കുറുപ്പ് ഉറപ്പാക്കിയത് ദുൽഖറിന്റെ താര സിംഹാസനം (Movie Review)

0

കേരളത്തെ പിടിച്ചു കുലുക്കിയ കേസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കുറുപ്പ് എന്ന ചിത്രം പിറക്കുന്നത്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പായി ദുൽഖർ സൽമാൻ നിറഞ്ഞാടിയ ചിത്രം ഉറപ്പാക്കിയത് താര സിംഹാസനമാണ്. കൂടാതെ ഒരു നിർമ്മാതാവെന്ന നിലയിൽ തന്റെ സാന്നിധ്യം ഒരിക്കൽ കൂടി ഉറപ്പാക്കാൻ ചിത്രം സഹായിച്ചു. കോവിഡിന് തൊട്ടു മുൻപുള്ള വരനെ ആവശ്യമുണ്ട് എന്ന ഹിറ്റ് ചിത്രമായിരുന്നു ദുൽഖർ ഇതിന് മുൻപ് നിർമ്മിച്ചത്. കൃത്യമായ തീരുമാനങ്ങളും ആസൂത്രണങ്ങളും മാർക്കറ്റിങ് പ്ലാനുമാണ് ഈ ചിത്രത്തിന് രാജ്യാന്തര ശ്രദ്ധ നേടിയെടുക്കാൻ പ്രാപ്തമാക്കിയത്.

മരക്കാരിൽ ആന്റണി പെരുമ്പാവൂരിന് സംഭവിച്ച പിഴവുകൾ കുറുപ്പിന് ഗുണമായി ഭവിച്ചതോടെ തീയേറ്ററുകൾ ചിത്രത്തെ ആഘോഷമാക്കുകയായിരുന്നു. മുൻപൊരു ചിത്രത്തിനും ലഭിക്കാത്ത ഇനീഷ്യൽ നേടാൻ കഴിഞ്ഞതോടെ മോഹൻലാലിനെ പിന്നിലാക്കിയാണ് ദുൽഖർ തന്റെ ബോക്സ് ഓഫീസ് വിജയം ഉറപ്പാക്കിയത്. നിവിൻ പോളിയുടെ ഒടിടി ചിത്രമായ കനകം കാമിനി കലഹം പോലും ശ്രദ്ധിക്കാതെ പോയതും കുറുപ്പിന്റെ കുത്തൊഴുക്കായിരുന്നു.

37 വർഷം പഴക്കമുള്ള കൊലപാതക കേസിനെയാണ് പൊടി തട്ടി വീണ്ടും അഭ്രപാളികളിൽ എത്തിക്കുന്നത്. ഇതിന് മുൻപ് NH 47 (1984), പിന്നെയും (2016), എന്നീ ചിത്രങ്ങളും ഈ കേസുമായി ബന്ധപ്പെട്ട് മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

ബിഗ് സ്‌ക്രീനിലെ വിനോദത്തിനായി ഒരു കൊലപാതകത്തെ ഗ്ലാമറൈസ് ചെയ്തതിന് ചിത്രത്തെ ഒരു വിഭാഗം വിമർശിച്ചെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തിയുള്ള തുടർക്കഥകൾ.

കേരളത്തിലെ മോസ്റ്റ് വാണ്ടഡ് ഫ്യൂജിറ്റുകളിൽ ഒരാൾ എങ്ങനെ ജനകീയ ഓർമ്മയിൽ ഒരു മിഥ്യയായി പരിണമിച്ചുവെന്ന് പകർത്താൻ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും അദ്ദേഹത്തിന്റെ എഴുത്തുകാരുടെ സംഘവും ശ്രമിച്ചിട്ടുണ്ട്.

അണിയറയിൽ കലാ സംവിധാനവും സംഗീതവുമാണ് ചിത്രത്തിൽ മികച്ചു നിന്നത്. അറുപതുകളുടെ അവസാനം മുതലുള്ള കാലഘട്ടത്തെ ഗൃഹാതുരതയുണര്‍ത്തുന്ന രീതിയിൽ കോറിയിടാൻ കലാസംവിധായകന് കഴിഞ്ഞതാണ് ചിത്രത്തെ ദൃശ്യാനുഭവമാക്കിയത്. കേരളത്തോടൊപ്പം എഴുപതുകളിലെ മുംബൈയും ചെന്നൈയും ഗൾഫ് രാജ്യങ്ങളും പകർന്നാടാൻ നടത്തിയ ശ്രമങ്ങൾ ശ്ലാഘനീയമാണ്.

വ്യാജ മരണത്തിലൂടെ എട്ട് ലക്ഷം രൂപ ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാനുള്ള പദ്ധതിയുമായി കുറുപ്പ് കേരളത്തിലേക്ക് മടങ്ങുന്നത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച ഭാര്യാ സഹോദരൻ ഭാസി പിള്ള ഉൾപ്പെടെ മൂന്ന് പേരുടെ സഹായം കുറുപ്പ് തേടുന്നു. നികൃഷ്ടനും അശ്രദ്ധനുമായ മദ്യപാനിയായി ഷൈൻ ടോമിന്റെ പ്രകടനം പ്രേക്ഷക പ്രീതി നേടുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ഇന്ദ്രജിത്ത് സുകുമാരന്റെ നിസ്സംഗത വിരൽ ചൂണ്ടുന്നത് അന്വേഷണത്തിലെ പാളിച്ചകളെയാണ്. ചിത്രത്തിലെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്നായി തോന്നിയത് കൊലപാതകവും അന്വേഷണവും കടന്ന് കുറുപ്പിനെ വേട്ടയാടാനുള്ള സിനിമാ പ്രവർത്തകരുടെ തിരക്കാണ്.

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ​ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here