കൈരളി വാർത്ത തുണയായി; നിർധന കുടുംബത്തെ ചേർത്ത് പിടിച്ച് മുംബൈ മലയാളികൾ

0

കഴിഞ്ഞ ദിവസം കൈരളി ന്യൂസ് പ്രക്ഷേപണം ചെയ്ത ഒരു മലയാളി പെൺകുട്ടിയുടെ ദുരിത കഥയാണ് നഗരത്തിലെ മലയാളികൾ ഏറ്റെടുത്ത് ഇവർക്ക് സഹായവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇതോടെ കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കാൻ കഴിയുമെന്ന പ്രത്യാശയിലാണ് ഈ കുടുംബം.

ചെറുപ്രായത്തിൽ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്ന ഒരു മലയാളി പെൺകുട്ടിയുടെ ദുരിതകഥ കഴിഞ്ഞ ദിവസമാണ് കൈരളി ന്യൂസിൽ പ്രക്ഷേപണം ചെയ്തത്. ബി കോം ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ ഈ മിടുക്കിക്ക് തുടർപഠനം സ്വപ്നം പോലും കാണാൻ കഴിയാത്ത കടമ്പയായത് വീട്ടിലെ പ്രാരാബ്ധങ്ങളായിരുന്നു.

തളർന്ന് കിടപ്പിലായ അച്ഛന്റെയും സംസാര ശേഷിയും കേൾവി ശക്തിയും നഷ്ടമായ സഹോദരന്റെയും ഏക ആശ്രയമായ പെൺകുട്ടിക്ക് ഓൺലൈൻ ജോലിയിൽ നിന്നും കിട്ടുന്നത് തുച്ഛമായ വരുമാനമായിരുന്നു. ഇത് തികയാതെ വന്നതോടെയാണ് പാതയോരത്ത് തട്ടുകട തുടങ്ങാൻ തീരുമാനിച്ചത് .

ഭാരിച്ച ചികിത്സാ ചിലവും വീട്ടു വാടകയും കണ്ടെത്താനും വിശപ്പടക്കാനുമായി പാട് പെടുകയാണ് ഈ പാവം പെൺകുട്ടി. നിലവിലെ സാഹചര്യത്തിൽ ഓഫീസിൽ പോയി ജോലിയെടുക്കാൻ കഴിയാതെ പോയതോടെയാണ് വീട്ടിലിരുന്ന് തന്നെ ഓൺലൈൻ ജോലികൾ ചെയ്യുന്നത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ മറി കടക്കാനായി തുടങ്ങിയ വഴിയോരക്കച്ചവടവും കോവിഡ് പൊട്ടിപുറപ്പെട്ടതോടെ പ്രതിസന്ധിയിലായി. തട്ടുകടയിൽ നിന്ന് കിട്ടിയ ചെറിയ വരുമാനമായിരുന്നു ചികിത്സക്കും വീട്ടു വാടകക്കുമായി കരുതിയിരുന്നത്.

സുമനസ്സുകളുടെ സഹായം തേടിയുള്ള വാർത്തയോട് പ്രതികരിച്ച് നിരവധി പേരാണ് ഇവരെ സഹായിക്കാൻ മുന്നോട്ട് വന്നത്. സാമൂഹിക പ്രവർത്തകരായ ഡോ റോയ് ജോൺ മാത്യു, വർഗീസ് ഫിലിപ്പ്, ഗായകൻ ബാബുരാജ് മേനോൻ, മധു, തുടങ്ങിയവരാണ് ആദ്യ ദിവസം തന്നെ സഹായവുമായെത്തിയത്. താക്കുർളി ജനശക്തി, ജനപക്ഷം തുടങ്ങി വിവിധ സംഘടനകളും സഹായിക്കാനെത്തി. പ്രദേശവാസികളായ നിരവധി മലയാളികളും വീട്ടിലെത്തി സാന്ത്വനമേകി.

ബോറിവിലിയിൽ നിന്നും അംബിക നായർ, ഖാർഘറിൽ നിന്നും നിഷാ മധു, കല്യാണിൽ നിന്നും സുഗതൻ ദാമോദരൻ, ചെമ്പൂരിൽ നിന്ന് ഉദയഭാനു , മീരാ റോഡിൽ നിന്നും സുമേഷ്, ഗോരേഗാവിൽ നിന്നും ബാബു കെ പി തുടങ്ങി നിരവധി സുമനസ്സുകളും ഇവർക്ക് കൈത്താങ്ങായി

ഒരു ലക്ഷത്തോളം രൂപയാണ് കിടപ്പിലായ കുടുംബനാഥന്റെ ഡയാലിസിസ് ചെയ്യാൻ മാത്രം വേണ്ടിയിരുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ ചികിത്സക്ക് വേണ്ട പണം സമാഹരിക്കാൻ കഴിഞ്ഞ ആശ്വാസത്തിലാണ് കുടുംബം .

കേരളീയ കേന്ദ്ര സംഘടന, ഓൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ, പൻവേൽ മലയാളി സമാജം, ഡോംബിവ്‌ലി കേരളീയ സമാജം, താക്കുർളി മുത്തപ്പൻ ട്രസ്റ്റ് കേരളീയ കൾച്ചറൽ സൊസൈറ്റി, തുടങ്ങി നിരവധി സംഘടനകൾ ഇതിനകം സഹായ വാഗ്ദാനങ്ങൾ നൽകി ബന്ധപ്പെട്ടിട്ടുണ്ട്.

മഹാമാരിയിൽ ദുരിതത്തിലായ മലയാളി കുടുംബത്തിന് ചികിത്സാ സഹായം ലഭിക്കുവാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് മുംബൈ നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ എസ് ശ്യാംകുമാറും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here