ഡോക്ടറെ പ്രാപ്തനാക്കുന്നുവെന്നു സിദ്ധിഖ് ഓർമിപ്പിച്ചു.

സത്യാനന്തര കാലത്തു എഴുത്തും വായനയും ചർച്ചകളും വലിയ ജാഗ്രതയാണ് എന്ന് ചർച്ച നയിച്ച രാജേഷ് നാരായണൻ പറഞ്ഞു.

ന്യൂ ബോംബെ കേരളീയ സമാജം സെക്രട്ടറി വർഗീസ് ജോർജ് സ്വാഗതവും, പ്രസിഡന്റ് കെ ടി നായർ ആധ്യക്ഷതയും വഹിച്ച വാർഷിക ചടങ്ങിൽ അനിൽ പ്രകാശ് അക്ഷരസന്ധ്യയുടെ നാൾവഴികളെ കുറിച്ച് പറയുകയും കൺവീനർ ടി വി രഞ്ജിത്ത് നന്ദിയും പ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here