യുക്രൈനില്‍ നിന്നുള്ള രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ബുക്കാറെസ്റ്റിൽ നിന്ന് തിരിച്ച ആദ്യവിമാനം മുംബൈയിലെത്തിയപ്പോൾ 219 ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. രാത്രി 7 50 നാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം മുംബൈയിൽ ലാൻഡ് ചെയ്തത്. പത്തര മണിയോടെയാണ് മലയാളി വിദ്യാർഥികൾ പുറത്തിറങ്ങിയത്.
കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വിമാനത്താവളത്തിലെത്തി എല്ലാവരെയും സ്വീകരിച്ചു.

മലയാളി വിദ്യാർത്ഥികളെ സ്വീകരിക്കാൻ മുംബൈയിലെ നോർക്ക, കേരള ഹൌസ് പ്രതിനിധികളെ കൂടാതെ ലോക കേരള സഭാംഗങ്ങളായ ടി എൻ ഹരിഹരൻ, മാത്യു തോമസ്, പി ഡി ജയപ്രകാശ്, കാദർ ഹാജി, കൂടാതെ സാമൂഹിക പ്രവർത്തകരായ ജോജോ തോമസ്, വി കെ സൈനുദ്ദീൻ, രമേശ് കലമ്പൊലി തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു. മലയാളി വിദ്യാർഥികൾ ഇന്ന് കേരളത്തിലേക്ക് മടങ്ങും. ഇവരെ നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേകം ഏർപ്പെടുത്തിയ ബസ്സിൽ നവി മുംബൈയിലെ കേരളാ ഹൌസിൽ എത്തിച്ചു.
11 പേർ തിരുവനന്തപുരം. 11 പേർ കൊച്ചി 4 പേർ കോഴിക്കോട് വിമാനത്താവളങ്ങളിലായാണ് ഇന്ന് ജന്മനാടുകളിലേക്ക് മടങ്ങുക. വിദ്യാര്‍ത്ഥികളെ കേരള സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ എസ് ശ്യാംകുമാർ പറഞ്ഞു.
യുക്രൈനില്‍ നിന്നുള്ളവർക്ക് മുംബൈ വിമാനത്താവളത്തിൽ പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു. ഭക്ഷണവും വെള്ളവും സൗജന്യ വൈ ഫൈ സംവിധാനവും ലഭ്യമാക്കി
ഓപ്പറേഷന്‍ ഗംഗ’ എന്ന പേരിട്ട ദൗത്യത്തിന്റെ ആദ്യ ഘട്ടത്തില്‍ 219 യാത്രക്കാരാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള എല്ലാ നടപടികളും കേന്ദ്ര സർക്കാർ സ്വീകരിച്ചതായി മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. യുക്രൈനില്‍ നിന്നെത്തുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ മുംബൈയില്‍ പ്രത്യേക സൗകര്യമൊരുക്കിയിരുന്നു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കു സൗജന്യ കോവിഡ് പരിശോധന നടത്തും. വിവരങ്ങള്‍ തത്സമയം അറിയിക്കാന്‍ വാട്‌സാപ് ഗ്രൂപ്പും തയാറാക്കിയിട്ടുണ്ട്.
