മഹാരാഷ്ട്രയിൽ ഇതുവരെ പത്തിലധികം മന്ത്രിമാർക്കും 20 എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് -19 കേസുകൾ വർദ്ധിക്കുന്നത് തുടരുകയാണെങ്കിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ മുന്നറിയിപ്പ് നൽകി..
പുതിയ വകഭേദമായ ഒമിക്രോൺ അതിവേഗം പടരുന്നുവെന്നും അതിനാൽ ജാഗ്രത ആവശ്യമാണെന്നും മന്ത്രി നിർദ്ദേശിച്ചു . മുംബൈയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യതയെ കുറിച്ചുള്ള തീരുമാനം വരും ദിവസങ്ങളിൽ എടുക്കുമെന്നും രോഗവ്യാപനം സർക്കാർ നിരീക്ഷണത്തിലാണെന്നും പവാർ പറഞ്ഞു. രോഗികളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് റിപ്പോർട്ട് ചെയ്താൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും മന്ത്രി സൂചന നൽകി. ഇതൊഴിവാക്കാൻ എല്ലാവരും മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
മുംബൈയിലെ കൊവിഡ്-19 പോസിറ്റീവ് സാമ്പിളുകളുടെ പരിശോധനയിൽ 55 ശതമാനവും പുതിയ വകഭേദമായ ഒമിക്രോൺ ആണെന്ന് കണ്ടെത്തിയതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) വെള്ളിയാഴ്ച അറിയിച്ചു. ഇത് മഹാരാഷ്ട്രയിൽ മൂന്നാം തരംഗത്തിന്റെ തുടക്കത്തിലേക്ക് നയിക്കുന്ന ഒമിക്രോൺ സമൂഹവ്യപണമെന്നാണ് സംശയിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
മുംബൈയിൽ കഴിഞ്ഞ ദിവസം 5,631 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു, നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ജനുവരി 15 വരെ ദിവസവും വൈകുന്നേരം 5 നും പുലർച്ചെ 5 നും ഇടയിൽ ബീച്ചുകൾ, തുറന്ന മൈതാനങ്ങൾ, ബീച്ചുകൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ തുടങ്ങി സമാനമായ പൊതുസ്ഥലങ്ങൾ എന്നിവ സന്ദർശിക്കുന്നത് വിലക്കിയിരിക്കയാണ്.
