കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ച സാഹചര്യത്തിൽ ഇക്കുറി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പൊങ്കാല മഹോത്സവങ്ങളിൽ നൂറു കണക്കിന് ഭക്ത ജനങ്ങൾ പൊങ്കാല സമർപ്പിക്കാനെത്തി.
പ്രധാനമായും കല്യാൺ, അംബർനാഥ് , പൻവേൽ , ഡോംബിവ്‌ലി തുടങ്ങിയ സ്ഥലങ്ങളിലായാണ് വിവിധ സംഘടനകളുടെ മേൽനോട്ടത്തിൽ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചത്.
പോയ വർഷത്തെ അപേക്ഷിച്ച് നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടെങ്കിലും പല കേന്ദ്രങ്ങളിലും ആഘോഷങ്ങൾ കുറവായിരുന്നു. പൻവേലിൽ ആറ്റുകാൽ പൊങ്കാല ഒമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇക്കുറിയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലപ്പൊങ്കാലയായി ഒരു കലത്തിൽ മാത്രം പൊങ്കാലയിട്ടായിരുന്നു ആഘോഷങ്ങൾ.
അംബർനാഥ് നവരെ പാർക്കിൽ നടന്ന 12മത് പൊങ്കാല മഹോത്സവ ചടങ്ങുകൾക്ക് ശ്രീ രാമദാസ ആശ്രമം മഠാധിപതി ബ്രഹ്മശ്രീ കൃഷ്ണാനന്ദ സരസ്വതി കാർമികത്വം വഹിച്ചു.
ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി അഗ്‌നിപകർന്ന സമയത്ത് തന്നെയാണ് മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പൊങ്കാല മഹോത്സവങ്ങളിലും തിരി പകർന്നത്.
വർഷം തോറും ആയിരങ്ങൾ പങ്കെടുക്കുന്ന അംബർനാഥിലെ പൊങ്കാല മഹോത്സവം ഇക്കുറിയും പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ടാണ് ചടങ്ങുകൾ പൂർത്തിയാക്കിയതെന്ന് എം.പി.അജയ് കുമാർ പറഞ്ഞു.
പ്രസിഡന്റ് അജയകുമാർ,വൈസ് പ്രസിഡന്റ് കെ എൻ രാജൻ, സെക്രട്ടറി മോഹൻദാസ്, വിജയൻ പണിക്കർ, പൊങ്കാല കൺവീനർ ഷണ്മുഖൻ, വനിതാ സംഘം പ്രസിഡന്റ് മണി മധുസൂദനൻ മനില അജയകുമാർ, യൂത്ത് വിങ് പ്രതിനിധികളായ അക്ഷയ് ലക്ഷ്മൺ, അഖിൽ അജയകുമാർ, അഭിരാമി അഖിൽകുമാർ, വിഷ്ണു തുടങ്ങിയവർ നേതൃത്വം നൽകി.
എന്നിരുന്നാലും രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ജീവിതവും ആഘോഷങ്ങളും തിരിച്ചെത്തുന്ന സന്തോഷത്തിലാണ് ഭക്ത ജനങ്ങളും
ജീവിതത്തിൽ സന്തോഷത്തിനും ഐശ്വരത്തിനുവേണ്ടി ശക്തി സ്വരൂപിണിയായ ആറ്റുകാൽ ഭഗവതിക്ക് ഭക്തജനങ്ങൾ സമർപ്പിക്കാറുള്ള ഏറ്റവും മഹത്തായ വഴിപാടായ പൊങ്കാല അർപ്പണത്തിന്റെ ചുവടുപിടിച്ചായിരുന്നു മുംബൈയിലും പൊങ്കാല മഹോത്സവം നടന്നത്
ഡോംബിവ്‌ലി
ഡോംബിവ്‌ലി കോപ്പർ ഗാവ് ദേവീ ക്ഷേത്രത്തിൽ നടന്ന പൊങ്കാല മഹോത്സവത്തിൽ നൂറു കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു.

രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ആരംഭിച്ച ആഘോഷ പരിപാടികളിൽ 8.30 ന് ചെണ്ടമേളവും തുടർന്ന് 10.20ന് പൊങ്കാല അടുപ്പിൽ അഗ്നി പകർന്ന് പൊങ്കാല സമർപ്പണവും നടന്നു. 11.00 മണിക്ക് ദേവീ സ്തുതികളോട് കൂടിയ ഭക്തി ഗാനങ്ങൾക്ക് ശേഷം പൊങ്കാല നിവേദ്യവും തുടർന്ന് അന്നദാനവും നടന്നു.
കല്യാൺ

കല്യാണിലെ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും സംഘടിപ്പിക്കുന്ന പൊങ്കാല മഹോത്സവത്തിൽ നൂറു കണക്കിന് ഭക്ത ജനങ്ങൾ ജെറി മെറി മൈതാനത്തെത്തി പൊങ്കാല സമർപ്പിച്ചു.
പനവേൽ
പൻവേലിൽ ആറ്റുകാൽ പൊങ്കാല ഒമ്പതാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇക്കുറി കോവിഡ് മാനദണ്ഡങ്ങളുടെ നിയന്ത്രണങ്ങളിൽ തലപ്പൊങ്കാലയായി ഒരു കലത്തിൽ മാത്രം പൊങ്കാല സമർപ്പിച്ചു

ഹിന്ദു സേവാസമിതി, ശ്രീ അയ്യപ്പസേവാ സംഘം പൻവേൽ, ജയ് അംബേ ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ആറ്റുകാൽ പൊങ്കാല സംഘടിപ്പിച്ചത്
ഗോരേഗാവ്

ഗോരേഗാവ് ബങ്കുർ നഗർ അയ്യപ്പ ക്ഷേത്രങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു ചടങ്ങുകൾ നടന്നത്. ആറ്റുകാൽ ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങളോടെ തന്നെയാണ് ഇവിടെയും ആചാരങ്ങളോടെ പണ്ടാരയടുപ്പിലേക്ക് തിരി പകർന്നത്.
- കേരള കാത്തലിക് അസോസിയേഷൻ നിർധന വിദ്യാർത്ഥികൾക്ക് സൗജന്യ നോട്ട് ബുക്ക് വിതരണം ചെയ്തു
- നവി മുംബൈയിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു
- ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ട് വേൾഡ് മലയാളി കൌൺസിൽ
