മുംബൈ കാഴ്ചകൾ – പുതു വർഷത്തലേന്ന്

0

20 21 ന്റെ അവസാന ഇതളും കൊഴിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. കൊവിഡിന്റെ മൂർദ്ധന്യത്തിൽ ഉദിച്ച 2021 ലെ പുതു വർഷ സൂര്യൻ. വാക്സിൻ നൽകിയ ആശ്വാസത്തിൽ വേനൽച്ചൂടിനെയും കൊവിഡ് ഭയത്തേയും മറന്ന് തുടങ്ങിയ ജനങ്ങൾ. പെയ്ഡ് വാക്സിൻ , ഫ്രീ വാക്സിൻ , കോവി ഷീൽഡ് , കോവാക്സിൻ മുതലായ പതിവ് ബഹളങ്ങൾക്കിടയിൽ ശാന്തതയിലേക്ക് ചുവടുകൾ വച്ച് തുടങ്ങിയ ജീവിതം .

മുംബൈയെ സംബന്ധിച്ച് ലോക്കൽ ട്രെയിനു കളുടെ സർവീസ് പുനരാരംഭിക്കൽ നഷ്ടപ്പെട്ട നഗരതാളം വീണ്ടെടുത്തു. പരസ്പരം ഉമ്മ വച്ച് തോളുരുമ്മി പതിവു യാത്രകൾ . വിയർപ്പിന്റെ ഗന്ധത്തിന് വൈറസിനെ തുരത്താൻ കഴിയുമെങ്കിൽ വൈറസിന്റെ ഒരു വകഭേദത്തിനും മുംബൈയെ സ്പർശിക്കാൻ കഴിയുമായിരുന്നില്ല. ഒരു പക്ഷെ സ്വേദ കണങ്ങൾക്ക് സാനിറ്റെസറിന്റെ ഫലം നൽകാനുള്ള കഴിവുണ്ടാകും. അതായിരിക്കും ഈ തിരക്കിലും രോഗവ്യാപനം അത്രമേൽ കൂടാത്തത്. (ഇത് ശ്രദ്ധയിൽ പെടുന്ന ഏതെങ്കിലും മാർവാഡി നാളെ സ്വെറ്റിനൈസർ എന്ന പേരിൽ ബോട്ടിലുകൾ വിപണിയിൽ ഇറക്കാൻ സാദ്ധ്യതയുണ്ട്.)

പതിവു യാത്രകൾ, പതിവ് ഓഫീസ് സമയങ്ങൾ, പതിവ് കൂടിച്ചേരലുകൾ. നഗരത്തിന്റെ നിലച്ച ഹൃദയ സ്പന്ദനങ്ങൾക്ക് പുതു ജീവൻ . കണ്ടു മറന്ന മുഖങ്ങൾ മാസ്ക് താഴ്ത്തി പരിചയം ഭാവിച്ചു. ആപ് കൈസേ ഹെ ? കേട്ട് മറന്ന കുശലാന്വേഷണങ്ങളിൽ കരുതലിന്റെ സ്നേഹഛായ പടർന്നിരുന്നു.

മഹാമാരിയുടെ താണ്ഡവത്തിൽ നഷ്ടപ്പെട്ട ചില സഹചാരികൾ. ഉള്ളിൽ നീറുമ്പോഴും അതെല്ലാം മറന്നു പൊട്ടിച്ചിരിക്കാൻ കഴിയുന്ന മഹാനഗരത്തിന്റെ മുഖക്കണ്ണാടികൾ. നിയന്ത്രണങൾ നിലനിൽക്കുമ്പോഴും ഉത്സവങ്ങളെ ആഘോഷമാക്കാൻ തെരുവിലിറങ്ങുന്ന മുംബൈ വാസികൾ. ഇത്തിരി പോന്ന വൈറസിനു മുന്നിൽ തോറ്റുകൊടുക്കാൻ മനസ്സ് പാകപ്പെട്ടിട്ടില്ലായിരുന്നു. അല്ലെങ്കിലും മഹാനഗരം ജയിക്കാൻ ശീലിച്ചവരുടേത് മാത്രമാണല്ലോ.

ഘടികാരസൂചി നോക്കാതെ സഹായ ഹസ്തവുമായി 24 മണിക്കുറും സന്നദ്ധമായി നിന്ന സംഘടനകൾ, സമാജങ്ങൾ, വ്യക്തികൾ.. മുംബൈയുടെ ജീവവായുവിൽ അലിഞ്ഞ നിസ്വാർത്ഥതയുടെ സെൽഫികളില്ലാത്ത നിശ്ശബ്ദ ചിത്രങൾ . ഓക്സിജന് പോലും വില നൽകേണ്ടിവരുമെന്ന് ലോകം തിരിച്ചറിഞ്ഞ നാളുകൾ. അശാന്തിയുടെ ഗിരി ശ്യംഗങ്ങൾ താണ്ടി സമാധാനത്തിന്റെ സമതല കാറ്റേറ്റ് വീണ്ടും ഒരു പുതുവർഷ സന്ധ്യയിൽ .

ഉയിർത്തെഴുന്നേൽപ്പിന്റെ കാഹളം മുഴങ്ങും മുന്നെ മറ്റൊരു ഭീഷണിയുമായി ഒമിക്രോൺ കാലത്തിന് ഒരു മുഴം മുന്നെ ചുവട് വയ്ക്കുന്നു. 2022 ലേക്ക് കരുതി വച്ച ആവനാഴിയിലെ അവസാന ആയുധം കൊവിഡ് പുറത്തെടുക്കുകയാണോ ? തോറ്റു പിൻമാറൽ ശക്തിയോടെ തിരിച്ചു വരാനുള്ള ഒരു യുദ്ധതന്ത്രമായിരുന്നോ?

മാധ്യമ വാർത്തകളുടെ ജനുവരിച്ചൂടിൽ മഹാ നഗരം യാത്ര തുടരുന്നു. അവന്റെ മുകളിൽ ഒന്നല്ല ഒരു കൂട്ടം വാളുകൾ തൂങ്ങി കിടക്കുന്നുണ്ട്. ഹോം ലോൺ, പേഴ്സണൽ ലോൺ, വീട്ടുവാടക , ഇലക്ടിസിറ്റി ബിൽ, ഇൻഷുറൻസ് പ്രീമിയം .. മെഡിക്കൽ ബില്ലുകൾ.. . ഭയന്ന് നിൽക്കാൻ സമയമില്ല.. കരുതിയിരിക്കാനേ പറ്റൂ.. അതേ മഹാ നഗരം പഠിപ്പിച്ചിട്ടുള്ളൂ.

❤️നവവത്സരാശംസകൾ❤️

രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here