മ്യൂണിക് പുരസ്കാര നിറവിൽ മ്യൂസിക് മുമ്പേയുടെ “കൂട്ടുവേഷങ്ങൾ “

0

മികച്ച സംഗീത ഹ്രസ്വചിത്രത്തിനുള്ള ജർമ്മനിയിലെ മ്യൂണിക് പുരസ്കാരം ‘മ്യൂസിക് മുമ്പേ’യുടെ “കൂട്ടുവേഷങ്ങൾ” (Coactors) എന്ന സംഗീതഹ്രസ്വചിത്രം കരസ്ഥമാക്കി. വിദേശങ്ങളിൽ നിന്നുള്ള നിരവധി സംഗീത ഹ്രസ്വചിത്രങ്ങളെ പിൻതള്ളിയാണ് ഇന്ത്യയിൽ നിന്നുള്ള ഈ ഹ്രസ്വചിത്രത്തിൻ്റെ വിജയം.

പി കെ മുരളീകൃഷ്ണൻ രചിച്ച്, പള്ളിപ്പുറം സജിത്ത് സംഗീതം നൽകി ആലപിച്ച, “രാവിനെ പ്രിയതരമാക്കിയതെന്തിനു രാധികേ രാഗലോലേ…” എന്ന പദത്തിൻ്റെ ദൃശ്യാവിഷ്കാരമാണ് ഏഴ് മിനിട്ട് ദൈർഘ്യമുള്ള ഈ സിനിമ. രമേഷ് വർമ്മയാണ് സംവിധായകൻ.

സുനിൽ ലാൽ ചേർത്തല പശ്ചാത്തല സംഗീതമൊരുക്കി, ഉണ്ണികൃഷ്ണൻ യവനിക ക്രിയേറ്റിവ് പ്രൊഡ്യൂസറായ ഈ ഹ്രസ്വചിത്രത്തിൽ പ്രശസ്ത കഥകളി നടൻമാരായ ഫാക്ട് പത്മനാഭനും കോട്ടക്കൽ നന്ദകുമാരൻ നായരുമാണ് പ്രധാന വേഷങ്ങൾ ചെയ്തിട്ടുള്ളത്.

“രാവിനെ പ്രിയതരമാക്കിയ…. ” എന്ന പാട്ട്, കഥകളിയിലും മോഹിനിയാട്ടത്തിലും ഉപയോഗിക്കുന്ന “പദം” എന്ന ഗണത്തിൽ പെട്ടതാണ്.

ഒരുമിച്ചു കഴിഞ്ഞ മനോഹരമായ ഒരു പ്രണയകാലത്തിൻ്റെ ഓർമ്മകളുമായി നായിക തൻ്റെ കാമുകനെ
കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിനെക്കുറിച്ച് തൻ്റെ സഖിയോട് അവൾ പറയുന്ന കാര്യങ്ങളാണ് പാട്ടിൽ അടങ്ങിയിട്ടുള്ളത്. തൻ്റെ പ്രിയതമനുമായുള്ള ബന്ധവും വേർപാടും വിരഹവേദനയും അല്പം രതിവർണ്ണനയോടെത്തന്നെ വിവരിപ്പിക്കപ്പെടുന്നുണ്ട്.

രണ്ടു കഥകളി കലാകാരൻമാരുടെ സൗഹൃദവും (ഒരാൾ ആൺവേഷവും മറ്റൊരാൾ സ്ത്രീ വേഷവും കെട്ടുന്നവർ) അരങ്ങിലെ ഒരുമിച്ചുള്ള പ്രകടനവും, അവർ പിരിയുമ്പോഴുണ്ടാകുന്ന നിശബ്ദതയുമൊക്കെയാണ് കൂട്ടുവേഷങ്ങൾ (Coactors) എന്ന ഹ്രസ്വചിത്രത്തിൽ, ഈ പാട്ടിൻ്റെ പശ്ചാത്തലത്തോടെ വരച്ചിടുന്നത്.

ജീവിതവും മരണവുമുള്ള യാത്രയിൽ, ഈ കൂട്ടുവേഷക്കാർ യാഥാർത്ഥ്യങ്ങളെയും മിത്തിനേയും ഓരോ രാത്രികളിലും കൂടുതൽ കൂടുതൽ മിഴിവുള്ളതും ആഹ്ലാദപ്രദവും ആനന്ദദായകവുമാക്കി മാറ്റുന്നു. കമലദളം എന്ന ഒരു കഥകളി രംഗത്തിലൂടെ സംഭോഗശൃംഗാരപ്രദമായ വരികളെ വളരെ വൃത്തിയായി അവതരിപ്പിച്ച വഴി, സംവിധായകൻ തന്റെ വർഷങ്ങളായുള്ള ദൃശ്യകലകളിലെ അറിവ് പ്രദർശിപ്പിക്കുന്നു.

സിനിമേതര സംഗീത സംരംഭങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുകയും സ്വതന്ത്ര സംഗീതത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന, മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന “മ്യൂസിക് മുമ്പേ” എന്ന സ്വതന്ത്ര സംഗീത കൂട്ടായ്മ, രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ മുപ്പതിലധികം ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here