മലയാളം ഫിലിം ടെലിവിഷൻ ചേംബർ തിരുവനന്തപുരത്ത് അഭിനയശില്പശാല സംഘടിപ്പിച്ചു

0

മലയാള സിനിമ ടെലിവിഷൻ രംഗത്തു പ്രവർത്തിക്കുന്നവരുടെയും ആ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്ന എല്ലാ കലാകാരന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും സംഘടനയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ്.

കോവിഡ് മഹാമാരിയെ തുടർന്ന് ഏകദേശം കഴിഞ്ഞ 18 മാസത്തിലേറെയായി സംഘടനക്ക് പൊതുവേദികളിൽ പരിപാടികളൊന്നും നടത്താൻ കഴിഞ്ഞിരുന്നില്ല. മഹാമാരിയുടെ തീവ്രത കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളോടെ പരിപാടികൾ സംഘടിപ്പിച്ചതെന്ന് മലയാളഭൂമി ശശിധരൻനായർ അറിയിച്ചു.

തിരുവനന്തപുരത്തെ ഓൾ സെയ്ന്റ്സ് കോളേജിൽ 2021 നവംബർ 15,16,17 തീയതികളിൽ മലയാളവിഭാഗത്തിന്റെ സഹകരണത്തോടെ അവരുടെ കാമ്പസിൽ വെച്ച് പ്രഗത്ഭർ നയിച്ച അഭിനയശില്പശാല സംഘടിപ്പിച്ചു. രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെയായിരുന്നു ശില്പശാലയുടെ സമയം.

എഴുത്തുകാരനും, നാടകനടനും, തിരക്കഥാകൃത്തും, നാടക-ചലച്ചിത്ര സംവിധായകനും, പ്രഭാഷകനും, കലാസാംസ്‌കാരിക പ്രവർത്തകനും, സംഘാടകനും, ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയുമായ പ്രശസ്തനായ പ്രമോദ് പയ്യന്നൂർ അഭിനയശില്പശാലയുടെ ഉദ്ഘാടനം നിർവഹിച്ചു.

മലയാളവിഭാഗം അദ്ധ്യക്ഷ ഡോക്ടർ സി. ഉദയകല സ്വാഗതം പറഞ്ഞു. സംഘടനയുടെ അദ്ധ്യക്ഷനും കോഴ്സ് ഡയറക്ടറുമായ മലയാളഭൂമി ശശിധരൻനായർ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അഭിനയശില്പശാലയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രയോജനങ്ങളെക്കുറിച്ചും ആമുഖപ്രസംഗത്തിൽ വിശദീകരിക്കുകയുണ്ടായി. ഇത് വലിയൊരു തുടക്കമാണെന്നും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഇത്തരം കോഴ്സുകൾ സംഘടിപ്പിക്കുന്നതിന് ഈ തുടക്കം തീർച്ചയായും പ്രചോദനമാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

പീർ ഡയറക്ടർ പ്രഭ അജാന്നൂർ, ഡോക്ടർ പ്രജീഷ, ഡോക്ടർ സി. ഉദയകല, മലയാളഭൂമി ശശിധരൻനായർ, പ്രശാന്ത് നാരായണൻ, ഡോക്ടർ സജീവ് നായർ , മാർഗി ഉഷ, ഡോക്ടർ മിനി ഉണ്ണികൃഷ്ണൻ, മിനി വേണുഗോപാൽ, മിനി കാർത്തികേയൻ, ലളിത കെ.സി. എന്നിവർ.

2022 ജനുവരി മുതൽ ആദ്യം തിരുവനന്തപുരം ജില്ലയിലെയും തുടർന്ന് മറ്റു ജില്ലകളിലെയും പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അഭിനയശില്പശാലകളും ഫിലിംമേക്കിങ് ശില്പശാലകളും നടത്തുവാൻ സംഘടന തയ്യാറെടുത്തു വരികയാണെന്നും കേരളത്തിൽ പല ജില്ലകളിലായി മുപ്പത്തിലേറെ പ്രഗത്ഭരായ ഫാക്കൽറ്റികൾ ക്ലാസ്സുകളെടുക്കാൻ സജ്ജരാണെന്നും ശശിധരൻനായർ അറിയിച്ചു.

തുടർന്ന് ഡയറക്ടർമാരായ ഡോക്ടർ മിനി ഉണ്ണികൃഷ്ണൻ, മിനി വേണുഗോപാൽ, മിനി കാർത്തികേയൻ, പീർ ഡയറക്ടർ പ്രഭ അജാന്നൂർ എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. ലളിത ടീച്ചർ നന്ദി പറഞ്ഞു.

ആദ്യ ദിവസത്തെ അഭിനയശില്പശാലയിൽ പ്രശാന്ത് നാരായണൻ ക്ലാസ്സെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ ഡോക്ടർ സജീവ് നായർ, മാർഗി ഉഷ എന്നിവർ അഭിനയശില്പശാല നയിച്ചു.

അഭിനയത്തെക്കുറിച്ച് തങ്ങൾക്ക് ഉണ്ടായിരുന്ന ധാരണകളെ തിരുത്തുന്നതും പുത്തൻ അറിവുകൾ പ്രദാനം ചെയ്യുന്നതുമായിരുന്നു ശില്പശാലയെന്നു പങ്കെടുത്ത അറുപതു വിദ്യാർത്ഥിനികളും ഒരേ സ്വരത്തിൽ പറയുകയുണ്ടായി.

ഈ അഭിനയശില്പശാലയുടെ സംഘാടനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും കോളേജിലെ മറ്റ് ഡിപ്പാർട്ടുമെന്റുകളിലെ വിദ്യാർഥിനികളെക്കൂടി പങ്കെടുപ്പിക്കുന്നതിലും ഡോക്ടർ സി. ഉദയകല വഹിച്ച പങ്ക് സ്തുത്യർഹമാണ്. അതുപോലെ എടുത്തു പറയേണ്ട പേരുകളാണ് റവ. മദർ മേരി ഫ്രാൻസിസ് (മാനേജർ), ഡോക്ടർ രശ്മി ആർ. പ്രസാദ് (പ്രിൻസിപ്പൽ) എന്നിവരുടേതും.

എല്ലാ കലാകാരന്മാർക്കും കലയെ സ്നേഹിക്കുന്നവർക്കും പ്രവർത്തനങ്ങളിലൂടെ പ്രയോജനം ലഭിക്കണമെന്ന ലക്ഷ്യം മുൻനിറുത്തിയാണ് മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് പ്രവർത്തിക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താല്പര്യമുള്ള എല്ലാവരും കൂടുതൽ വിവരങ്ങൾക്ക് www.malayalamfilmtvchamber.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here