കവി കെ വി മണിരാജിൻ്റെ കവിതകളിലെ സൂക്ഷ്മ രാഷ്ട്രീയവും കലഹങ്ങളും കലാപങ്ങളും ചർച്ച ചെയ്ത ന്യൂ ബോംബെ കേരളീയ സമാജത്തിൻ്റെ പ്രതിമാസ സാഹിത്യ സദസ്സായ അക്ഷരസന്ധ്യ ശ്രദ്ധേയമായി.
ജീവിതവും, മരണവുമായ ഒരു കലഹഘട്ടത്തിൽ തൻ്റെ കവിതകൾ ജീവിതത്തിനൊപ്പം നിലകൊള്ളുന്നത് കാണാനാണ് എനിക്കിഷ്ടമെന്നും ഉറുമ്പിന് എറവെള്ളം സമുദ്രമെന്നപോലെ തൻ്റെ കവിതകാലം എത്ര ചെറുതാണെങ്കിൽ പോലും ഞാനതിനെ ഇഷ്ടപെടുന്നുവെന്ന് കെ.വി. മണിരാജ് പറഞ്ഞു.
മണിരാജ് തൊണ്ണൂറുകളിൽ തന്നെ മുംബൈയിലെ കാവ്യവേദികളില്‍ അമ്ള തീക്ഷ്ണമായ തന്‍റെ വരികള്‍ കൊണ്ട് ശ്രദ്ധേയനായ കവിയാണെന്നും എ അയ്യപ്പന്‍റെ കാവ്യവഴികളെ ഓര്‍മ്മിപ്പിക്കുന്നു എന്ന് ആദ്യകാല രചനകളെപ്പറ്റി ഇ ഐ എസ് തിലകൻ നിരീക്ഷിച്ചതായും കവി ജി വിശ്വനാഥൻ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ഭാഷയിലും ബിംബ സ്വീകരണത്തിലും ഒക്കെ നവീനത കാത്തു സൂക്ഷിക്കാന്‍ മണിരാജ് എപ്പോഴും ശ്രദ്ധിച്ചു പോന്നിട്ടുണ്ടെന്നും ആദ്യകാലത്ത്, ജീവിതത്തിന്‍റെ ഇരുണ്ട ചിത്രങ്ങളെ കോറിയിടാന്‍ ശ്രമിച്ചിരുന്ന കവി അടുത്ത കാലത്തായി കൂടുതല്‍ സൂക്ഷ്മ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവന്നും വിശ്വനാഥൻ പറഞ്ഞു. വര്‍ത്തമാന രാഷ്ട്രീയാവസ്ഥയോട് പ്രതികരിക്കാതിരിക്കാന്‍ കവിക്കും കഴിയില്ല എന്ന യാഥാര്‍ത്ഥ്യബോധത്തില്‍ നിന്നാവണം, ഈയൊരു മാറ്റം എന്ന് വിശ്വനാഥൻ അഭിപ്രായപ്പെട്ടു.
പ്രണയത്തെ പാപമായി കരുതുമ്പോള്‍ മതജാതി രഹിതമായ പ്രണയത്തെപ്പറ്റി, കവിക്ക് പറയാതിരിക്കാനാവുന്നില്ലെന്നും സത്യം പറയുമ്പോള്‍ നാവ് അരിയപ്പെടുന്ന കാലത്ത്, സത്യം പറയരുതേ.. എന്ന വിരുദ്ധോക്തി കൂടുതല്‍ ശക്തമായ കാവ്യോപകരണമായി മണിരാജ് കണ്ടെടുക്കുന്നു എന്ന് വിശ്വനാഥൻ വിലയിരുത്തി.
കൂടുതല്‍ സൂക്ഷ്മമായ രാഷ്ട്രീയം, കാവ്യയുക്തിയോടെ കൈകാര്യം ചെയ്യുന്നു എന്നതാണ് മണിരാജിന്‍റെ അടുത്ത കാലത്തെ കവിതകളെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത് എന്നു തോന്നുന്നുവെന്ന് വിശ്വനാഥൻ പറഞ്ഞു.
കവിതയോടുള്ള സമീപനം, എഴുത്തിലും വായനയിലും എത്രമേൽ ഗാഢവും അഗാധവുമാകണം എന്ന അകക്കാമ്പിൽ നിറയുന്ന ഒരു ചിന്തയുടെ ഉൾക്കൊള്ളൽ, കവിതയുടെ ആത്മാവിലേക്ക് വിലയം കൊള്ളുന്ന സൂക്ഷസമീപനം എഴുത്തിൽ സൂക്ഷിക്കുന്ന കവിയാണ് മണിരാജ് എന്ന് സുമേഷ് പി എസ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
സൂക്ഷ്മ രാഷ്ടീയത്തിന്റെ ഒരു സമാന്തരധാര ഏതാണ്ട് എല്ലാ കവിതകളിലും നിലനിർത്തുന്ന ഒരു ആന്തരിക വിക്ഷുബ്ധത, പ്രതിബന്ധത മണിരാജിലുണ്ട് എന്ന് സുമേഷ് അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ പ്രകടനപരതയ്ക്കും നാട്യങ്ങൾക്കും ചെന്നെത്താത്ത ഏകാന്തതയിൽ ഉറവെടുക്കുന്ന കവിതകളിൽ സത്യാനന്തര കാലത്തെ സത്യാന്വേഷണം എന്ന കല നിറഞ്ഞു നിൽക്കുന്നു എന്ന് സുമേഷ് കൂട്ടിച്ചേർത്തു.
സാമൂഹിക മാധ്യമങ്ങൾ ഇന്നുയർത്തിക്കാട്ടുന്ന പല കലഹങ്ങളും കലാപങ്ങളും വിമോചനങ്ങളും രണ്ട് ദശാബ്ദം മുമ്പ് മണിരാജിൻ്റെ കവിതകളിൽ അലയടിച്ചിരുന്നുവെന്ന് സുമ രാമചന്ദ്രൻ പറഞ്ഞു.
മിനി മോഹനൻ, ജ്യോതിർമയി ശങ്കരൻ എന്നിവർ പഠനങ്ങൾ അവതരിപ്പിച്ചു.
സുരേഷ് നായർ, സുരേഷ വർമ്മ , അജിത് ശങ്കരൻ കെ.വി.എസ്. നെല്ലുവായ്, വി.ടി ദാമോദരൻ,
പ്രഭാ രാജൻ എന്നിവർ സംസാരിച്ചു.
ശ്യാംലാൽ എം, ശീതൾ ബാലകൃഷ്ണൻ, പി ഡി ജയപ്രകാശ്, രുഗ്മിണി സാഗർ, വേദ് നിരഞ്ജൻ, അശോക് കുമാർ എന്നിവർ മണിരാജിൻ്റെ കവിതകൾ ആലപിച്ചു.
ഓൺലൈനും ഓഫ്ലൈനും ഇടകലർന്ന നൂതനമായ ഹൈബ്രിഡ് രീതിയിലാണ് അക്ഷരസന്ധ്യ സദസ്സ് സംഘടിപ്പിച്ചത്. സൂം വഴിയും സമാജം ഹാളിൽ നേരിൽ വന്നു പങ്കെടുത്തുമാണ് ചർച്ച നടന്നത്.
അനിൽപ്രകാശ് ആമുഖം പറഞ്ഞ ചർച്ചയിൽ സമാജം പ്രസിഡണ്ട് കെ. ടി നായർ സ്വാഗതവും കൺവീനർ ടി വി രഞ്ജിത് നന്ദിയും പറഞ്ഞു.

- മൊബൈൽ നിലച്ച ദിനം (നർമ്മ ഭാവന )
- വിമാനമിറങ്ങിയ മഹാബലി – 2
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 15
- വരികൾക്കിടയിലൂടെ – (Rajan Kinattinkara) – 12
- സൈതാലിക്ക (Rajan Kinattinkara)
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 9
- വരികൾക്കിടയിലൂടെ (Rajan Kinattinkara) – 8
- വരികൾക്കിടയിലൂടെ (Rajan Kintattinkara) – 4
- നന്മയുടെ മുംബൈ – (Rajan Kinattinkara)
- മുംബൈയിലെ ഒരു പകൽ – ( രാജൻ കിണറ്റിങ്കര)
- മുംബൈ കാഴ്ചകൾ – പുതു വർഷത്തലേന്ന്