കൈരളി വാർത്ത; മഹിളാ സമിതി സ്കൂൾ പൂർവ്വ കാല വിദ്യാർഥികളും സഹായം നൽകി

0

താക്കുർളി മഹിളാ സമിതി സ്കൂളിലെ പൂർവ്വ കാല വിദ്യാർത്ഥികളുടെ കൂട്ടായ്മയും മലയാളി കുടുംബത്തിന് സഹായവുമായി രംഗത്തെത്തി. അസ്സോസിയേഷൻ ചെയർമാൻ ഉണ്ണികൃഷ്ണൻ കുറുപ്പ്, സെക്രട്ടറി ഷാജി മാത്യു, ട്രെഷറർ അജിത് കുമാർ, ചിദംബരം, ബന്ധു ഘോഷാൽ കൂടാതെ താനെയിൽ നിന്ന് രാഘവൻ എന്നിവരാണ് വീട്ടിലെത്തി ചികിത്സാ സഹായം കൈമാറിയത്.

എയ്‌മ മഹാരാഷ്ട്രയും ദേശീയ വനിതാ വിഭാഗവും ചേർന്ന് ഒരു ലക്ഷത്തോളം രൂപ സമാഹരിച്ച് നൽകിയതായി അഡ്വ പ്രേമാ മേനോൻ അറിയിച്ചു. ഗോവ, ഒറീസ, ഗുജറാത്ത്, തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി വനിതകൾ സഹായങ്ങൾ ബാങ്ക് വഴി നേരിട്ട് നൽകുകയായിരുന്നു.

മുഹമ്മദ് റാഫി ഫൗണ്ടേഷൻ ഇതിനകം ഒന്നര ലക്ഷത്തോളം രൂപ ചികിത്സാ സഹായമായി നൽകിയതും കുടുംബത്തിന് വലിയ കൈത്താങ്ങായി.

അഞ്ചു വർഷമായി കിടപ്പിലായിരുന്ന കുടുംബനാഥന്റെ ഓപ്പറേഷൻ വിജയകരമായി നടത്താൻ കഴിഞ്ഞതിലും ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരുവാൻ കഴിഞ്ഞതിലുമുള്ള സന്തോഷത്തിലാണ് മലയാളി കുടുംബം. മകളുടെ ഓൺലൈൻ ജോലിയിൽ നിന്നും കിട്ടിയിരുന്ന തുച്ഛമായ ശമ്പളം മാത്രമായിരുന്നു ഇവരുടെ ഏക വരുമാനം. ചികിത്സക്കും വാടകക്കും പൈസ തികയാതെ വന്നപ്പോഴാണ് ബിരുദധാരിയായ പെൺകുട്ടി വഴിയോരത്ത് തട്ടുകട നടത്തി പണം കണ്ടെത്തിയത്. എന്നാൽ കോവിഡ് പൊട്ടിപുറപ്പെട്ടതോടെ ജീവിതം തകിടം മറിയുകയായിരുന്നു.

കൈരളി ന്യൂസ് പ്രക്ഷേപണം ചെയ്ത ഇവരുടെ അതിജീവനത്തിന്റെ കഥയാണ് മുംബൈ മലയാളികൾ ഏറ്റെടുക്കുകയും വിവിധ കോണുകളിൽ നിന്നായി സഹായങ്ങൾ ഒഴുകിയെത്തിയതും.

LEAVE A REPLY

Please enter your comment!
Please enter your name here