കോവിഡ് മുന്നണിപ്പോരാളികളെ ആദരിച്ച് ആംചി മുംബൈ; അഭിനന്ദനവുമായി മന്ത്രി

0

കോവിഡിന് മുന്നിൽ നഗരം വിറങ്ങലിച്ച് നിന്നപ്പോൾ സഹജീവികളെ ചേർത്ത് പിടിച്ച മുംബൈ നഗരത്തിലെ കോവിഡ് മുന്നണിപ്പോരാളികളെ ആംചി മുംബൈ ആദരിച്ചു.

മുംബൈയിലെ മുൻകാല സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനായ കേരള തുറമുഖ – മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിലിൻ്റെ സാന്നിധ്യവും വാക്കുകളും മുന്നണിപ്പോരാളികൾക്ക് ഊർജ്ജമായി.

നഗരത്തെ ചേർത്ത് പിടിച്ച മലയാളി നന്മ

മുംബൈയിൽ കൊറോണക്കാലത്ത് നിരവധി മലയാളി സമാജങ്ങളും, സംഘടനകളും വാട്ട്സപ്പ് കൂട്ടായ്മകളും സജീവമായി രംഗത്തുണ്ടായിരുന്നു. ഹെൽപ്പ് ലൈൻ സേവനങ്ങളിലൂടെയും മറ്റും ഇവരെല്ലാം നൽകിയ സേവനങ്ങൾ സ്തുത്യാർഹമാണ്. ദുരിത കാലത്ത് ഇതര ഭാഷക്കാരടക്കമുള്ളവർക്ക് തുണയായിരുന്ന മലയാളി സാമൂഹിക പ്രവർത്തകരെ ആദരിക്കാനും വേദികളില്ലാതെ ദുരിതത്തിലായ നാടൻ പാട്ടു കലാകാരന്മാർക്ക് വേദികൾ ഒരുക്കിയുമായിരുന്നു ഈ പരിപാടി വിഭാവനം ചെയ്തിരുന്നത്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് മുൻ നിശ്ചയിച്ച പരിപാടികൾ റദ്ദാക്കിയത്.

വാർത്തകളോട് പ്രതികരിച്ചവർ

നാളിത് വരെ കാണാത്ത മഹാമാരി നഗരത്തിൻ്റെ നട്ടെല്ല് തകർത്തപ്പോൾ സഹജീവികളുടെ ദു:ഖത്തിൽ താങ്ങും തണലുമായി നിന്ന വ്യക്തികളേയും സംഘടനകളെയുമാണ് ആംചി മുംബൈ ആദരിച്ചത്. അടച്ചിരുന്ന കാലത്തും ദുരിതമനുഭവിക്കുന്നവരുടെ വാർത്തകളോട് പ്രതികരിച്ച് സഹായങ്ങൾ എത്തിച്ചു നൽകിയ കുറച്ച് പേരെയാണ് ചടങ്ങിൽ ആദരിച്ചത്.

പ്രവാസകാലത്തെ അയവിറക്കി മന്ത്രി

ഇത്തരമൊരു സമാദരം ഇനിയുള്ള തുടർ പ്രവർത്തനങ്ങൾക്ക് സാംസ്ക്കാരിക – സാമൂഹിക പ്രവർത്തകർക്ക് ഊർജ്ജം പകരുമെന്ന് മന്ത്രി അഹമദ് ദേവർകോവിൽ പ്രസ്താവിച്ചു. കേരള സർക്കാരിന് വേണ്ടി ആംചി മുംബൈയുടെ ഈ ഉദ്യമത്തിന് മന്ത്രി പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.

തൻ്റെ പ്രവാസകാലത്തെ ഓർമ്മകൾ അയവിറക്കിയും മുംബൈ കലാപസ്മരണകൾ പങ്കു വെച്ചുമാണ് സാമൂഹിക പ്രവർത്തകർ നഗരത്തിൽ നിർബാധം നടത്തി വരുന്ന സേവനങ്ങളെ മന്ത്രി പ്രകീർത്തിച്ചത് .

കേരള സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ വിവരങ്ങളും സംസ്ഥാനത്തിൻ്റെ പൈതൃകമുറങ്ങുന്ന മ്യൂസിയങ്ങളുടെ ക്രിയാത്മകമായ നടത്തിപ്പിനെക്കുറിച്ചും മന്ത്രി പരാമർശിച്ചു.

Dr, Bijoy Kutty

ഒമിക്രോൺ എങ്ങിനെ ചെറുക്കാം

ചടങ്ങിൽ പങ്കെടുത്ത ഡോ. ബിജോയ് കുട്ടി (Dr Bijoy Kutty – MBBS, MS – General Surgery, MCh – Cardio Thoracic and Vascular Surgery, Cardiothoracic and Vascular Surgeon) വർധിത വേഗത്തിൽ പടർന്നു വരുന്ന ഒമിക്രോൺ വൈറസ്സിൻ്റെ സാഹചര്യത്തിൽ പൊതുജനങ്ങൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും നിലനിർത്തേണ്ട മാനസിക സന്തുലനത്തിനെ പറ്റിയും പ്രഭാഷണം നടത്തി.

Dr. Sreejith Panicker

കൂട്ടായ പ്രവർത്തനത്തിൻ്റെ പ്രാധാന്യത്തെ ഉദ്ഘോഷിച്ചും മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവർത്തകരുടെ വെല്ലുവിളികളെക്കുറിച്ചും KDMC ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ ശ്രീജിത്ത് പണിക്കർ പ്രഭാഷണം നടത്തി.

പോരാട്ടത്തിൻ്റെ നാൾവഴികൾ

കോവിഡ് കാലത്തു മഹാനഗരത്തെ കരുതലോടെ ചേർത്ത് പിടിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ ലോക്ക് ഡൗണിൽ നഗരത്തിൽ കുടുങ്ങി പോയവരുടെ വാർത്തകളോട് പ്രതികരിച്ച് ജന്മനാട്ടിലേക്ക് മടങ്ങാൻ സഹായിച്ച സാമൂഹിക പ്രവർത്തകരെയും ആശുപത്രിയിൽ പ്രവേശനം ലഭിക്കാതെ ആശങ്കയോടെ സഹായം തേടിയ നൂറു കണക്കിന് രോഗികൾക്ക് തുണയാകാൻ സഹായിച്ച സുമനസ്സുകളേയും പരിചയപ്പെടുത്തി കൊണ്ടാണ് മാധ്യമ പ്രവർത്തകൻ പ്രേംലാൽ പോരാട്ടത്തിൻ്റെ നാൾവഴികൾ അടയാളപ്പെടുത്തിയത്.

Premlal

സഹായങ്ങൾ ആവശ്യപ്പെട്ടു നിരന്തരം വന്നിരുന്ന ഫോൺ കോളുകളുടെ കാലത്ത് അവർക്കു വേണ്ട സഹായങ്ങൾ നൽകാൻ ആംചി മുംബൈയ്ക്ക് കഴിഞ്ഞത് ഒരുപറ്റം നല്ലവരായ സാമൂഹിക സ്നേഹികളുടെ സഹകരണംകൊണ്ട് മാത്രമായിരുന്നുവെന്നും പ്രേംലാൽ പറഞ്ഞു.

Loka Kerala Sabha Member, WMC Gen Secretary, Care4Mumbai President M.K. Nawas

മുംബൈയിലെ പ്രഗത്ഭനായ കാർഡിയാക് സർജൻ ഡോക്ടർ ബിജോയ്‌ കുട്ടി, കല്യാൺ ഡോംബിവിലി മേഖലയിലെ മുനിസിപ്പൽ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറും, മഹാരാഷ്ട്രയിലെ ആദ്യ ഒമിക്രോൺ രോഗിയെ ചികിത്സിച്ചു ഭേദമാക്കിയ ടീമിലെ അംഗവുമായ ഡോക്ടർ ശ്രീജിത്ത്‌ പണിക്കർ എന്നിവർക്കും ആംചി മുംബൈയുടെ ആദര സൂചകമായ ഉപഹാരം മന്ത്രി സമ്മാനിച്ചു . കോവിഡ് രൂക്ഷമായിരുന്ന അവസരങ്ങളിൽ നിരവധി സാധാരണക്കാർക്ക് തുണയായിരുന്നു ഡോക്ടർ ബിജോയ് കുട്ടിയും ഡോക്ടർ ശ്രീജിത്ത്‌ പണിക്കരും.

Care 4 Mumbai General Secretary Priya Varghese

പതിനായിരകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ വിതരണം ചെയ്തും ചികിത്സ സഹായങ്ങൾ എത്തിച്ചു നൽകിയും കെയർ ഫോർ മുംബൈ എന്ന കൂട്ടായ്മ ഒരു വർഷം കൊണ്ട് ചെലവിട്ടത് ഒരു കോടി രൂപയോളമാണ്. കെ ആർ ഗോപി ചെയർമാനായ ഈ ട്രസ്റ്റിന്റെ ചുക്കാൻ പിടിച്ച എം കെ നവാസ്, പ്രിയ വർഗീസ് എന്നിവരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

DrRoy John Mathew

മഹാമാരി രൂക്ഷമായ സമയത്തു ലോക്‌ഡൗണിൽ കുടുങ്ങിപ്പോയ സാധരണക്കാരായ മലയാളികളെ ജന്മനാട്ടിലേക്ക് മടങ്ങാൻ താനെയിൽ നിന്ന് പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയാണ് വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഡോ റോയ് ജോൺ മാത്യു അഞ്ഞൂറോളം പേർക്ക് തുണയായത്. കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്ന ധാരാവി അടക്കമുള്ള പ്രദേശങ്ങളിൽ കുടുങ്ങി കിടന്നിരുന്ന നൂറോളം പേർക്കും ഏക ആശ്രയമായിരുന്നു ഈ സേവനം. കൂടാതെ എലിക്സർ കരുണാലയ എന്ന ചാരിറ്റബിൾ ട്രസ്റ്റിലൂടെയും നിരവധി നിർധനക്ക് കൈത്താങ്ങാകുകയായിരുന്നു ഡോ റോയ് ജോൺ മാത്യു.

Educationist DrOomman David

നിരവധിപേർക്ക് സാമ്പത്തിക സഹായം നൽകിയും കിറ്റുകൾ വിതരണം ചെയ്യാൻ അംചി മുംബൈ ടീമിനോടൊപ്പം നിന്ന് സേവനമനുഷ്ഠിച്ച ഡോ ഉമ്മൻ ഡേവിഡിനെയും വേദിയിൽ പുരസ്‌കാരം നൽകി ആദരിച്ചു. ജനപക്ഷം, കെയർ ഫോർ മുംബൈ തുടങ്ങിയ സന്നദ്ധ സംഘടനകളുടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു ഡോ ഉമ്മൻ ഡേവിഡ്.

Reni Philippose

രണ്ടാം തരംഗം രൂക്ഷമായ നാളുകളിൽ അച്ചടി രംഗത്ത് പ്രവർത്തിക്കുന്ന റെനി ഫിലിപ്പോസ് എന്ന മനുഷ്യ സ്നേഹി ഭക്ഷണപ്പൊതികൾ സ്വന്തം വണ്ടിയിൽ നവി മുംബൈ, ഡോംബിവിലി, കല്യാൺ തുടങ്ങിയ മേഖലകളിൽ വിതരണം ചെയ്താണ് മാതൃകയായത്. പട്ടിണിയിലായ നിരവധി കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന റെനിയുടെ സേവനത്തിനും അംഗീകാരം നൽകി ആദരിച്ചു.

Gireeshkumar & Dimple Gireesh

മുംബൈയിലും കേരളത്തിലുമായി കൊറോണക്കാലത്ത് നിരവധി പേർക്ക് താങ്ങായിരുന്നു വ്യവസായിയായ ഗിരീഷ് ഡിംപിൾ ദമ്പതികൾ. ഒരുമ എന്നൊരു സൗഹൃദ കൂട്ടായ്മയുടെ കീഴിലാണ് ഗിരീഷ് കുമാറും മോഹിനിയാട്ടം നർത്തകി കൂടിയായ ഡിംപിൾ ഗിരിഷും ദുരിതബാധിതരെ ചേർത്ത് പിടിച്ചത്. സേവനമനസ്കരായ മാതൃകാ ദമ്പതികളെ പുരസ്‌കാരം നൽകി മന്ത്രി ആദരിച്ചു.

Bombay Kerala Muslim Jamaath

കോവിഡ് എന്ന മഹാമാരിയിൽ നഗരത്തിലെ പതിനായിരങ്ങളുടെ രോദനത്തെ സ്വന്തമായി കണ്ട് ഇരുപത്തി നാലുമണിക്കൂറും സന്നദ്ധ സേവകരായി പ്രവർത്തിച്ച ബോംബെ കേരള മുസ്ലിം ജമാഅത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്കും ഭാരവാഹികൾ മന്ത്രിയിൽ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങി.

Thomas Olickal (Hiranandani Keralites Association, Powai)

പവായ് ആസ്ഥാനമായ ഒരുകൂട്ടം സേവനമനസ്കരായ സാമൂഹിക പ്രവർത്തകരുടെ സംഘടനയായ ഹിരാനന്ദാനി കേരളൈറ്റ് അസോസിയേഷൻ ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു. കോവിഡ് പൊട്ടിപുറപ്പെട്ടപ്പോൾ പ്രതിരോധ ഹോമിയോപ്പതി ഗുളികൾ മുന്നണി പോരാളികൾക്കും വഴിയോര കച്ചവടക്കാർക്കും എത്തിച്ചു നൽകിയാണ് സംഘടന നഗരത്തെ കരുതലോടെ ചേർത്ത് പിടിച്ചത്.

Loka Kerala Sabha member T.N. Hariharan

നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള പനവേൽ മലയാളി സമാജം പ്രസിഡന്റും, കേരളീയ കേന്ദ്ര സംഘടനയുടെ പ്രസിഡന്റ്‌മായ ലോക കേരള സഭാംഗം ടി. എൻ ഹരിഹരനെയും ചടങ്ങിൽ ആദരിച്ചു.

Rajeev G (Kerala House)

സർക്കാർ ഉദ്യോഗസ്ഥരായ കേരള ഹൌസ് മാനേജർ രാജീവ്‌, നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ശ്യാംകുമാർ എന്നിവരുടെ മികച്ച സേവനത്തിനും മന്ത്രി പുരസ്‌കാരം നൽകി. ചുമതലയേറ്റ ശേഷം കേരള ഹൌസ് മുംബൈ മലയാളികളുടെ സാംസ്കാരിക കേന്ദ്രമായി ഉയർത്താനും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നണിയിൽ നിന്ന് പ്രവർത്തിക്കാനും രാജീവ് വഹിച്ച പങ്കിനെ യോഗം പ്രകീർത്തിച്ചു.

S. Shyamkumar (Norka Development Officer)

കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ പദ്ധതികൾ മുംബൈ മലയാളികൾക്ക് പ്രയോജനപ്പെടുത്തുന്നതിൽ നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ എസ് ശ്യാംകുമാർ വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് ശ്ലാഘനീയമാണ്

Loka Kerala Sabha Member S. Kumar

നവിമുംബൈ മേഖലയിൽ മാത്രമല്ല മുംബൈയിലെ നിരവധി പേർക്ക് ആശുപത്രികളിൽ പ്രവേശനം കിട്ടാതെ വലഞ്ഞ നാളുകളിൽ രോഗികളുടെ ബന്ധുക്കൾക്ക് സാന്ത്വനമേകിയും കോവിഡ് ബാധിച്ചു മരണപെട്ടവരുടെ ഭൗതിക ശരീരം വിട്ടുകിട്ടാനുള്ള നടപടികളിൽ തുണയായും ലോക കേരള സഭാംഗം എസ് കുമാർ നൽകിയ സേവനത്തിനും മന്ത്രി പുരസ്‌കാരം നൽകി ആദരിച്ചു.

Social worker E.P. Vasu

കോവിഡ് കാലത്ത് ഡോംബിവ്‌ലി താക്കുർളി മേഖലയിൽ നിരവധി സഹായങ്ങൾ ചെയ്ത ജനപക്ഷം എന്ന കൂട്ടായ്മയുടെ ചുക്കാൻ പിടിക്കുന്ന ഇ പി വാസുവിനെ മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ ഉപഹാരം നൽകി ആദരിച്ചു.

Social worker P.K. Lali

ഉല്ലാസ് നഗറിലെ ചേരി പ്രദേശങ്ങളിലെ അനേകായിരങ്ങൾക്ക് ഭക്ഷണം നൽകിയും ചികിത്സക്ക് വേണ്ട സഹായങ്ങൾ നൽകിയും കോവിഡിൽ പരിഭ്രാന്തരായവർക്ക്‌ തുണയായി വിളിപ്പുറത്തുണ്ടായിരുന്ന സഖാവ് പി.കെ ലാലിയെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു.

Girija Udayan

കോവിഡ് മഹാമാരി രൂക്ഷമായ സമയത്തു ആംചി മുംബൈയിലേക്ക് വന്ന ഫോൺ വിളികളിൽ ഭൂരിഭാഗവും സഹായങ്ങൾ തേടിയുള്ളവയായിരുന്നു . ഇതെല്ലാം ഏകോപിക്കാനും ആശുപത്രി പ്രവേശനം, മരുന്നുകൾ, ഒക്സിജൻ തുടങ്ങി നിരവധി സഹായങ്ങൾ എത്തിച്ചു നൽകാനും ഇരുപത്തി നാലു മണിക്കൂറും സജ്ജമായിരുന്ന ഗിരിജ ഉദയന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരത്തിനും ചടങ്ങ് സാക്ഷ്യം വഹിച്ചു.

കൈരളി ടി വി യിൽ പല ഘട്ടങ്ങളിലായി റിപ്പോർട്ട് ചെയ്തിരുന്ന മലയാളി നഴ്സുമാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും ഇവരെല്ലാം സഹായകമായി.

ഹോളിഏഞ്ചൽ സ്കൂൾ ഡയറക്ടറും, സാമൂഹിക പ്രവർത്തകനുമായ ഉമ്മൻ ഡേവിഡ്, ലോക കേരള സഭാംഗം ടി എൻ ഹരിഹരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ പ്രത്യേക ഉപഹാരം മുംബൈ ക്ലസ്റ്റർ ഹെഡ് രാജീവ് കുറുപ്പ് അന്ധേരി ബ്രാഞ്ച് മാനേജർ രാജി തുടങ്ങിയവർ ചേർന്ന് മന്ത്രിക്ക് കൈമാറി.

സാമൂഹിക പ്രവർത്തകരായ ഖാദർ ഹാജി,ടി. എ ഖാലിദ്, സൈനുദ്ദീൻ , ജമാഅത് പ്രവർത്തകർ, തോമസ് ഓലിക്കൽ, കെ. ടി. നായർ, പി ഡി ജയപ്രകാശ്, രുഗ്മിണി സാഗർ, സതീഷ്, രാജൻ പണിക്കർ, ബിജു രാമൻ, ശശി നായർ, തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

പി ആർ സഞ്ജയ് ചടങ്ങുകൾ നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here