ലോക്ക്ഡൌൺ ആശങ്കയിൽ മുംബൈ ; ഇന്ന് കോവിഡ് കേസുകളുടെ എണ്ണം 20000 കടന്നു.

0

മുംബൈയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം ഇരുപതിനായിരം കടന്നു. 20,181 പുതിയ കോവിഡ് കേസുകളും നാല് മരണങ്ങളുമായി മുംബൈയിലെ പോസിറ്റിവിറ്റി നിരക്ക് നിലവിൽ 29.9 ശതമാനമായി രേഖപ്പെടുത്തി.

മുംബൈയിലെ ലോക്കൽ ട്രെയിനുകളുടെ സേവനം നിയന്ത്രിക്കാൻ തൽക്കാലം പദ്ധതികളൊന്നുമില്ലെന്ന് സംസ്ഥാന പൊതുജനാരോഗ്യ കുടുംബക്ഷേമ മന്ത്രി രാജേഷ് ടോപെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും എൻസിപി അധ്യക്ഷൻ ശരദ് പവാറും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തിയത്. എന്നിരുന്നാലും നിലവിലെ നിയന്ത്രണങ്ങൾ കർശനമാക്കുവാനാണ് സർക്കാർ തീരുമാനം.

മഹാരാഷ്ട്രയിൽ ആഞ്ഞടിക്കുന്ന മൂന്നാം തരംഗത്തെ നേരിടാൻ സംസ്ഥാനത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം അനാവശ്യമായ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

80 ലക്ഷത്തിലധികം ആളുകൾ മൂന്നാം തരംഗത്തിന്റെ ഇരകളാകാൻ സാധ്യതയുണ്ടെന്നും മാരകമായ രണ്ടാം തരംഗം സൃഷ്ടിച്ച നാശനഷ്ടങ്ങളേക്കാൾ ഇരട്ടി ദുരിതമായിരിക്കും നേരിടേണ്ടി വരികയെന്നുമാണ് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, സ്വകാര്യ ആശുപത്രികൾ മൂന്നാം തരംഗത്തെ നേരിടാൻ സജ്ജമാക്കണമെന്ന് മുംബൈ മുനിസിപ്പൽ കമ്മീഷണർ ആവശ്യപ്പെട്ടു.

നഴ്‌സിങ് ഹോമുകളോടും തങ്ങളുടെ ആശുപത്രി കിടക്കകളുടെ സൗകര്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് മുംബൈ മുനിസിപ്പൽ കമ്മീഷണർ ഇഖ്ബാൽ സിംഗ് ചഹാൽ ആവശ്യപ്പെട്ടു. രണ്ടാം തരംഗത്തേക്കാൾ കൂടുതൽ ആവശ്യങ്ങളാകും വേണ്ടി വരികയെന്നും കമ്മീഷണർ പ്രവചിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here