നിർത്തലാക്കിയ റെയിൽ സർവീസുകൾ പുന:സ്ഥാപിക്കാൻ സമ്മർദ്ദം

0

കോവിഡ് മഹാമാരികാലത്തു നിർത്തലാക്കിയ എല്ലാ ദീർഘദൂര ട്രെയിനുകളും സബർബൻ ട്രെയിനുകളും പുന:സ്ഥാപിക്കണമെന്നും പാൻട്രികാർ, ഭക്ഷണ സൗകര്യം എന്നിവ ഏർപ്പെടുത്തുകയും ബെഡ്റോളും തലയിണയും ബ്ലാങ്കെറ്റും യാത്രകാർക്ക് വിതരണം ചെയ്തു തുടങ്ങണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.

ഡിസംബർ 1ന് മുംബൈ റെയിൽവേ ഓഫീസിൽ കൂടിയ റെയിൽവേ കമ്മിറ്റി യോഗത്തിൽ കമ്മിറ്റി മെമ്പറും താനെയിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകനുമായ ശ്രീകാന്ത് നായർ ഉന്നയിച്ച ആവശ്യങ്ങൾ എത്രയും വേഗം നടപ്പിലാക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുമെന്നു റെയിൽവേയുടെ ഉന്നതകാര്യസമിതി ഉറപ്പ് നൽകി.

കൂടാതെ മുതിർന്ന പൗരന്മാർ, വിദ്യാർഥികൾ, വികലാoഗർ തുടങ്ങിയവർക്ക് നൽകിവന്നിരുന്ന ഇളവുകളും റിസർവേഷൻ ആനുകൂല്യങ്ങളും ഉടൻ പുന:സ്ഥാപിക്കണമെന്നും മീറ്റിംഗിൽ ശക്‌തമായി ആവശ്യപ്പെട്ടു. കോവിഡ് ലോക്ഡൗണിനെ തുടർന്ന് റെയിൽവേ ഈ അനുകൂല്യങ്ങൾ നിർത്തലാക്കിയിരുന്നു.
സ്പെഷ്യൽ ട്രെയിനുകൾക്ക് ഏർപ്പെടുത്തിയ പ്രിമിയം ചാർജ് പിൻവലിച്ച് എല്ലാ സർവീസുകളും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടതായി ശ്രീകാന്ത് നായർ പറഞ്ഞു.

ദീർഘദൂര ട്രെയിനുകൾ വന്നു പോകുന്ന എല്ലാ പ്രധാന സ്റ്റേഷനുകളിലെയും പ്ലാറ്റുഫോമുകളിൽ എസ്കലേറ്റർ , ലിഫ്റ്റ് സൗകര്യങ്ങളും ശുചിമുറികളും ഏർപ്പെടുത്തണമെന്നും അടിയന്തിരമായി സ്ത്രീ ടോയ്‌ലറ്റുകൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും നിലവിൽ താനെ സ്റ്റേഷനിലെ വെയ്റ്റിംഗ് റൂമിന്റെ അപര്യാപ്തതയും കമ്മിറ്റിയുടെ ശ്രദ്ധയിൽ പെടുത്തി.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും കോവിഡ് ഭീഷണിയെ ശക്‌തമായി നേരിടുകയും ജനജീവിതം സാധാരണ നിലയിൽ കൊണ്ടുവരുന്നതിനുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യവസായ സ്ഥാപനങ്ങളും ബിസിനസ് സംരംഭങ്ങളുമെല്ലാം തുറന്നു പ്രവർത്തിക്കുകയും ചെയ്ത സ്ഥിതിക്ക് ഭാരതീയ ജനതയുടെ ഏറ്റവും വിശ്വസ്തവും പ്രധാനവുമായ ഗതാഗതസൗകര്യമെന്ന നിലയിൽ റെയിൽവെയുടെ മുഴുവൻ സേവനങ്ങളും പുനസ്ഥാപിക്കുകയും മുൻപുണ്ടായിരുന്ന എല്ലാ ആനുകൂല്യങ്ങളും പഴയപടി നിലനിർത്തുകയും ചെയ്യണമെന്ന് ശ്രീകാന്ത് നായർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.

റെയിൽവേയെ പ്രതിനിധീകരിച്ച് ശലഭ് ഗോയേൽ, ഡിആർഎം, ഗൗരവ് ജാ സീനിയർ ഡിസിഎം, രവീന്ദ്ര വഞ്ചാരി സീനിയർ, ഡിഓഎം, മനോജ്‌ പാട്ടീൽ ഡെപ്പ്യൂട്ടി കമ്മിഷണർ ഓഫ് പോലീസ് (ജി ആർ പി ), എം. എൽ മീന ഡിസിഎം (ഗുഡ്സ് ) എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here