ഒമിക്രോണും മുംബൈ നഗരവും

ഇനിയൊരു അടച്ചുപൂട്ടലിനും ലോക് ഡൗണിനും നമുക്ക് ബാല്യമില്ല. ന്നെര വർഷത്തെ ലോക് ഡൗൺ ഓരോ വ്യക്തിയേയും അഞ്ചു വർഷമെങ്കിലും പിന്നോട്ടടിച്ചിരിക്കുന്നു.......മുംബൈയിലെ ജനപ്രിയ എഴുത്തുകാരൻ രാജൻ കിണറ്റിങ്കര എഴുതുന്നു.

0

ലോകം കൊവിഡിന്റെ മറ്റൊരു വകഭേദമായ ഒമിക്രോൺ ഭീതിയിലാണ്. ഇന്ത്യയിലും വിദേശങ്ങളിൽ നിന്ന് വന്ന പലരും നിരീക്ഷണത്തിലാണ്. ഇന്ത്യയിൽ ഈ ഭീതി ഏറ്റവും കൂടുതൽ നില നിൽക്കുന്നത് മുംബൈയിലാണ്. കാരണം ഏകദേശം രണ്ട് വർഷത്തെ അനിശ്ചിതത്വത്തിനും അടച്ചിരിപ്പിനും ശേഷം നഗരം അതിന്റെ പാളത്തിലേക്ക് തിരിച്ചു വന്നതായിരുന്നു. ഓഫീസുകൾ വ്യവസായ ശാലകൾ മാളുകൾ സിനിമാശാലകൾ ഇവയെല്ലാം നിബന്ധനകളോടെ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. ലോക്കൽ ട്രെയിനുകൾ പതിവു പോലെ സെർവീസ് തുടങ്ങി. പ്ലാറ്റുഫോമുകൾ സജീവമായി. റോഡുകളിൽ ട്രാഫിക് ജാം പതിവു കാഴ്ചയായി. എല്ലാം പതിവു പോലെ കണ്ട ആശ്വാസത്തിൽ മുംബൈ വാസികൾ നെടുവീർപ്പിടുമ്പോഴാണ് ഇടിത്തീ പോലെ ഒരു വാർത്ത ആഫ്രിക്കയിൽ നിന്നും വരുന്നത്.

വിദേശത്ത് നിന്ന് വരുന്നവർ ഭൂരിഭാഗവും, അവർ ഇന്ത്യയുടെ ഏത് ഭാഗത്തുള്ളവരായാലും, ആദ്യം ലാന്റ് ചെയ്യുന്നത് മുംബൈയിലാണ്. ട്രെയിൻ മാർഗ്ഗവും റോഡ് മാർഗ്ഗവും വിമാന മാർഗ്ഗവും ഇന്ത്യയുടെ ഏത് കോണിലും അധികം ബുദ്ധിമുട്ടില്ലാതെ എത്തിപ്പെടാനുള്ള സാദ്ധ്യതകളും സൗകര്യങ്ങളും ഇവിടെ കൂടുതൽ ഉണ്ടെന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണവും. ഇനി ഒരു രാത്രി നഗരത്തിൽ തങ്ങേണ്ടി വരികയാണെങ്കിലും സ്വന്തം പഴ്സ് കീറാതെ ബഡ്ജറ്റ് ഹോട്ടലുകളുടെ ലഭ്യതയും മഹാനഗരത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നു.

ഇത്തരം ഒരു സാഹചര്യത്തിൽ നഗരവാസികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. വൈറസിന്റെ വ്യാപനം നമ്മുടെ വിശ്വാസങ്ങൾക്കപ്പുറമാണെന്ന് നമ്മൾ അനുഭവത്തിൽ നിന്നും പഠിച്ചിരിക്കുന്നു. കൈ കഴുകിയാൽ , സാനിറ്റെസർ ഉപയോഗിച്ചാൽ രോഗത്തെ അകറ്റി നിർത്താമെന്ന് നമ്മൾ ആദ്യം വിശ്വസിച്ചു. പക്ഷെ, എന്നിട്ടും പലരേയും രോഗം ആക്രമിച്ചു. വാക്സിൻ എടുത്താൽ രക്ഷപ്പെടാമെന്ന് പിന്നീട് വിശ്വസിച്ചു. പക്ഷെ വാക്സിനും പരിമിതികൾ ഉണ്ടെന്ന് നമ്മളറിഞ്ഞു.

ഈ ഒരു അവസ്ഥയിൽ വാട്സ് ആപ്പ് ഡോക്ടർമാരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളുമല്ല, സാമാന്യ ബുദ്ധിയാണ് പ്രയോഗികേണ്ടത്. ഓ , ചുമ്മാ എന്ന് നിസ്സാരമായി പറയുന്നത് കൊവിഡിന്റെ കാര്യത്തിലെന്നല്ല ഏതു രോഗത്തിന്റെ കാര്യത്തിലായാലും ധിരതയല്ല, വിവേകമില്ലായ്മയാണ്. രോഗത്തെ ഭയക്കണം എന്നല്ല, വിവരക്കേടിനെ ഭയക്കണം .

ഇനിയൊരു അടച്ചുപൂട്ടലിനും ലോക് ഡൗണിനും നമുക്ക് ബാല്യമില്ല. ന്നെര വർഷത്തെ ലോക് ഡൗൺ ഓരോ വ്യക്തിയേയും അഞ്ചു വർഷമെങ്കിലും പിന്നോട്ടടിച്ചിരിക്കുന്നു. അവന്റെ സസാദ്യങ്ങൾ, പ്രതീക്ഷകൾ, സ്വപ്നങ്ങൾ എല്ലാം. ഒന്നിൽ നിന്ന് വീണ്ടും നമ്മൾ തുടങ്ങിയിട്ടേയുള്ളു. ഇനിയും തിരിച്ചു നടക്കാൻ നമുക്കാവില്ല… അതിനാൽ കഴുത്തിലെ മാസ്ക് നമുക്ക് വീണ്ടും മുഖത്തേക്ക് കയറ്റാം. അനാവശ്യ ചുറ്റിക്കറങ്ങലുകൾ ഒഴിവാക്കാം.. ജാഗ്രതയുടെ സന്ദേശ വാഹകരാകാം.. നമുക്ക് വേണ്ടി.. നമ്മുടെ കുടുംബത്തിന് വേണ്ടി.. സമൂഹത്തിന് വേണ്ടി..

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here