കൈരളി ടി വിയിൽ വന്ന വാർത്തയിലൂടെയാണ് വഴിയോര കച്ചവടം ചെയ്ത് ഉപജീവനം തേടുന്ന വിദ്യാസമ്പന്നയായ മലയാളി പെൺകുട്ടി ലക്ഷ്മിയുടെ കഥ പുറം ലോകം അറിയുന്നത്.
മുംബൈയിലെ നിരവധി സംഘടനകളും സാമൂഹിക പ്രവർത്തകരുമാണ് ഇവർക്ക് സഹായങ്ങളുമായി മുന്നോട്ട് വന്നത്.
ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് കൈത്താങ്ങായി സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തന മികവ് പുലർത്തുന്ന ഓൾ ഇന്ത്യ മലയാളി അസോസിയേഷനും (എയ്മ) നിർധന കുടുംബത്തിന് സഹായങ്ങൾ എത്തിച്ചു നൽകി.
വിവരമറിഞ്ഞയുടനെ താക്കുർളിയിലെ കുടുംബവുമായി ബന്ധപ്പെട്ടാണ് ഇവർക്ക് വേണ്ട താൽക്കാലിക സാമ്പത്തിക സഹായം നൽകുവാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് എയ്മ-മഹാരാഷ്ട്ര സെക്രട്ടറി കെ.റ്റി. നായർ പറഞ്ഞു.
ദിവസേന സാധനങ്ങൾ വാങ്ങി കച്ചവടം നടത്തുന്ന കുടുംബത്തിന് ഒരുമിച്ച് സാധനങ്ങൾ വാങ്ങുവാനായി തൽക്കാലം 20,000/- രൂപയുടെ ചെക്കാണ് സംഘടന ഭാരവാഹികൾ വീട്ടിലെത്തി കൈമാറിയത്.
ലക്ഷ്മിയുടെ അച്ഛൻ വൈദ്യനാഥ അയ്യർ തളർന്ന് കിടപ്പിലാണ്. സഹോദരന് ചെറുപ്പത്തിൽ ന്യുമോണിയ ബാധിച്ച് സംസാരശേഷിയും കേൾവി ശേഷിയും നഷ്ടപ്പെട്ട അവസ്ഥയിലാണ്.
കുടുംബത്തിലെത്തി സഹായം കൈമാറാൻ കഴിഞ്ഞതിൽ എയ്മയ്ക്ക് ചാരിതാർഥ്യമുണ്ടെന്ന് വനിതാ വിഭാഗം ചെയർ പേഴ്സൺ അഡ്വക്കേറ്റ് പ്രേമ മേനോൻ പറഞ്ഞു. കൂടാതെ സംഘടനയുടെ ദേശീയ തലത്തിൽ സാമ്പത്തിക സഹായത്തിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും പ്രേമ മേനോൻ കൂട്ടിച്ചേർത്തു.
എയ്മ മഹാരാഷ്ട്രയെ പ്രതിനിധികരിച്ച് സെക്രട്ടറി കെ.റ്റി. നായർ, ദേശീയ അഡ്വൈസർ ഉപേന്ദ്ര മേനോൻ , ദേശീയ വനിത വിഭാഗം ചെയർ പേഴ്സൺ പ്രേമ മേനോൻ, കമ്മിറ്റി അംഗം പ്രശാന്ത് വെള്ളാവിൽ തുടങ്ങിയവരാണ് താക്കുർളിയിലെ വീട്ടിലെത്തി കുടുംബത്തിന് സാന്ത്വനമേകിയത്.

- മുംബൈ ടാലെന്റ്സ് സംഗീത മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
- കേറി വാ മക്കളെ ! നിലപാട് മയപ്പെടുത്തി ഉദ്ധവ് താക്കറെ
- മുകേഷ് അംബാനി റിലയൻസ് ജിയോ ഡയറക്ടർ സ്ഥാനം ഒഴിഞ്ഞു,
- കാവാലം നാരായണപ്പണിക്കരുടെ സ്മരണയുമായി ഷാർജയിൽ കാവാലസ്മൃതി 2022
- മലയാളം മിഷന് ഗൃഹസന്ദർശനമാസവും പ്രവേശനോത്സവവും