ബ്രോ ഡാഡി; അമിതപ്രതീക്ഷയില്ലാതെ കാണാവുന്ന കുടുംബചിത്രം (Review)

0

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രത്തിലും മോഹൻലാൽ തന്നെയാണ് നായകൻ. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും. ഈ സാദൃശ്യമൊഴിച്ചാൽ ആദ്യ ചിത്രമായ ലൂസിഫറുമായി ബ്രോ ഡാഡിയെ താരതമ്യം ചെയ്യാനാകില്ല.മലയാളിയുടെ മാറിയ ജീവിത പശ്ചാത്തലത്തിൽ വികസിക്കുന്ന തിരക്കഥയിലെ ചില പാളിച്ചകൾ ഒഴിച്ചാൽ ചിത്രം കണ്ടിരിക്കാം. എന്നിരുന്നാലും ഒരു സംവിധാകൻ എന്ന നിലയിൽ ആദ്യ ചിത്രത്തിൽ നൽകിയ പ്രതീക്ഷയെ ഉയർത്തുവാൻ പൃഥ്വിക്ക് കഴിഞ്ഞിട്ടില്ലെന്ന് വേണം പറയാൻ.

വലിയൊരു താരനിരയെ സാമാന്യം നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞത് മാത്രമാണ് സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജിന് അവകാശപ്പെടാവുന്ന നേട്ടം. ലാലു അലക്സ് ആദ്യാവസാനം ചിത്രത്തിൽ കോമഡിയിലും വൈകാരിക ഭാവങ്ങളിലും മികച്ചു നിന്നു.

തീരെ പുതുമകൾ ഇല്ലാതെ പ്രവചനാതീതമായ സന്ദർഭങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. വീട്ടിലിരുന്ന് സൗകര്യത്തിൽ കാണാമെന്ന കാരണത്താൽ കുടുംബ പ്രേക്ഷകർ ഒരു പ്രാവശ്യമെങ്കിലും കണ്ടിരിക്കുമെന്നതാണ് ചിത്രത്തെ ഭദ്രമാക്കുന്നത്. കരിക്ക് തുടങ്ങിയ യൂട്യൂബ് സംരംഭങ്ങൾ സമർഥമായി തിരക്കഥയോട് ചേർത്ത് വയ്ക്കുന്ന അഡ്വെർട്ടോറിയൽ സാധ്യതകളും ചിത്രം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും ഒരു തമാശപ്പടത്തിന് അവകാശപ്പെടാവുന്ന കോമഡി മുഹൂർത്തങ്ങൾ സ്വാഭാവികമായി ഒരുക്കുവാൻ തിരക്കഥക്കായില്ല. മുൻ നിര പരസ്യ കമ്പനിക്കാർ തയ്യാറാക്കിയ പ്രമോകൾ പകർന്നാടിയ പ്രതീക്ഷയും സിനിമ കാണുന്നതോടെ പ്രേക്ഷർക്ക് നഷ്ടമാകുന്നു. രഹസ്യങ്ങൾ സൂക്ഷിക്കാൻ അറിയാത്ത പരസ്യ മേഖല പശ്ചാത്തലമാക്കിയാണ് തിരക്കഥ വികസിക്കുന്നത്.

അഭിനേതാക്കളുടെ പ്രകടനത്തിന്റെ ബലം കൊണ്ടാണ് ചിത്രം വലിയ ഇഴച്ചിലില്ലാതെ ആദ്യ പകുതി വരെ മുന്നോട്ട് പോകുന്നത്. എന്നാൽ രണ്ടാം പകുതി കുറെ വലിച്ച് നീട്ടിയതായി ഫാൻസ്‌ ഒഴിച്ചുള്ള സാധാരണ സിനിമാസ്വാദകർക്ക് അനുഭവപ്പെട്ടേക്കാം.

താരങ്ങൾ പാടുമ്പോൾ

ഇട്ടിമാണിക്ക് ശേഷം അതേ ഈണത്തിൽ വീണ്ടും മോഹൻലാൽ പാട്ടൊരുക്കി സ്കോർ ചെയ്യുകയാണ് ദീപക് ദേവ്. മോഹൻലാലും പൃഥ്വിരാജും ചേർന്നാണ് ശീർഷക ഗാനം ആലപിച്ചിരിക്കുന്നത്. താരങ്ങൾ പാടുമ്പോൾ സംഗതികൾ ഇല്ലെങ്കിലും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നത് കൊണ്ടാകാം പല സിനിമകളിലും ഇതൊരു ശീലമായി മാറിക്കഴിഞ്ഞു. എടുത്തു പറയേണ്ട മറ്റൊന്ന് പശ്ചാത്തല സംഗീതത്തിനായി കടമെടുത്ത കാർട്ടൂൺ സ്‌കോറുകളാണ് . ടൈറ്റിൽ ആനിമേഷനുകൾ പ്രത്യേക പരാമർശം അർഹിക്കുന്നു.

ദൃശ്യാനുഭവം

മറ്റൊരു പ്രധാന ഘടകം ഛായാഗ്രഹണമാണ് . അഭിനന്ദന്‍ രാമാനുജന്റെ ഫ്രയിമുകൾ നല്ലൊരു ദൃശ്യാനുഭവം പകർന്നാടുന്നു. ഒരിക്കലെങ്കിലും ചിത്രം തീയേറ്റർ മിസ്സ് ചെയ്യുന്നതായി അനുഭവപ്പെടുന്നതും മനോഹരമായ ദൃശ്യങ്ങളിലൂടെ കടന്നു പോകുമ്പോഴാണ്.

ആന്റണിയുടെ മാസ്സ് എൻട്രി

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ‘ബ്രോ ഡാഡി’ നിര്‍മ്മിച്ചിരിക്കുന്നത്. മോഹൻലാൽ ചിത്രങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ആന്റണിയുടെ ഈ ചിത്രത്തിലെ മാസ്സ് എൻട്രിയും ശ്രദ്ധിക്കപ്പെടുന്നതാണ്.

ഒരു സമ്പൂർണ്ണ ഫാമിലി എന്റർടെയ്‌നറായ ബ്രോ ഡാഡിയിൽ മീനയും കല്യാണി പ്രിയദർശനും നായികമാരായി പ്രത്യക്ഷപ്പെടുന്നു

ലാൽ ബ്രാൻഡിന് പുത്തനുണർവ്

ജോൺ കാറ്റാടി എന്ന കഥാപാത്രത്തിലൂടെ സ്വാഭാവിക നർമ്മവുമായി മോഹൻലാൽ തന്റെ അഭിനയ വൈദഗ്ദ്യം ഒരിക്കൽ കൂടി തെളിയിക്കുന്നു. ലാൽ ബ്രാൻഡിന് മരയ്ക്കാറിലുണ്ടായ വലിയ കോട്ടം കുറച്ചെങ്കിലും ഭേദപ്പെടുത്താൻ ഈ കുടുംബ ചിത്രത്തിലൂടെ പൃഥ്വിരാജിന് കഴിഞ്ഞെന്ന് പറയാം. ഈശോ ജോൺ കാറ്റാടി എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും ലാലിസത്തെ ആഘോഷമാക്കുന്നു. തന്റെ പരുക്കൻ ഇമേജ് വെടിഞ്ഞു നർമ്മത്തിലേക്ക് ചുവട് മാറുവാനുള്ള ശ്രമം പാളിപ്പോയില്ല എന്ന് വേണം പറയാൻ.

കല്യാണി ; പുതിയ പ്രതീക്ഷ

അതിശയിപ്പിക്കുന്ന സ്‌ക്രീൻ പ്രസൻസും മോഹൻലാലുമായുള്ള അസാധാരണമായ കെമിസ്ട്രിയും കൊണ്ട് മീന വീണ്ടും മതിപ്പുളവാക്കി. കല്യാണി പ്രിയദർശനാകട്ടെ, നിലവിൽ ഇൻഡസ്ട്രിയിലുള്ള പുത്തൻ പ്രതീക്ഷയായി പ്രേക്ഷക പ്രീതി നേടുന്നു. സംസാരത്തിലും ശരീരഭാഷയിലും കല്യാണി പ്രസരിപ്പിക്കുന്ന നിഷ്കളങ്കതയും സത്യസന്ധതയും ശ്രദ്ധ നേടുന്നു.

സ്കോർ ചെയ്തത് ലാലു അലക്സ്

എന്നിരുന്നാലും ഇതൊരു ലാലു അലക്സ് ചിത്രമാണെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. നർമ്മവും വൈകാരിക രംഗങ്ങളിലും അതിശയകരമായ പ്രകടനത്തിലൂടെ തന്റെ സഹതാരങ്ങളെ പൂർണ്ണമായും മറികടന്നത് ലാലു അലക്സാണ്. സൗബിൻ ഷാഹിറിന്റെ പ്രകടനം നിലവാരം പുലർത്തിയില്ല. പക്വതയാർന്ന റോളിൽ ജഗദീഷ് അതിശയിപ്പിച്ചു. കനിഹ, മല്ലിക സുകുമാരൻ, ചാൾ, ജാഫർ ഇടുക്കി, ഉണ്ണി മുകുന്ദൻ, കാവ്യ ഷെട്ടി, സിജോയ് വർഗീസ്, തുടങ്ങിയ മറ്റ് താരങ്ങൾ അവരവരുടെ റോളുകളിൽ മികച്ചു നിന്നു.

ബ്രോ ഡാഡി ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here