സേവന പാതയിലൂടെ ഹരിശ്രീ തുടങ്ങിയ യാത്രക്ക് 15 വർഷം

0

ഹരിശ്രീ ഭജൻ സമാജ്, എന്ന പേരിൽ 15 വർഷം മുൻപാണ് ഏപ്രിൽ മാസത്തിലെ വിഷു ദിവസം, കല്യാൺ അയ്യപ്പ ക്ഷേത്രത്തിൽ വച്ച് ഭദ്രദീപം തെളിയിച്ച് തുടക്കമിടുന്നത്.

സമൂഹത്തിലെ കഷ്ടതയനുഭവിക്കുന്നവരുടെയിടയിലേക്ക് ആശ്വാസത്തിന്റെ വെളിച്ചവുമായി ഇറങ്ങി വന്ന സംഘടന ഏറ്റെടുത്ത ദൗത്യവുമായി ആരവങ്ങളും ഘോഷങ്ങളുമില്ലാതെ സേവന പാതയിലൂടെ യാത്ര തുടരുകയാണ്. ഈ യാത്രയിൽ ഒട്ടേറെ നിർധനരുടെയും പാവപ്പെട്ടവരുടെയും ജീവിതത്തിലേക്ക് വെളിച്ചമായും സാന്ത്വനമായും കടന്ന് ചെല്ലുവാൻ കല്യാൺ ആസ്ഥാനമായ ഈ മലയാളി സംഘടനക്ക് കഴിഞ്ഞു.

14 വർഷം മുൻപ് അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ, ചേരി പ്രദേശങ്ങൾ, തെരുവിൽ കഴിയുന്ന അനാഥർ എന്നിവർക്ക് വേണ്ടി , ഒരു നേരത്തെയെങ്കിലും വിശപ്പ് മാറ്റുവാൻ ” ഹരിശ്രീ അഭയ് ” എന്ന പദ്ധതിയുടെ കീഴിൽ അന്നദാനം നൽകിക്കൊണ്ട് ഒരു കർമ്മ പദ്ധതി ആവിഷ്കരിച്ചു. അക്കാലത്ത് ഇത് പോലൊരു പദ്ധതി കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നില്ല. ഈ ദൗത്യത്തിൽ ഒട്ടേറെ ദാതാക്കൾ ഹരിശ്രീയുമായി കൈകോർക്കുകയുണ്ടായി. ഹരിശ്രീ ഇപ്പോഴും മാസത്തിൽ മൂന്ന് നാല് അന്നദാനം നടത്തിക്കൊണ്ട്, വിശപ്പിന്റെ വിളികൾക്ക് കാതോർക്കുന്നു.

“ഹരിശ്രീ അഭയ് ” എന്ന പദ്ധതിക്ക് കീഴിൽ പ്രതിമാസ പെൻഷൻ, പ്രതിമാസ ഭക്ഷണ സാധനങ്ങളുടെ വിതരണം, ചികിത്സാ സഹായം, സാമ്പത്തിക സഹായം , തൊഴിലുറപ്പ് പദ്ധതി എന്നിവ ആവിഷ്കരിക്കുകയും , ഇപ്പോഴും മുടക്കമൊന്നും കൂടാതെ സമൂഹത്തിലെ നിർദ്ധനരും പാവപ്പെട്ടവരുമായ ജനങ്ങൾക്ക് കൈത്താങ്ങായി നില കൊള്ളുകയും ചെയ്യുന്നു.

ഹരിശ്രീ , കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മേഖലയാണ് വിദ്യാഭ്യാസം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒട്ടേറെ കുട്ടികൾ പഠിക്കുന്നതിനാവശ്യമായ പഠനോപകരണങ്ങൾക്കും, ഫീസ് തുടങ്ങിയ സഹായങ്ങൾക്കും ഹരിശ്രീയെ സമീപിക്കുന്നുണ്ട്. വർഷം തോറും ഹരിശ്രീ 300-400 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കൊണ്ട് കുട്ടികളുടെ പഠിക്കുവാനുള്ള അഭിവാഞ്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഫീസ് കുടിശികയുള്ളവർക്ക് കാര്യങ്ങൾ വ്യക്തമായി അന്വേഷിച്ച് അറിഞ്ഞതിന് ശേഷം അർഹതയുള്ളവർക്ക് അവരവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നേരിട്ടെത്തി ഫീസ് കുടിശിക അടച്ച് അവരുടെ മുടങ്ങിയ പഠിത്തം പുനഃരാരംഭിക്കുവാൻ സഹായിക്കുന്നു.

ഹരിശ്രീ പ്രവർത്തകർ മഹാരാഷ്ട്രയുടെ ഉൾനാടൻ പ്രദേശങ്ങളായ മഹാഡ്‌, പോളാഡ്പൂർ , കരഞ്ചേ, ഘർഡി (ഷഹാപൂർ) തുടങ്ങിയ മലയോര പ്രദേശങ്ങളിൽ കിലോമീറ്ററുകളോളം കാൽ നടയായി പോയാണ് മലകളും കുന്നുകളും കയറിയിറങ്ങി വനവാസി കുടുംബങ്ങൾക്കും കുട്ടികൾക്കും ഭക്ഷണം, വസ്ത്രം, ഗ്രോസറി, പഠനോപകരണങ്ങൾ എന്നിവയും എല്ലാ വർഷവും എത്തിച്ചു നൽകുന്നത്.

കോവിഡിന് മുൻപ് ആരോഗ്യ മേള, മെഡിക്കൽ ക്യാമ്പുകൾ, നേത്ര ചികിത്സാ ക്യാമ്പുകൾ, തിമിര ശസ്ത്രക്രിയാ ക്യാമ്പുകൾ, ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് കൊണ്ട് പലപ്പോഴും സമൂഹത്തിലെ താഴെത്തട്ടിലുള്ളവർക്ക് ഒരു അഭയസ്ഥാനമാകുവാനും ഹരിശ്രീക്ക് കഴിഞ്ഞിട്ടുണ്ട്.

കോവിഡ്‌ 19 ന്റെ ഭീകര താണ്ഡവത്തിനിടയിലും കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം 2000 ഓളം തൊഴിൽ രഹിതരും പാവപ്പെട്ടവരുമായ ആളുകൾക്ക് താങ്ങും തണലുമായി കൂടെ നിൽക്കുവാൻ ഹരിശ്രീക്ക് കഴിഞ്ഞു. ഇപ്പോഴും കൂടുതൽ ആളുകളിലേക്ക് ഭക്ഷ്യ കിറ്റും സാമ്പത്തിക സഹായങ്ങളും എത്തിച്ചുക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ നാളുകളിൽ കേരളത്തിലും ഹരിശ്രീയുടെ സഹായം, ആവശ്യമുള്ളവരിൽ എത്തിക്കുവാനുള്ള പരിശ്രമങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്നു. കേരളത്തിൽ ചെയ്തിരുന്ന പ്രവർത്തനങ്ങൾ മഹാരാഷ്ട്രയിൽ എന്ന പോലെ കുറച്ച് കൂടി വിപുലീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഈ സന്നദ്ധ സംഘടന.

LEAVE A REPLY

Please enter your comment!
Please enter your name here