നേത്രാവതി ചതിച്ചു!; യാത്ര ചെയ്യാനാകാതെ നൂറു കണക്കിനാളുകൾ

0

റയിൽവെയുടെ കെടുകാര്യസ്ഥതയിൽ വലഞ്ഞത് ഇന്ന് കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടിയിരുന്ന നൂറു കണക്കിന് യാത്രക്കാരാണ്. അറ്റകുറ്റപണികൾക്ക് വേണ്ടിയുള്ള മെഗാ ബ്ലോക്ക് ചൂണ്ടിക്കാട്ടിയാണ് ഇന്ന് നേത്രാവതി പൻവേലിൽ നിന്നും പുറപ്പെടാൻ തീരുമാനിച്ചത്. ഇതോടെ പ്രതിസന്ധിയിലായത് കുർളയിലും താനെയിലും കാത്ത് നിന്നിരുന്ന നിരവധി യാത്രക്കാരാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള റയിൽവെയുടെ തീരുമാനം വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്.

വിവാഹാവശ്യത്തിനായി നാട്ടിലേക്ക് പുറപ്പെടാനിരുന്ന മകൻ കുർള ലോക് മാന്യ തിലക് ടെർമിനസിൽ എത്തിയപ്പോഴാണ് ട്രെയിൻ പൻവേലിൽ നിന്ന് പുറപ്പെടുന്ന വിവരമറിഞ്ഞതെന്നും ഇത് സംബന്ധിച്ച യാതൊരു അറിയിപ്പും ടിക്കറ്റ് ബുക്ക് ചെയ്ത തനിക്ക് ലഭിച്ചിരുന്നില്ലെന്നും അനിൽ മേനോൻ പരാതിപ്പെടുന്നു. തുടർന്ന് 5000 രൂപ മുടക്കിയാണ് ടാക്സിയിൽ പൻവേലിൽ എത്തി ചേർന്നത്. കുർളയിലെ സ്റ്റേഷൻ സ്റ്റാഫ് പോലും തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും 11.40നു പനവേലിൽ നിന്നും പുറപ്പെടുമെന്ന് പറഞ്ഞത് കൊണ്ടാണ് ടാക്സിയിൽ വലിയ വാടക കൊടുത്തു പോകേണ്ടി വന്നതെന്നും അനിൽ മേനോൻ പറയുന്നു.

അതേ സമയം പൻവേലിൽ നിന്നും യാത്രക്കാരില്ലാതെ നേത്രാവതി പുറപ്പെട്ടത് 12.50 നായിരുന്നു. ശരിയായ വിവരം യാത്രക്കാരുമായി പങ്ക് വയ്ക്കാതിരുന്നതാണ് ഈ ദുരവസ്ഥക്ക് കാരണമായി അനിൽ മേനോൻ ചൂണ്ടിക്കാട്ടിയത്. വിവരങ്ങൾ പങ്ക് വയ്ക്കുവാൻ ആധുനീക സൗകര്യങ്ങൾ എളുപ്പത്തിൽ ലഭ്യമായ കാലത്താണ് റയിൽവെ ഉദ്യോഗസ്ഥരുടെ ഉദാസീനത യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.

ട്രെയിൻ പുറപ്പെടുന്നതിന്റെ പുതിയ വിവരങ്ങൾ റെയിൽവേ എസ് എം എസ് വഴിയോ വാട്ട്സപ്പ് സംവിധാനങ്ങൾ വഴിയോ അറിയിക്കാതിരുന്നതാണ് പല യാത്രക്കാരെയും പ്രതിസന്ധിയിലാക്കിയത്. റയിൽവേയുടെ വെബ്സൈറ്റിലും 12 മണിക്ക് ശേഷമാണ് വിവരം നൽകുന്നത് . ഇതോടെ നിരവധി പേർക്കാണ് പൻവേലിൽ എത്തി ചേരാനാകാതെ യാത്ര റദ്ദാക്കേണ്ടി വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here