മുംബൈയിൽ പുനർനിർമ്മാണത്തിന്റെ പേരിൽ പെരുവഴിയിലായ താമസക്കാർ സർക്കാർ സഹായം തേടുന്നു

0

കെട്ടിട ദുരന്തങ്ങൾ തുടർക്കഥയാകുന്ന മുംബൈ നഗരത്തിൽ പുനർനിർമ്മാണത്തിന്റെ പേരിൽ പെരുവഴിയിലായിരിക്കയാണ് മലയാളികൾ അടങ്ങുന്ന അമ്പതിലധികം സാധാരണക്കാരായ താമസക്കാർ. കെട്ടിട നിർമ്മാതാവിന്റെ അത്യാഗ്രഹത്തിന് ഇരകളായവരിൽ ഭൂരിഭാഗവും ചെറിയ വരുമാനം കൊണ്ട് ജീവിക്കുന്നവരും മുതിർന്ന പൗരന്മാരുമാണ്.

ചെമ്പൂർ തിലക് നഗറിലുള്ള ഗുരുദത്ത് ഹൌസിങ് സൊസൈറ്റിയിലെ താമസക്കാരാണ് കഴിഞ്ഞ 12 വർഷമായി സ്വന്തം കിടപ്പാടം തിരിച്ചു കിട്ടാൻ അധികൃതരുടെ കരുണ തേടുന്നത്.

51 ഫ്ലാറ്റുകൾ ഉണ്ടായിരുന്ന പഴക്കം ചെന്ന കെട്ടിടം പുനർ നിർമ്മാണത്തിനായി പോകുന്നത് 2010 ജൂലൈ മാസത്തിലായിരുന്നു. ഓട്ടോ ഡ്രൈവർ മുതൽ വഴിയോരത്ത് പച്ചക്കറി വിറ്റ് ഉപജീവനം നടത്തുന്നവർ വരെയാണ് ഇവിടെ താമസിച്ചിരുന്നത്.

പഴയ കെട്ടിടം പൊളിച്ച് 16 നിലകളിലായി 116 ഫ്ളാറ്റുകളുള്ള ടവർ പണിത് നൽകാമെന്നായിരുന്നു ബിൽഡർ നൽകിയ വാഗ്ദാനം. ഇതിലൂടെ ബിൽഡർ സ്വന്തമാക്കിയത് 65 ഫ്ലാറ്റുകൾ ആയിരുന്നു. ഈ ഫ്ലാറ്റുകളുടെ വിൽപ്പനയുടെ കെട്ടിട നിർമ്മാതാവ് ഇതിനകം കോടികൾ സ്വന്തമാക്കിയിട്ടും പണി പൂർത്തിയാക്കാത്ത നിലപാടാണ് താമസക്കാരെ വലച്ചത്.

30 മാസങ്ങൾ കൊണ്ട് പണി പൂർത്തിയാക്കാമെന്നും ഈ കാലയളവിൽ താമസക്കാർക്ക് 22500 മുതൽ 24500 വരെ ഏരിയ അടിസ്ഥാനത്തിൽ വാടക നൽകാമെന്നുമായിരുന്നു ഉടമ്പടി. കരാർ കാലാവധി കഴിഞ്ഞിട്ടും ടവർ പടുത്തുയർന്നിട്ടും ഫ്ലാറ്റുകൾ താമസയോഗ്യമല്ലാതെ തുടരുകയാണ്. ആദ്യ വർഷങ്ങളിൽ വാടക ലഭിച്ചെങ്കിലും കഴിഞ്ഞ 37 മാസമായി വാടകയും ലഭിക്കുന്നില്ല. ഇതോടെ കിടപ്പാടം നഷ്ടപ്പെട്ട ഇവരെല്ലാം വാടക കൊടുക്കാൻ പോലും ബുദ്ധിമുട്ടുകയാണ്.

പുനർ നിർമ്മാണത്തിന്റെ പേരിൽ കഴിഞ്ഞ 12 വർഷമായി പെരുവഴിയിലായിരിക്കയാണ് ഇവരെല്ലാം. കിടപ്പാടം ഇന്നും അനശ്ചിതാവസ്ഥയിലാണ്. നിലവിൽ വാടക കൊടുക്കാൻ പോലും കഴിയാതെ ദുരിതത്തിലായിരിക്കയാണ് ദിവസ വരുമാനം കൊണ്ട് ജീവിക്കുന്ന വഴിയോരത്ത് പച്ചക്കറി വിൽപ്പന നടത്തുന്ന സുനിത കാംബ്ലെ.

കോവിഡ് എന്ന മഹാമാരിയിൽ ഭർത്താവും മകനും നഷ്ടപെട്ട സിന്ധു ചന്ദൻ മോറെ തന്റെ പരിതാപകരമായ അവസ്ഥയിൽ കരുണ തേടുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുമ്പോഴും കിടപ്പാടം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. ഇന്നവർക്ക് വാടക കൊടുക്കാൻ പോലും കഴിയാത്ത നിലയിലാണ്. ഇവരുടെയെല്ലാം കണ്ണുനീരിനു മുൻപിൽ എന്ത് സമാധാനമാണ് അധികൃതർക്ക് പറയുവാനുള്ളത്.?

ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2018 നും 2021 നും ഇടയിൽ മുംബൈയിലെ വിവിധ ഭാഗങ്ങളിലായി 1810 കെട്ടിടങ്ങളും വീടുകളുമാണ് ജീര്ണാവസ്ഥയിൽ നിലം പതിച്ചത്. അപകടങ്ങളിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും നാനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതയാണ് റിപ്പോർട്ട്.

അപകടാവസ്ഥയിലുള്ള നാനൂറിലധികം കെട്ടിടങ്ങൾക്കാണ് നഗരസഭ ഇതിനകം നോട്ടീസ് നൽകിയിരിക്കുന്നത്. എന്നാൽ വലിയൊരു വിഭാഗം താമസക്കാരും ജീർണിച്ച അവസ്ഥയിലും താമസം മാറാൻ തയ്യാറല്ല. മുപ്പതും നാല്പതും വർഷം മുൻപ് ചെറിയ വിലക്ക് സ്വന്തമാക്കിയവരും, ചുരുങ്ങിയ വാടകക്ക് താമസിക്കുന്നവരുമാണ് ഗത്യന്തരമില്ലാതെ ഇവിടങ്ങളിൽ കഴിയുന്നത്.

കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പുനർ നിർമ്മാണത്തിന് പോകുമ്പോൾ സർക്കാർ ഇടപെട്ട് താമസക്കാരുടെ നീതി ഉറപ്പാക്കുവാനുള്ള സംവിധാനങ്ങൾ ഉണ്ടാകണം. കഴിഞ്ഞ 12 വർഷമായി പെരുവഴിയിലായ ഈ പാവങ്ങളുടെ കണ്ണീരൊപ്പാൻ കഴിഞ്ഞില്ലെങ്കിൽ നഗരത്തിൽ ഇനിയും കെട്ടിട ദുരന്തങ്ങൾ തുടർക്കഥയാകും.

LEAVE A REPLY

Please enter your comment!
Please enter your name here