പതിവ് പോലെ അയാൾ രാവിലെ ആറ് മണിക്ക് ഉണർന്നു. 7.30 ന് ശേഷം ട്രെയിനിലൊക്കെ ഭയങ്കര തിരക്കായിരിക്കും. അതിനാൽ നേരത്തെ വണ്ടി പിടിച്ചാൽ ഊര വയ്ക്കാനുളള സ്ഥലം കിട്ടും. ബ്രഷ് എടുത്ത് പല്ല് തേച്ചു . ഒരു അണപല്ലിന് ചെറിയ പോട് വന്നിട്ട് കുറെ ദിവസമായി. അടപ്പിക്കണം എന്ന് കരുതി കരുതി അതിപ്പോൾ പി ഡബ്ല്യു ഡി റോഡ് പോലെ ആയിരിക്കുന്നു. ഇനി റിപ്പയർ നടക്കും എന്ന് തോന്നുന്നില്ല. ഒന്നും നേരത്തും കാലത്തും ചെയ്യാൻ സമയമില്ലാത്ത നഗര ജീവികൾ.
കണ്ണാടിക്ക് മുന്നിൽ ചെന്ന് താടി തടവി തിരിച്ചും മറിച്ചും നോക്കി. ഷേവ് ചെയ്യണോ? ഇന്നലെ ചെയ്തതാണ് . സാരല്യ… നാളെയാവാം ഇനി. അയാൾ തോർത്തെടുത്ത് ബാത് റൂമിലേക്ക് നടന്നു. കുളി എന്നത് ഒരധികപറ്റായിരിക്കുന്നു. സോപ്പ് തേക്കൽ ഒരാചാരവും .
കുളി കഴിഞ്ഞ് ഭഗവാന്റെ മുന്നിൽ കൈകൂപ്പി. തൊഴുത് നിൽക്കുമ്പോഴും ലോൺ, ഗ്യാസ് , ഇലക്ട്രിക് ബിൽ, റെയിൽവേ പാസ് ഇതൊക്കെയാണ് മനസ്സിൽ . വെറുതെ ഭഗവാനെ പറ്റിക്കാനൊരു അഭിനയം.
നിന്ന് കൊണ്ടു തന്നെ ചായ കുടിച്ചെന്ന് വരുത്തി. വീട്ടിൽ എങ്ങനെയുണ്ടാക്കിയാലും തട്ടുകടയിലെ കട്ടിങിന്റെ രുചിയില്ല ചായക്ക്. അല്ലെങ്കിലും മുംബൈ വാസികൾക്ക് വിടെന്നത് രാത്രി തല ചായ്ക്കാനുളള ഒരു വിശ്രമ സങ്കേതമാണല്ലോ .
ബാഗെടുത്ത് ചവിട്ടുപടികൾ ചാടിയിറങ്ങുമ്പോഴാണ് ഓർത്തത്. മോബൈൽ എടുത്തില്ല.. മനുഷ്യന്റെ ആറാമിന്ദ്രിയമാണ് മോബൈൽ , ശ്വസിക്കാൻ മറന്നാലും അത് മറക്കാൻ പാടില്ല. ഒരു ചെറിയ മറവി കൊണ്ട് പതിവ് ട്രെയിൻ പോയിക്കാണും . അയാൾ റോഡിലിറങ്ങി വരുന്ന റിക്ഷകൾക്കെല്ലാം കൈ കാണിച്ചു. അവർ അയാളെ ഗൗനിക്കാതെ ചിറി കോട്ടി റിക്ഷയുടെ സ്പീഡ് കൂട്ടി.
നടന്ന് കൊണ്ട് തന്നെ റിക്ഷയ്ക്ക് കൈ കാണിച്ച് സ്റ്റേഷനിൽ എത്തിയത് അയാളറിഞ്ഞില്ല. ഏതായാലും ട്രെയിൻ പോയി. മണി 7.45 ആയിരിക്കുന്നു. ഇനിയുളള വണ്ടികളിൽ വലിയ തിരക്കായിരിക്കും. സ്ലോ വണ്ടി പിടിക്കുന്നതാണ് ബുദ്ധി.. അതിൽ അൽപ്പം തിരക്ക് കുറവായിരിക്കും. പ്ലാറ്റ് ഫോമിലേക്ക് ഓടുമ്പോൾ അനൗൺസ്മെന്റ്. സി എസ് ടി യിലേക്കുള്ള എല്ലാ സ്ളോ ട്രെയിനുകളും 15 മുതൽ 20 മിനിട്ട് വരെ ലേറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്നു. അസുവിധാ കേലിയെ ഹമേ ഖേദ് ഹൈ . എന്തൊരു വിനയം. ലേറ്റായതിന് ഒരു കാരണവും പറയാതെ ചുമ്മാ ഒരു ക്ഷമാപണം.
പത്ത് മണിക്ക് ഒരു മീറ്റിംഗ് ഉള്ളതാണ് . ചെന്നിട്ട് വേണം അതിനുള്ള പേപ്പറുകൾ തയ്യാറാക്കാൻ. ഓഫീസ് ഫുൾ സ്വിങ്ങിൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. പലരും ഇപ്പോഴും വർക്ക് ഫ്രം ഹോം ആണ്. വല്ല അർജന്റ് ജോലിയോ മീറ്റിംഗുകളോ ഉള്ളപ്പോൾ മാത്രമാണ് ഓഫീസിൽ സ്റ്റാഫിനെ വിളിക്കുന്നത്. ഒരു മിനിട്ടിന്റെ മറവികൊണ്ട് നഷ്ടപ്പെട്ടത് ഏകദേശം ഒരു മണിക്കൂർ ആണ്. മഹാ നഗരത്തിലെ നഷ്ടങൾ എല്ലാം ഒരു നിമിഷത്തിലെ ചെറിയ തെറ്റുകളോ അബദ്ധങ്ങളോ ആണല്ലോ. ഒരു കൈ അബദ്ധം, ഒരു മറവി, ചെറിയൊരു അശ്രദ്ധ . ജീവൻ പോലും തുലാസിലാടുന്ന ഞാണിൻമേൽ കളി.
പ്ലാറ്റ്ഫോം എന്നത് മുംബൈയിലെ പതിവ് യാത്രികർക്ക് മരുപ്പച്ച പോലെയാണ്. സ്ളോ ട്രെയിൻ പിടിക്കാൻ നിൽക്കുമ്പോൾ ഫാസ്റ്റിൽ തിരക്കില്ല എന്ന് തോന്നും. അങ്ങോട്ട് ഓടി ചെന്നാൽ സ്ളോ പ്ലാറ്റ്ഫോമിൽ ഒരാളുമില്ലാത്ത പോലെ തോന്നും.
പ്ലാറ്റ്ഫോമിൽ സൂചി കുത്താനിടമില്ല. (എന്തിനാണ് പ്ലാറ്റ്ഫോമിൽ സൂചി കുത്തുന്നത് എന്ന് ചോദിക്കരുത്.. അതൊരു നാടൻ പ്രയോഗമാണ് ) . അതിനിടയിൽ ഒരു ബോഗിയിൽ നാലോ അഞ്ചോ പേരുമായി ഒരു എ സി ട്രെയിനും പോയി. പീക്ക് അവറിൽ എസി ട്രെയിൻ ഓടിക്കുന്ന റെയിൽവേയുടെ ലോജിക് ഒട്ടും മനസ്സിലാകുന്നില്ല. ലോക് ഡൗണിൽ ആളുകൾ ജോലി നഷ്ടപ്പെടാതിരിക്കാൻ പാട് പെടുമ്പോൾ റെയിൽവേ ജനങ്ങളുടെ ലക്ഷ്വറിയെ കുറിച്ചാണ് ചിന്തിക്കുന്നത്. ഒരു പക്ഷെ എസി ട്രെയിനിന്റെ വാതിലുകൾ എടുത്ത് മാറ്റിയാൽ ആളുകൾ കയറുമായിരിക്കും.
മുംബൈവാസിക്ക് വാതിൽക്കൽ നിന്നും തൂങ്ങി നിന്നും യാത്ര ചെയ്യുന്ന ശീലം മാറ്റാൻ പറ്റുമോ ? എ സി വണ്ടിയിൽ നാലോ അഞ്ചോ സാധാരണ കോച്ച് ഘടിപ്പിച്ചാൽ അത് സ്ഥിരം യാത്രക്കാർക്ക് പ്രയോജനപ്പെടും.
ഉടനെ വന്ന ഒരു വണ്ടിയിൽ അയാൾ എങ്ങിനെയൊക്കെയോ കയറിപ്പറ്റി. പതിവ് വിയർപ്പ് ഗന്ധവും പേറി യാത്ര തുടർന്നു. പുറകിൽ നിന്ന് കേട്ടുമറന്ന ലോക്കൽ ട്രെയിനിലെ ദേശീയ ഗാനത്തിന്റെ ഈരടികൾ കാതുകൾക്ക് ഇമ്പമേകി ” ആഗെ ചലോ , അന്തർ ബഹുത് ഖാലി ഹൈ “
ഓടിപ്പിടിച്ച് ഓഫീസിൽ എത്തിയപ്പോൾ മണി പത്തര. ഭഗവാനെ, മീറ്റിംഗ് തുടങ്ങിക്കാണും . ഇനി ബോസിന്റെ വകയും കേൾക്കണം. നമ്മളുടെ ഒരു പകലിന്റെ ദുരിതങളൊന്നും അങ്ങോർക്ക് അറിയണ്ടല്ലോ. ഓഫീസിൽ ആരെയും കാണാനില്ല , എല്ലാവരും കോൺഫറൻസ് ഹാളിൽ മീറ്റിംഗിലാവും. ലാപ് ടോപ്പ് എടുത്ത് കോൺഫറൻസ് ഹാളിലേക്ക് ഓടിയപ്പോൾ അത് ലോക്കാണ്. ഇതെന്ത് പറ്റി. മീറ്റിംഗ് വെന്യൂ മാറ്റിയോ?
സീറ്റിൽ വന്ന് ലാപ് ടോപ്പ് ലോഗിൻ ചെയ്ത് മെയിൽ നോക്കിയപ്പോൾ രാത്രി ഒരു മണിക്ക് അയച്ച ബോസിന്റെ മെസേജ് (ഇങ്ങോർക്ക് ഉറക്കവും ഇല്ലേ )
Today’s Meeting is rescheduled for tomorrow. You may work from home today.
ഒരു പകൽ യാത്രയുടെ പര്യവസാനം . ഇനി ഈ അഭ്യാസങ്ങളൊക്കെ നാളെ വീണ്ടും ചെയ്യണം. അതിജീവനത്തിന്റെ നഗര വേഷങ്ങൾ.

Mob 8691034228