നേത്രാവതിയും മത്സ്യഗന്ധയും സേവനം ബന്ധിപ്പിക്കുന്നു; സമയക്രമത്തിൽ മാറ്റമുണ്ടാകും

0

തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്‌പ്രസും മംഗളൂരു-മുംബൈ മത്സ്യഗന്ധ എക്സ്‌പ്രസുമാണ് ഇന്റർ ലിങ്ക് ചെയ്ത് സർവീസ് നടത്താൻ റെയിൽവേ തയ്യാറെടുക്കുന്നത്.

രണ്ടു വണ്ടികളും നാലുവീതം റേക്കുകളുമാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇന്റർ ലിങ്ക് ചെയ്യുന്നതോടെ ഏഴ് റേക്കുകൾ കൊണ്ട് രണ്ടു വണ്ടികളും ഓടിക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടമെന്ന് റെയിൽവേ പറയുന്നു. ഇതുവഴി ഒരു റേക്ക് ലാഭിക്കാനാവും. ചെറിയ തോതിൽ വേഗം കൂട്ടുന്നതിനാൽ സമയക്രമത്തിലും വ്യത്യാസമുണ്ടാകും.

നിലവിൽ വൈകീട്ട് 4.45-ന് ലോക് മാന്യ തിലക് ടെർമിനസിലെത്തുന്ന നേത്രാവതി എക്സ്‌പ്രസ് അടുത്ത ദിവസം രാവിലെ 11.40-നാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. ഇതിനുപകരം രാവിലെ 7.40-നെത്തുന്ന മത്സ്യഗന്ധ എക്സ്‌പ്രസിന്റെ റേക്കുമായാണ് നേത്രാവതി എൽ.ടി.ടി.യിൽനിന്ന്‌ പുറപ്പെടുന്നത്. വൈകീട്ട് 4.45-ന് മുംബൈയിലെത്തുന്ന നേത്രാവതി വൈകീട്ട് 3.20-ന് മത്സ്യഗന്ധ എക്സ്‌പ്രസായി തിരിച്ചുവിടും. മുംബൈയിലെത്തുന്ന നേത്രാവതി മത്സ്യഗന്ധയായും മത്സ്യഗന്ധ നേത്രാവതിയായും തിരിച്ചുപോകും.

മത്സ്യഗന്ധ മംഗളൂരുവിലെത്തിയശേഷം തിരുവനന്തപുരം എക്സ്‌പ്രസായി ഓടുന്നുമുണ്ട്. മുംബൈയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പായെത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്ന്‌ നേത്രാവതി രാവിലെ 9.15-നുപകരം ഒന്നര മണിക്കൂറോളം നേരത്തേ പുറപ്പെടും. വൈകീട്ട് മുംബൈയിലെത്തുന്ന നേത്രാവതി എക്സ്‌പ്രസിന്റെ റേക്ക് ഏകദേശം 19 മണിക്കൂറാണ് യാഡിൽ വെറുതേ കിടക്കുന്നത്. മത്സ്യഗന്ധയുടെ റേക്ക് ഏഴുമണിക്കൂറും. പുതിയ പദ്ധതിയോടെ റേക്കുകൾ വെറുതേ ഇടേണ്ട അവസ്ഥയും ഒഴിവാക്കാനാകും. ഇത് മറ്റുവണ്ടികൾ ഇടാനുള്ള സൗകര്യവുമൊരുക്കും. രണ്ടു വണ്ടികളുടെയും പ്രധാന അറ്റകുറ്റപ്പണി നടക്കുന്നത് തിരുവനന്തപുരത്താണ് എന്ന സൗകര്യവുമുണ്ട്. കൊങ്കൺ പാതയിൽ ജൂൺ മാസം മൺസൂൺ സമയക്രമം ആരംഭിക്കുന്നതിനാൽ ഒക്ടോബറിനു ശേഷമായിരിക്കും നടപ്പാക്കുകയെന്നും റെയിൽവേ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here