അഭിനയ പന്തലിലെ 50 ദിവസങ്ങൾ

അഭിനയത്തെ കുറിച്ച് മാഷിൽ നിന്നും കൂടുതൽ അറിഞ്ഞു വരുമ്പോൾ നമ്മൾ നമ്മളെ തന്നെ കൂടുതൽ അറിയുകയാണ്. ജയ പ്രകാശ് കുളൂർ മാഷിനെ കുറിച്ച് ശിഷ്യനും മുംബൈയിലെ നാടക പ്രവർത്തകനുമായ രാമകൃഷ്ണൻ എം വി എഴുതുന്നു.

0

മുംബൈ മലയാള നാടക വേദിയിൽ കഴിഞ്ഞ 18 വർഷമായി നാടക പ്രവർത്തനത്തിൽ സജീവമായി ഇടപ്പെടുന്ന എനിക്ക് ഓരോ ചുവട് മുന്നോട്ട് വയ്ക്കുമ്പോഴും നാടകത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും കൂടുതൽ മനസ്സിലാക്കുവാനും, പഠിക്കുവാനും ആഗ്രഹ മുണ്ടായിരുന്നു . വർഷത്തിൽ ഒരിക്കൽ ഇവിടെ നടത്തുന്ന ദ്വിദിന നാടക പഠന കളരി മാത്രമാണ് ഏക ആശ്രയമായിരുന്നത്.

കോവിഡിന്റെ അപ്രതീക്ഷിത ആഗമനം പല പ്രതിസന്ധികളും സൃഷ്ടിച്ചു വെങ്കിലും ആശാവാഹ മായ മറ്റു ചില അവസരങ്ങളും സൃഷ്ടിച്ചു.

അതിൽ ഒന്നാണ് ഓൺലൈൻ വഴിയുള്ള ജോലിയും, പഠനവും. ഇത്തരം സാങ്കേതിക വിദ്യകൾ കോവിഡിന് മുന്നേ ഉണ്ടായിരുന്നെങ്കിലും അതിനെ കൂടുതൽ ഉപയോഗ പെടുത്തിയിരുന്നത് കോർപറേറ്റ് കമ്പനികൾ ആയിരുന്നു എങ്കിൽ, ഇത്തരം സാങ്കേതിക വിദ്യകളെ വളരെ ലളിതമായി ഉപയോഗിക്കുവാൻ ആബാലവൃദ്ധം ജനങ്ങളെയും പ്രാപ്തരാക്കിയത് ഇന്നത്തെ സാഹചര്യമാണെന്ന് നിസ്സംശയം പറയാം. തുടർന്നങ്ങോട്ടും ഓൺലൈൻ സാങ്കേതിക വിദ്യ കൂടുതൽ കരുത്താർജ്ജിച്ച് മുന്നോട്ട് പോവുക തന്നെ ചെയ്യും.

ലോകത്തിന്റെ ഏത് കോണിലിരുന്നും പ്രഗൽഭരായ ഗുരുക്കളിൽ നിന്നും നമ്മൾ ആഗ്രഹിക്കുന്ന പല കാര്യങ്ങളും ഓൺലൈൻ വഴി പഠിക്കാം എന്നത് വലിയൊരു കാര്യം തന്നെയാണ്.

ഇന്ന് പ്രശസ്തരായ പല അഭിനേതാക്കളും കുളൂർ മാഷിന്റെ വീട്ടിൽ താമസിച്ച് അഭിനയം പഠിച്ചവരാണ്. കാലത്തിനനുസരിച്ച് കുളൂർ മാഷും ഓൺലൈൻ വഴി അഭിനയം പഠിപ്പിച്ചു തുടങ്ങിയത് എന്നെ പോലെ യുള്ള അഭിനയ വിദ്യാർത്ഥികൾക്ക് വലിയ അനുഗ്രഹമായി.

മാഷിന്റെ അഭിനയ പന്തലിൽ കയറി നിൽക്കുവാൻ തുടങ്ങി 50 ദിവസങ്ങൾ പിന്നിടുമ്പോൾ ഓരോ ക്‌ളാസുകളും ഓരോ അനുഭവമായി മാറ്റുവാൻ മാഷിന് സാധിച്ചു.

20 പേരോളം ഉള്ള 2 ബാച്ചു കളിലും തീയേറ്റർ പഠനത്തിൽ ബിരുദം ഉള്ളവരും, പ്രശ്‌സ്ഥ സംവിധായകരുടെ കൂടെ പല സിനിമകളിലും അഭിനയിച്ചവരും, സ്കൂൾ ടീച്ചർമാർ, ഡോക്ടർ മാർ, എഞ്ചിനീയർ മാർ, വീട്ടമ്മ മാർ, ബിസിനസ്സുകാർ തുടങ്ങിയവർ അഭിനയത്തെ കുറിച്ച് കൂടുതൽ അറിയുവാൻ “അഭിനയ പന്തലിൽ” എത്തിയിട്ടുണ്ട്.

കുളൂരിയൻ നാടകങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നവര്‍ ഉണ്ട് എന്ന് പറയുമ്പോൾ അതിന്റെ ആഴവും പരപ്പും നമ്മൾക്ക് ഊഹിക്കാവുന്നതിനും അപ്പുറത്താണ്.

വൈകീട്ട് 7 മണിക്ക് തുടങ്ങുന്ന ക്‌ളാസുകൾ വളരെ സരസമായി ക്‌ളാസ്സിലെ ഓരോ വിദ്യാർത്ഥിയെയും പങ്കെടുപ്പിച്ചും, ഇടപെടുത്തിയും മുന്നോട്ട് നീങ്ങുമ്പോൾ ഒരു മണിക്കൂർ പോകുന്നത് ഞങ്ങൾ അറിയാറെ ഇല്ല.

പല വിഷയങ്ങളും, അനുഭവങ്ങളും, അറിവുകളും, കഥകളും പറഞ്ഞ് തുടങ്ങി ഓരോ ദിവസത്തേയും ക്ലാസ് അവസാനി ക്കുംമ്പോഴേക്കും അഭിനയത്തെ കുറിച്ച് ഒരു വിദ്യാർത്ഥി അറിഞ്ഞിരിക്കേണ്ട പല പ്രധാന കാര്യങ്ങളിൽ പലതും , ഞങ്ങൾ അറിയാതെ ഞങ്ങളിലേക്ക് ഒഴുകിയെത്തും . അതിൽ സ്റ്റാൻസ്‌ലാവിസ്കിയോ,മെയ്സിനെറോ,ചെ ക്കോവോ ഭരതമുനിയോ, കാളിദാസനോ,കുഞ്ചൻ നമ്പ്യാരോ, ഷേക്ക്‌സ്പിയറോ ഒക്കെ ഉണ്ടായിരിക്കും. അതിന്റെ ലഹരിയിൽ അടുത്ത ദിവസത്തെ ക്ലാസ്സിനായി ആകാംഷയോടെ കാത്തിരിക്കും.

ഇടക്ക്, അതിഥികളായെത്തുന്ന മാഷിന്റെ ശിഷ്യരും, സുഹൃത്തുക്കളുമായ മലയാള സിനിമയിലെ പ്രശസ്ത സംവിധായകരുമായും, നടൻമാരു മായും സംവദിക്കുവാനുള്ള അവസരം ഒരുക്കുമ്പോൾ ക്ലാസുകൾ ഓരോന്നും അവിസ്മരണീയമായി മുന്നോട്ട് പോകുന്നു.

യുവ പ്രതിഭകളെ അണിനിരത്തി മുംബൈയിൽ രാമകൃഷ്ണൻ എം വി സംവിധാനം ചെയ്ത നാടകത്തിലെ ഒരു രംഗം

അഭിനയത്തെ കുറിച്ച് മാഷിൽ നിന്നും കൂടുതൽ അറിഞ്ഞു വരുമ്പോൾ നമ്മൾ നമ്മളെ തന്നെ കൂടുതൽ അറിയുകയാണ്. നമ്മുടെ ശ്വാസോച്ഛ്വാസം, ശബ്ദം, നിറം, മണം,രുചി, നിരീക്ഷണം,ഓരോ കാര്യത്തിനുമുള്ള ശാരീരിക ക്ഷമത തുടങ്ങി നമ്മൾ നമ്മളെ കൂടുതൽ കൂടുതൽ അടുത്തറിയുമ്പോൾ അതിലൂടെ, അഭിനയിക്കുവാൻ മാത്രമല്ല, നല്ല ചിന്തകളിലൂടെ കൂടുതൽ നന്മയുള്ള മനുഷ്യനാകുവാൻ നമ്മളെ പ്രാപ്തനാക്കുന്നു.എന്നാണ് എന്റെ അനുഭവം

ഇപ്പോൾ തോന്നുന്നു കുറേ വർഷങ്ങൾക്ക് മുന്നേ ഓൺലൈൻ പഠന സമ്പ്രദായം ഉണ്ടായിരുന്നെങ്കിൽ അത്രയും മുന്നേ മാഷിലേക്ക് എത്താമായിരുന്നു എന്ന്.

ഒരു പക്ഷെ ഈ പോസ്റ്റ്‌ വായിക്കുന്നവരിൽ, അഭിനയത്തെ ഗൗരവമായി കാണുന്ന ഒരാളാണ് താങ്കൾ എങ്കിൽ അഭിനയം പഠിക്കുവാൻ താത്പര്യമുണ്ടെങ്കിൽ ഓൺലൈൻ വഴി താങ്കൾക്കും അഭിനയം പഠിക്കാം. അഭിനയം മാത്രമല്ല, നാടക രചനയെ കുറിച്ചും, സംവിധാനത്തെ കുറിച്ചും കൂടുതൽ അറിയാം.

ഉടൻ ആരംഭിക്കുന്ന മൂന്ന് മാസം നീളുന്ന ദിവസേന ഉള്ള ക്ലാസ്സുകളിൽ പങ്കെടുക്കുവാൻ കുളൂർ മാഷുമായി നേരിൽ കോൺടാക്ട് ചെയ്യാം.

അഭിനയ വസന്തം പൂത്തുലയുന്ന മാഷിന്റെ പന്തലിൽ ഇനിയുമൊരായിരം അഭിനയ മോഹികളെ ഉൾകൊള്ളുവനും അവർക്കെല്ലാം കുളൂരിയൻ നാടകത്തിന്റെ കുളിരേകുവാനും മാഷക്ക് സാധ്യമാകട്ടെ എന്നാശംസിക്കുന്നു. (ജയ പ്രകാശ് കുളൂർ മാഷിന്റെ മൊബൈൽ നമ്പർ: +91 9895778253)

  • രാമകൃഷ്ണൻ എം. വി. നവി മുംബൈ.

LEAVE A REPLY

Please enter your comment!
Please enter your name here