മരയ്ക്കാരെ അറബിക്കടലിൽ തള്ളി പ്രേക്ഷകർ (Movie Review)

0

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ആന്റണി പെരുമ്പാവൂർ തള്ളിമറിച്ച ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയെന്നാണ് തീയറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. പ്രിയദർശൻ തനിക്ക് പ്രിയപ്പെട്ട കുറെ താരങ്ങളെ അണി നിരത്തി തട്ടിക്കൂട്ടിയ സിനിമാ മാമാങ്കമായി മരക്കാർ മാറുമ്പോൾ ഇതിനായി നൂറു കോടി ചിലവിട്ടതാണ് മലയാള സിനിമാ വ്യവസായത്തോട് ആന്റണി ചെയ്ത അനീതി. ഇത്തരമൊരു ചിത്രത്തെ മോഹൻലാലിൻറെ താരമൂല്യവും ഒപ്പം കുറെ തള്ളും ചേർത്ത് വിറ്റഴിക്കാമെന്ന ലക്‌ഷ്യം മാത്രമാണ് പെരുമ്പാവൂരിന്റെ തന്ത്രം. തീയേറ്ററിൽ കളക്ഷൻ കുറഞ്ഞാലും ഒടിടിയിലൂടെ നിക്ഷേപം തിരിച്ചു പിടിക്കാമെന്നാണ് നിർമ്മാതാക്കളുടെ കണക്കുകൂട്ടൽ.

മോഹൻലാൽ, സുനിൽ ഷെട്ടി, അർജുൻ സർജ, പ്രഭു, അശോക് സെൽവൻ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, നെടുമുടി വേണു, സിദ്ദിഖ്, മുകേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ജയ് ജെ. ജക്രിത്, മാക്സ് കാവൻഹാം, ടോബി സൗർബാക്ക് തുടങ്ങി സൗഹൃദ വലയത്തിലുള്ള വലിയൊരു താര നിര തന്നെ പ്രിയദർശൻ ചിത്രത്തിൽ അണി നിരത്തിയിട്ടുണ്ട്. എന്നാൽ കെട്ടുറപ്പുള്ളൊരു തിരക്കഥയൊരുക്കാൻ കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ബാഹുബലിയോട് കിട പിടിക്കാവുന്ന ദൃശ്യാനുഭവമായി മരക്കാർ മാറുമായിരുന്നു.

ക്യാമറ കടൽ കണ്ടിട്ടില്ലെന്ന് മോഹൻലാൽ ഒരു പ്രൊമോഷൻ പരിപാടിയിൽ പറഞ്ഞത് പ്രേക്ഷകനും ഫീൽ ചെയ്യുന്ന രീതിയിലായിരുന്നു പല ഘട്ടങ്ങളിലും ഗ്രാഫിക്സ് ഒരുക്കിയത്. നല്ല ഛായാഗ്രഹണം തന്നെയാണ് ചിത്രത്തിലെ പ്ലസ് പോയിന്റ് ആയി ഉയർത്തിക്കാട്ടാവുന്നത്.

അത് കൊണ്ട് തന്നെയാണ് ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന മലയാള സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ കഴിയാതെ പോയത്. ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം നിരാശയായിരുന്നു.

വാസ്കോ ഡ ഗാമയുടെയും സാമൂതിരിയുടെയും നേതൃത്വത്തിൽ പോർച്ചുഗീസ് സൈന്യം തമ്മിലുള്ള സംഘർഷങ്ങൾ പതിവായ പതിനാറാം നൂറ്റാണ്ടിൽ കേരളത്തിലെ അറിയപ്പെടുന്ന നാവികസേനാ അഡ്മിറൽ ആയിരുന്ന കുഞ്ഞാലി മരക്കാറിന്റെ കഥയാണ് ചിത്രം പറയുന്നത്. രാജകുമാരിയായി എത്തുന്ന കല്യാണി പ്രിയദർശനും മരക്കാർ കുടുംബത്തിലെ ഏറ്റവും ഇളയ അംഗമായ കുഞ്ഞാലി മരക്കാറിനെ അവതരിപ്പിച്ച പ്രണവ് മോഹൻലാലും ആദ്യ പകുതിയിൽ സിനിമയെ കുറച്ചെങ്കിലും പിടിച്ചിരുത്തുന്നു. കുഞ്ഞാലിയായി വളരുന്ന മോഹൻലാൽ പക്ഷെ ആരാധകരെ തൃപ്തി പെടുത്തിയില്ലെന്ന് വേണം പറയാൻ.

ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുഞ്ഞാലിയുടെ വിശ്വസ്ത പോരാളിയായ ചിന്നാലിയും (തായ്‌ലൻഡ് ആസ്ഥാനമായുള്ള നടൻ) ഒരു ഭൂവുടമയുടെ മകൾ അർച്ചയും (കീർത്തി സുരേഷ്) തമ്മിലുള്ള പ്രണയം, കുഞ്ഞാലിയും സാമൂതിരിയും തമ്മിൽ ഭിന്നതയുണ്ടാക്കുന്നു. അതിനുശേഷം, കുഞ്ഞാലി മരക്കാരുടെ ചെറുതും എന്നാൽ നിർഭയവുമായ സൈന്യവും ശക്തരായ പോർച്ചുഗീസ് സൈന്യവും സാമൂതിരി സാമ്രാജ്യത്തിന്റെ കീഴിലുള്ള എല്ലാ ഭരണാധികാരികളും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗ്രാഫിക്സ് മികവ് കൊണ്ടും താര സാന്നിധ്യം കൊണ്ടും ചിത്രത്തിന് ലഭിച്ചേക്കാവുന്ന ഇനിഷ്യൽ കൊണ്ട് മാത്രം മുടക്കുമുതൽ തിരികെ പിടിക്കാൻ കഴിയുമെന്ന ആത്മവിശ്വസമാണ് ഈ ചിത്രത്തിനായി നൂറു കോടി ചിലവിടാൻ ആന്റണിയെയും കൂട്ടുകാരെയും പ്രേരിപ്പിച്ച ഘടകം.

‘പഴശ്ശിരാജ’യിലും ‘ഉറുമി’യിലും സംഭവിച്ച പോലെ ക്ലൈമാക്‌സ് ഊഹിക്കാവുന്നതേയുള്ളൂ. പ്രിയദർശന്റെ ദൃശ്യാവിഷ്‌കാരവും നിർമ്മാണ ശൈലിയും മികച്ചു നിൽക്കുമ്പോഴും പതിനാറാം നൂറ്റാണ്ടിലെ ഭാഷയിലും സംസ്കാരത്തിലും ഗവേഷണത്തിന്റെ അഭാവം പ്രകടമാണ്. സംഭാഷണങ്ങളും ഭാഷയും കഥയുടെ സമയക്രമത്തിനോ കഥാപാത്രങ്ങൾക്കോ ​​യോജിച്ചതല്ല, പലപ്പോഴും ഹാസ്യാത്മകമായി മാറുമ്പോൾ തീയേറ്ററുകളിൽ ഉയരുന്ന ട്രോളുകൾക്ക് ചിലർ മമ്മൂട്ടി ആരാധകരെ പഴിക്കുന്നത് കേൾക്കാം. ഇസ്ലാമിൽ വിശ്വസിക്കുന്ന മരക്കാർ കുടുംബത്തിലെ അംഗങ്ങൾക്കും ബ്രാഹ്മണ ഭരണാധികാരി സാമൂതിരിയ്ക്കും ഒരേ ഉച്ചാരണം പലപ്പോഴും അരോചകമായി അനുഭവപ്പെടും. ഈ ചിത്രത്തിനായി ആന്റണി പെരുമ്പാവൂർ ചിലവിട്ട പണം കൊണ്ട് ദൃശ്യവും ആറാം തമ്പുരാനും പോലെ പത്തു സിനിമകൾ പുറത്തിറക്കാമായിരുന്നു.

മറ്റൊരു പ്രധാന പോരായ്മ സ്ത്രീ കഥാപാത്രങ്ങൾക്ക് സ്ക്രീൻ സ്പേസ് നൽകാതെ പോയതാണ്. മികച്ച അഭിനേത്രി സുഹാസിനിയും മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മഞ്ജുവാര്യരും വെറും കെട്ടുകാഴ്ചകളായി. ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷ് പോലും ശ്രദ്ധിക്കപ്പെടാതെ പോയി. ഒരു ഇലക്ട്രിക് ഗിറ്റാർ പോലെ വീണ വായിക്കുന്ന രംഗമെല്ലാം അപഹാസ്യമായി തോന്നി.

കുഞ്ഞാലിയെപ്പോലെ പരിചയസമ്പന്നനായ ഒരു പടക്കുതിരയിൽ നിന്ന് പ്രതീക്ഷിച്ച ക്രൂരമായ യുദ്ധവീര്യവും ചടുലതയും തിരശീലയിൽ പകർന്നാടാൻ മോഹൻലാലിന് കഴിയാതെ പോയി. മറ്റൊരു കിളിച്ചുണ്ടൻ മാമ്പഴമായി മോഹൻലാലിൻറെ സംസാര രീതി. ചില രംഗങ്ങളിൽ പ്രണവ് അഭിനയ മികവിൽ മുന്നിലെത്തിയെങ്കിലും അമച്വർ ഡയലോഗ് ഡെലിവറി യുവനടന് വിനയായി. ഹരീഷ് പേരടിയുടെ സാമൂതിരിയുടെ കമാൻഡർ ഇൻ ചീഫ് മങ്ങാട്ടച്ചൻ എന്ന കഥാപാത്രം അവിസ്മരണീയമായി.

ഈ കാലഘട്ടത്തിലെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാള സിനിമയിലെ പരിചിത മുഖങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. അന്തരിച്ച നടൻ നെടുമുടി വേണു, സിദ്ദിഖ്, മുകേഷ്, ഇന്നസെന്റ്, മാമൂക്കോയ, കെ ബി ഗണേഷ് കുമാർ, ബാബുരാജ് എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ പതിവ് ശൈലിയിൽ അവതരിപ്പിച്ചു. ബോളിവുഡ് നടൻ സുനിൽ ഷെട്ടി, മുതിർന്ന തമിഴ് നടന്മാരായ പ്രഭു, അർജുൻ സർജ എന്നിവരും കഥാപാത്രങ്ങളായി വന്നു പോകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here