ലോക കപ്പ് ഫുട്ബാൾ പ്രീ -ക്വാർട്ടറിലേക്ക് പ്രവേശിക്കുമ്പോൾ വ്യക്തമാകുന്ന ചിത്രം ഇത് ഫോർവേഡുകളുടെയോ സ്‌ട്രൈക്കർമാരുടെയോ ലോകകപ്പല്ല , മറിച്ച് ഡിഫെൻഡർമാരുടെ ലോക കപ്പാണെന്നാണ് . ഗോൾ അടിക്കുന്നതിനേക്കാൾ എതിരാളിയെ ഗോളടിക്കാതിരിക്കാൻ അനുവദിക്കാതിരിക്കുക എന്ന ടാക്റ്റിക്സ് ആണ് പല ടീമുകളും അനുവർത്തിച്ചു പോരുന്നത് . അത്തരം തന്ത്രങ്ങളിൽ കുറെയൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കഴിഞ്ഞ കളികൾ വ്യക്തമാക്കുന്നത് . ഐസ്‌ലാൻഡ് , സെനഗൽ എന്നീ ചെറു ടീമുകൾ വമ്പൻ മാരെ പിടിച്ചു കെട്ടുന്നത് ഇത്തരം നീക്കങ്ങളിലൂടെയാണ് . ചെറുത്തു നിൽക്കുകയും അവസരം കിട്ടുമ്പോൾ ലോങ്ങ് പാസിലൂടെ എതിർ ഗോൾ മുഖത്തെക്ക് ബാൾ എത്തിക്കുകയും ചെയ്യുന്ന തന്ത്രം ഈ ലോകകപ്പിൽ വിജയപ്രദമായി പല കോച്ചുകളും നടപ്പിലാക്കിയിരിക്കുന്നു.
ഫുട്ബാളിൽ പിഴവുകൾക്ക് സ്ഥാനമില്ല , ഒരു ചെറിയ പിഴവ് മതി ഒരു ടീമിന്റെ വിധി നിർണ്ണയിക്കപ്പെടാൻ . അത് കളിക്കാരുടേതായാലും ഗോളിയുടേതായാലും റഫറിയുടേതായാലും ലൈൻ റെഫറിയുടെതായാലും വലിയ വില കൊടുക്കേണ്ടി വരും . അവസാന വിസിൽ വരെ കീഴടങ്ങാൻ തയ്യാറല്ലാത്ത ടീമിനാണ് ഫുട്ബാളിൽ വിജയം . തൊണ്ണൂറു മിനുട്ട് കഴിയുമ്പോഴും രണ്ടു ഗോളിന് പിന്നിൽ നിന്ന് ഇഞ്ചുറി ടൈമിൽ മൂന്നു ഗോൾ തിരിച്ചടിച്ചു വിജയിച്ച ടീമുകളെ മുൻ ലോക കപ്പുകളിൽ നമ്മൾ കണ്ടിട്ടുണ്ട് . ഈ ആത്മവിശ്വാസം ഇല്ലായ്മയാണ് പ്രീ ക്വാർട്ടർ കാണാതെ പുറത്താകൽ ഭീഷണിയിൽ നിൽക്കുന്ന ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള അർജന്റീനയുടെയും അതിന്റെ ക്യാപ്റ്റനായ മെസ്സിയുടെയും ദുർവിധിക്കു കാരണം.
ഇത് ബാഴ്‍സയല്ല എന്ന് മെസ്സിയെ കൂടെ കൂടെ ഓർമ്മിപ്പിക്കുന്നതായി ഈ ലോകകപ്പ്
ലോക കപ്പിൽ എല്ലാവരും ശക്തരായ എതിരാളികൾ ആണെന്ന കണക്കു കൂട്ടലിലൂടെ വേണം കളത്തിൽ ഇറങ്ങാൻ . തങ്ങൾ കപ്പ് നേടാൻ വന്നവരാണെന്ന മുൻ വിധിയോടെ വമ്പൻ ടീമുകൾ കളത്തിലിറങ്ങുമ്പോഴാണ് സ്വന്തം നെറ്റിൽ വീഴുന്ന ഓരോ ഗോളും അവരെ അസ്വസ്ഥരാക്കുന്നതും കളിയുടെ നിയന്ത്രണം അവർക്ക് നഷ്ടപ്പെടുന്നതും . ക്രൊയേഷ്യയുമായുള്ള മത്സരത്തിൽ ഗോളിയുടെ പിഴവിൽ നിന്നും വന്ന ഒരു ഗോളിൽ അർജന്റീന തകർന്നു പോയി . അതാണ് മൂന്നു ഗോളിന്റെ തോൽവി ലോകോത്തര ടീമിന് നേരിടേണ്ടി വന്നത് . ആ തകർച്ചതന്നെയാണ് ഐസ്ലാൻഡിനു എതിരായ മത്സരത്തിലും നിഴലിച്ചത്, ആ സമ്മർദ്ദം മെസ്സിയെ പെനാൽറ്റി നഷ്ടപ്പെടുത്തുന്നതിൽ വരെ എത്തിച്ചു . അർജന്റീനയിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത പ്രകടനം തന്നെയാണ് പ്രതീക്ഷകൾ ഉണർത്തുന്ന ടീമുകളായ ബ്രസീലും ജർമനിയും ഇതുവരെയുള്ള കളികളിൽ കാഴ്ചവച്ചത് എന്നതും ഈ സമ്മർദങ്ങളെ അതിജീവിക്കുന്നതിൽ വന്ന പരാജയമാണ് .
ഇത് ബാഴ്‍സയല്ല എന്ന് മെസ്സിയെ കൂടെ കൂടെ ഓർമ്മിപ്പിക്കുന്നതായി ഈ ലോകകപ്പ് . ബാഴ്‌സയിൽ മെസ്സിയുടെ മനസ്സെത്തുന്നിടത്ത് ബാൾ എത്തിക്കാൻ കൂടെ നെയ്മറും സുവാരസും ഉണ്ടായിരുന്നു . നെയ്മർ ബാഴ്‌സ വിട്ടപ്പോഴും ആ ഒഴിവു നികത്താൻ കെൽപ്പുള്ള കളിക്കാർ അവിടെ ഉണ്ടായിരുന്നു . ഇവിടെ മെസ്സിയ്ക്ക് ബാൾ എത്തിക്കുന്നതിൽ സ്വന്തം ടീമംഗങ്ങൾ പരാജയപ്പെടുകയും മെസ്സിയെ പൂട്ടുന്നതിൽ എതിർ ടീമിന്റെ ഡിഫെൻസ് വിജയിക്കുകയും ചെയ്തപ്പോൾ ഗ്രൗണ്ടിൽ മെസ്സി നിഷ്പ്രഭമായി .
പക്ഷെ മെസ്സി തോറ്റിടത്ത് ഒറ്റയാൾ പട്ടാളമായി റൊണാൾഡോ പോർച്ചുഗലിനെ നയിക്കുന്നതും നമ്മൾ കണ്ടു . സ്പെയിനിന് എതിരായ മത്സരത്തിൽ അവസാന മിനുട്ടിൽ സമനില ഗോൾ നേടിയ ആ ഒരൊറ്റ ഫ്രീ കിക്ക് മതി റൊണാൾഡോയുടെ മനസ്സാന്നിധ്യത്തിനു തെളിവായി . ക്രിക്കറ്റിൽ നിലത്ത് കുത്തി ബാൾ ബൗൺസ് ചെയ്യിക്കുന്ന ബൗളർമാരെ നമ്മൾ കണ്ടിട്ടുണ്ട് , പക്ഷെ ഉയർത്തി അടിച്ച ബാളിനെ വായുവിൽ ബൗൺസ് ചെയ്ത് വലയിൽ എത്തിക്കുക എന്ന കാൽപന്തുകളിയുടെ ചാരുതയാണ് റൊണാൾഡോ കാണിച്ചു തന്നത് .
എന്തായാലും ഇനി അർജന്റീനയുടെ വിധി നിർണ്ണയിക്കുന്നത് മറ്റു ടീമുകളുടെ ജയ പരാജയങ്ങൾ ആയിരിക്കും . അല്ലെങ്കിൽ ലോകത്തെമ്പാടുമുള്ള ആരാധകരുടെ നെഞ്ചിൽ ഒരിത്തിരി കനൽ കോരിയിട്ടു സ്വന്തം നാട്ടിലേക്ക് മടങ്ങാം . അങ്ങിനെ സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കാം
- രാജൻ കിണറ്റിങ്കര
kinattinkara.rajan@gmail.com
ക്രിക്കറ്റ് തരംഗമാണെങ്കിൽ…ഫുട്ബോൾ ചങ്കാണ് മുംബൈ മലയാളികൾക്ക് !!